തൃശൂര്‍:  കേരളത്തിലെ പുഷ്പകൃഷി മേഖലയുടെ വികാസത്തിന് സാങ്കേതിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് സിക്കിം ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പേമ ചോദന്‍ ഭൂട്ടിയ പറഞ്ഞു. ജൈവ കൃഷി സംസ്ഥാനമായ സിക്കിം പുഷ്പകൃഷിയിലും ഇന്ത്യയില്‍ മുന്‍ നിരയിലുള്ള സംസ്ഥാനമാണ്. 

തൃശൂരില്‍ നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയില്‍ എത്തിയ സിക്കിം ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പേമ ചോദന്‍ ഭൂട്ടിയ ഏറെ ആഹ്ലാദത്തിലായിരുന്നു. മേളയില്‍ സിക്കിമില്‍ നിന്നുള്ള കാര്‍ഷിക വിളകള്‍ പ്രദര്‍ശിപ്പിച്ചത് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി. പ്രളയാനന്തര കേരള പുനര്‍നിര്‍മാണ ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സമാശ്വാസമാകുന്ന പൂ കൃഷി മേഖലക്ക് എല്ലാ പിന്തുണയും പേമ ചോദന്‍ ഭൂട്ടിയ വാഗ്ദാനം ചെയ്തു.

സിക്കിമിലെ ഏറ്റവും മികച്ച ഓര്‍ക്കിഡ് പുഷ്പമായ സിമ്പീഡിയത്തിന് (cymbedium) ലോക വിപണിയില്‍ തന്നെ ഏറെ ആവശ്യക്കാരാണ് ഉള്ളത്. 90 രൂപ മുതല്‍ 150 രൂപ വരെ ഈ പുഷ്പത്തിന് വിലയുണ്ട്. സിക്കിമിലെ മുന്തിയ ഓറഞ്ചിന് ഒരു ഡസന് 150 രൂപ വിലയുണ്ട്. ഏലക്കയും ഇഞ്ചിയും മഞ്ഞളും സിക്കിമിലെ വിലയുള്ള വിളകളാണ്.

വൈഗ ഉന്നതി മേള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പരസ്പര സഹായം ലഭ്യമാക്കാനുള്ള വേള കൂടി ആകണം എന്ന് പേമ പറഞ്ഞു. കേരള കര്‍ഷക ക്ഷേമ വകുപ്പിന്റെ ഈ കര്‍ഷക ക്ഷേമപ്രവര്‍ത്തനം മാതൃകാപരമാണ് എന്നും പേമ വ്യക്തമാക്കി. അമ്പലവയലില്‍ നടന്ന അന്തരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിവലില്‍ സിക്കിം പങ്കെടുത്തോടെ കേരള കര്‍ഷകക്ഷേമ വകുപ്പുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള നടപടികളാണ് കൃഷി വകുപ്പ് വിഭാവനം ചെയ്യുന്നത്.

പുഷ്പകൃഷി മേഖലക്കൊപ്പം മൂല്യവര്‍ദ്ധന മേഖലകളിലും പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ വേണം എന്ന് പേമ ചോദന്‍ ഭൂട്ടിയ പറഞ്ഞു. സിക്കിം ഹോര്‍ട്ടികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ കര്‍മ മിന്‍ ഗുര്‍ ഭൂട്ടിയായും ജര്‍നാ ഗുരുങ്ങും വൈഗ ഉന്നതി കാംഷിക മേളയില്‍ പങ്കെടുക്കുന്നുണ്ട്.

തയ്യാറാക്കിയത് :  സി.ഡി.സുനീഷ്