കോവിഡും ലോക്ഡൗണും കര്‍ഷകനാക്കുകയും അതില്‍ വിജയം കൊയ്യുകയും ചെയ്ത കഥയാണ് വര്‍ക്കല സ്വദേശി വിനോദ് നിര്‍മലിന്റേത്. ലോക്ഡൗണില്‍ നാട്ടില്‍ നില്‍ക്കേണ്ടിവന്നപ്പോള്‍ വിശാലമായ കുടുംബപുരയിടം വെട്ടിത്തെളിച്ച് ഏത്തവാഴക്കൃഷി നടത്തുകയാണ് ചെയ്തത്. വിളവെടുപ്പിന് പാകമായ നൂറിലധികം ഏത്തക്കുലകള്‍ വരുംദിവസങ്ങളില്‍ ഓണവിപണിയിലെത്തും. വര്‍ക്കല പുല്ലാന്നികോട് നാഥന്‍സ് വില്ലയില്‍ വിനോദ് നിര്‍മല്‍(47) യാദൃശ്ചികമായാണ് കൃഷിയിലേക്ക് തിരിയുന്നത്.

വിദേശത്ത് സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന വിനോദ് 2020 കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. ലോക്ഡൗണ്‍ കാരണം നാട്ടില്‍ തുടര്‍ന്നപ്പോഴാണ് കൃഷി എന്ന ആശയം മനസ്സിലുദിച്ചത്. ഭാര്യാപിതാവ് ക്യാപ്റ്റന്‍ ഗോപിനാഥന്‍ കര്‍ഷകനായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് 2020 ഓഗസ്റ്റിലാണ് കൃഷിക്ക് തുടക്കംകുറിച്ചത്.

കാടുമൂടിക്കിടന്ന പുരയിടം ആദ്യം വൃത്തിയാക്കി. തുടര്‍ന്ന് കൃഷിചെയ്യാനുള്ള ആഗ്രഹം വര്‍ക്കല കൃഷി ഓഫീസര്‍ രാധാകൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ബൈജു ഗോപാല്‍ എന്നിവരെ അറിയിച്ചു. അവരുടെ അകമഴിഞ്ഞ പിന്തുണയും നിര്‍ദേശങ്ങളും സ്വീകരിച്ച് ഏത്തവാഴക്കൃഷിയാണ് തുടങ്ങിയത്. മൂന്നേക്കര്‍ പുരയിടത്തില്‍ ആയിരത്തോളം വാഴക്കന്നുകളാണ് നട്ടത്. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. തൊട്ടടുത്ത വയലില്‍ നിന്നും സുലഭമായി വെള്ളം ലഭിക്കുന്നതിനാല്‍ ഡ്രിപ്പ് ഇറിഗേഷന്‍ രീതി നടപ്പിലാക്കി.

നൂറിലധികം കുലകള്‍ വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കര്‍ഷകദിനത്തില്‍ വിളവെടുപ്പ് തുടങ്ങി കുലകള്‍ ഓണവിപണിയിലെത്തിക്കുമെന്ന് വിനോദ് പറഞ്ഞു. വാഴയ്ക്കൊപ്പം കുരുമുളക് കൃഷി മാത്രമാണ് ഇപ്പോഴുള്ളത്. അടുത്ത വര്‍ഷം വാഴക്കൃഷി കൂടുതല്‍ വിപുലമാക്കാനാണ് ശ്രമം.