''വെറുതെയിരിക്കരുത് മക്കളേ... ഉള്ള മണ്ണില്‍ എന്തെങ്കിലും കുഴിച്ചിട്ട് വളര്‍ത്തണം''. ഇതാണ് കര്‍ഷകദിനത്തില്‍ ഫറോക്ക് മുന്നിലപ്പാടത്തെ വീണക്കാട്ട് പ്രഭാവതിക്ക് പറയാനുള്ളത്. റോഡരികിലെയും പറമ്പിലെയും കാട് മെഷീന്‍ ഉപയോഗിച്ച് വെട്ടുന്ന ജോലി ചെയ്യുന്ന പ്രഭാവതി നല്ല ജൈവകര്‍ഷക കൂടിയാണ്. സ്വന്തമായുള്ളത് നാല് സെന്റ് ഭൂമി മാത്രം. എന്നാല്‍ മണ്ണിനോടും കൃഷിയോടുമുള്ള കമ്പം കാരണം സുഹൃത്തുക്കളുടെ ഒഴിഞ്ഞ പറമ്പുകളിലാണ് കൃഷി. 

2005-ലാണ് അന്നത്തെ ഫറോക്ക് കൃഷിഓഫീസര്‍ വത്സരാജിന്റെ പ്രോത്സാഹനത്തെ ത്തുടര്‍ന്ന് കൃഷി ആരംഭിച്ചത്. രാവിലെ കാടുവെട്ടല്‍ ജോലികഴിഞ്ഞാല്‍ ഉച്ചയോടെ കൃഷിയിടത്തിലേക്ക് പോവും. കഴിഞ്ഞ വര്‍ഷം 1500 കിലോയിലധികം മഞ്ഞള്‍ വിളവെടുത്തു. തൊട്ടുപിന്നിലെ വര്‍ഷം കാഞ്ചന നെല്ലായിരുന്നു കൃഷി. അതിലും മികച്ച നേട്ടമുണ്ടാക്കി.

ഇപ്പോള്‍ മഞ്ഞളും കപ്പയുമാണ് വിളയിറക്കിയത്. പച്ചക്കറിക്കൃഷിയുമുണ്ട്. കൃഷിയിലെ മിടുക്ക് മുന്‍നിര്‍ത്തി ഫറോക്ക് പഞ്ചായത്ത് പ്രഭാവതിയെ ആദരിച്ചിട്ടുണ്ട്. പ്രഭാവതിയുടെ കൃഷി കമ്പംകണ്ട് സമീപത്തെ വിദ്യാര്‍ഥികളും മണ്ണിലേക്കിറങ്ങിയിട്ടുണ്ട്. കോവിഡിനു ശേഷം വിദ്യാലയം തുറന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് കൃഷിപാഠം പകര്‍ന്ന് നല്‍കാനും വലിയ താത്പര്യമുണ്ട്.