പ്രളയാനന്തരം ജലാശങ്ങളില്‍ അടിഞ്ഞു കൂടിയ കുളവാഴയും പായലും നീക്കം ചെയ്യാന്‍ ചെലവ് കുറഞ്ഞ രീതിയുമായി ആലപ്പുഴ എസ്.ഡി. കോളേജ്. കുളവാഴ നീക്കാന്‍ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലൊഴുക്കുന്നതിനുപകരം അതുപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചാണ് ആലപ്പുഴ എസ്.ഡി. കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ അക്വാട്ടിക് റിസോഴ്സ് വിഭാഗം ശ്രദ്ധയാകാര്‍ഷിച്ചത്. സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ 2018-  മൂന്നാമത് അന്താരാഷ്ട്ര കാര്‍ഷികശില്പശാലയും പ്രദര്‍ശനവും-എന്നതിലാണ് പുതുമയും വ്യത്യസ്തമാര്‍ന്നതുമായ  എസ്.ഡി. കോളേജിന്റെ സ്റ്റാള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

കുളവാഴ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. മുട്ട വയ്ക്കാനുപയോഗിക്കുന്ന ട്രേ മുതല്‍ മ്യൂറല്‍ പെയിന്റിങ് ചെയ്യാന്‍ കഴിയുന്ന ക്യാന്‍വാസ് വരെ പ്രദര്‍ശനത്തിനുണ്ട്. 

എത്ര വലിയ ശബ്ദം പോലും കടത്തിവിടാന്‍ കഴിയാത്ത തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സൗണ്ട് അബ്സോര്‍ബിങ്ങ് ബോര്‍ഡ്, പാത്രങ്ങള്‍, മീനുകള്‍ക്കുള്ള ഭക്ഷണം, ജൈവവളമായി മാറ്റാവുന്ന ചെടിച്ചെട്ടികള്‍, പ്രകൃതിദത്തമായ പെയിന്റ്,  എന്ന് വേണ്ട മുന്‍ രാഷ്ട്രപതി എ. പി.ജെ. അബ്ദുള്‍ കലാമിന്റെ ശില്‍പ്പം വരെ പുതുമ നിറഞ്ഞതായി.

ജലാശയങ്ങള്‍ അധികമായ സ്ഥലങ്ങളിലെ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോള്‍ കുളവാഴ, ആഫ്രിക്കന്‍ പായല്‍ എന്നിവയില്‍ നിന്ന് വികസിപ്പിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രസക്തി കൂടും. പ്രളയത്തില്‍ അടിഞ്ഞു കൂടിയ വസ്തുക്കള്‍ നീക്കം ചെയ്യുക മാത്രമല്ല, ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് ഇതൊരു സ്വയംതൊഴിലുമാവുമെന്ന് കോളജില്‍ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന അസോസിയേറ്റ് പ്രഫ. ജി. നാഗേന്ദ്ര പ്രഭു.

 എഗ്ഗ് ട്രേ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക്ക് കൊണ്ടു നിര്‍മ്മിക്കുമ്പോള്‍ ശരിയായ സംസ്‌കരണം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ കുളവാഴ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ ഉല്‍പ്പന്നങ്ങള്‍ ജൈവികമായി നശിപ്പിക്കപ്പെടുന്നവയാണ്. ഇത് ഇവയുടെ സാധ്യത ഇരട്ടിയാക്കുന്നു. മൃദുവായ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ദൃഢമായ ഉത്പന്നങ്ങള്‍ വരെ ഇങ്ങനെ വികസിപ്പിച്ചെടുക്കാന്‍ കഴിയും. കുളവാഴ പള്‍പ്പാക്കി മാറ്റി അതുപയോഗിച്ച് കൗതുകവസ്തുക്കള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഫയല്‍ ബോര്‍ഡ്, ട്രേ തുടങ്ങിയവ നിര്‍മിക്കാം.  ചാണകവറളിയുടെ കൂടെ കത്തിക്കാനായി ഉപയോഗിക്കാനും കൂണ്‍ വളര്‍ത്താന്‍ വൈക്കോലിനുപകരമായും ചെടി വളര്‍ത്താന്‍ പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് പകരമായും കുളവാഴ ഉത്പന്നങ്ങള്‍ ഉപയോഗിക്കാം. ഉത്പന്നങ്ങള്‍ക്കനുസൃതമായിരിക്കും നിര്‍മ്മാണചെലവ്. 

ഇരുപത് വര്‍ഷം മുമ്പാണ് ഡോ.ജി. നാഗേന്ദ്രപ്രഭുവിന്റെ നേതൃത്വത്തിലുള്ള ടീം കുളവാഴയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എന്ന പരീക്ഷണത്തിന് തുടക്കമിടുന്നത്. 2011ല്‍ എസ്.ഡി കോളേജില്‍ ജലവിഭവഗവേഷണ കേന്ദ്രം ആരംഭിച്ചതോടെ കൂടുതല്‍ സൗകര്യമൊരുങ്ങി. തുച്ഛമായ ചെലവില്‍ ആര്‍ക്കും ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കാമെന്നതായതോടെ പ്രചാരമേറി. ആലപ്പുഴ നഗരസഭ, മുഹമ്മ പഞ്ചായത്ത്, കൊല്ലം കോര്‍പ്പറേഷന്‍, വിവിധ എന്‍.ജി.ഒ കള്‍ എന്നിവയുടെ സഹകരണത്തോടെ പരിശീലനക്ലാസുകള്‍ ആരംഭിച്ചു. സാധാരണക്കാര്‍ക്കൊപ്പം അംഗപരിമിതര്‍ക്കും ആലപ്പുഴ സബ് ജയില്‍ അന്തേവാസികള്‍ക്ക് കൂടി പരിശീലനം നല്‍കുന്നുണ്ട്. പ്രദര്‍ശനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക പരിശീലനത്തിനായി നീക്കി വെക്കുന്നു. 

കേരള സര്‍ക്കാരിന്റെ 2016 ലെ ഗ്രാമീണ സാങ്കേതിക വിദ്യ അവാര്‍ഡ് കോളേജിന്റെ ഈ പ്രോജക്ടിനായിരുന്നു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളേളിലെ മൂന്ന് എം.ടെക് വിദ്യാര്‍ത്ഥികള്‍ ഇവരുടെ പദ്ധതി മുന്‍നിര്‍ത്തി എക്കോലൂപ് 360 എന്ന പേരില്‍ ഒരു ആപ്പും ആരംഭിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: സി.ഡി സുനീഷ്‌

 

Content highlights: Agriculture, Vaiga 2018, Alappuzha S.D College