ലവൃക്ഷങ്ങളെപ്പറ്റിയുള്ള എക്കാലത്തെയും ഏറ്റവും കല്‍പ്പനികമായ സങ്കല്‍പ്പം ബൈബിളിലെ ഏദന്‍ തോട്ടത്തിന്റേതാണ്. അതിന്റെയൊരു ചെറു സാക്ഷാത്കാരം കാണണമെങ്കില്‍ പാലക്കാട്, മംഗലംഡാം കോടിയാട്ടില്‍ വീട്ടിലെത്തിയാല്‍ മതി. 68-കാരിയായ ഒരമ്മയുടെ ഉദ്യാനമാണത്. ബ്രസീല്‍, ഗ്വാട്ടിമല, കംബോഡിയ, ശ്രീലങ്ക, മലേഷ്യ, ചൈന, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ബ്രിട്ടണ്‍, ആഫ്രിക്ക തുടങ്ങി 25-ല്‍പ്പരം രാജ്യങ്ങളില്‍നിന്നുള്ള പഴച്ചെടികളാണ് പോളി ഹൗസിലും തൊടിയിലുമായി വളരുന്നത്.

റേച്ചല്‍ മാമ്മച്ചന്‍ (68) എന്ന നാട്ടുമ്പുറത്തെ വീട്ടമ്മ ജീവിതം തുഴഞ്ഞ് മുന്നേറിയത് മനക്കരുത്താലാണ്. ഭര്‍ത്താവ് പെട്ടെന്ന് മരിച്ചപ്പോള്‍ റേച്ചലിന് 38 വയസ്സ്. മൂത്ത മകന്‍ ഷിബുവിന് അന്ന് 14 വയസ്സ്. താഴെ രണ്ട് കുഞ്ഞുമക്കളും. കെ.ഇ.എം. ബസ് സര്‍വീസും എടുത്താല്‍ പൊങ്ങാത്ത കടബാധ്യതകളും റേച്ചലിന്റെ ചുമലിലായി.

മക്കള്‍ മൂന്നുപേരും ഇപ്പോള്‍ മിടുക്കരായി വിദേശത്ത് ജോലിചെയ്യുന്നു. മൂത്തമകന്‍ ഷിബുവിന് ചെറുപ്പംമുതലേ പഴച്ചെടികള്‍ തേടിപ്പിടിക്കുന്ന ശീലമുണ്ടായിരുന്നു. മകന്‍ നാട്ടിലില്ലാതായപ്പോള്‍ അമ്മ അതേറ്റെടുത്തു. തോട്ടം കൂടുതല്‍ വലുതായി. അയര്‍ലന്‍ഡിലും ഷിബുവിന്റെ കൃഷിപ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. അവിടത്തെ വീട്ടുമുറ്റത്തും നിറയെ പലതരം കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങളുണ്ടെന്ന് റേച്ചല്‍ പറഞ്ഞു. വിദേശത്തിരുന്ന് ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത് ഷിബുവാണ്. വിത്തുകള്‍ വാങ്ങലും നാട്ടിലെത്തിക്കലും പ്രയാസമേറിയ കാര്യമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് അക്കാര്യങ്ങള്‍ നടത്തുന്നത്.

15 കൊല്ലം മുമ്പ് റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍ എന്നിവ തെങ്ങിന് ഇടവിളയായി നട്ടായിരുന്നു ഈ കൃഷിയുടെ ആരംഭം. ഇപ്പോള്‍ അഞ്ഞൂറോളം വിദേശച്ചെടികള്‍ ഇവരുടെ തോട്ടത്തിലുണ്ട്. ജബോട്ടിക്ക എന്ന കുഞ്ഞന്‍ പഴത്തിന്റെതന്നെ അമ്പതില്‍പ്പരം വകഭേദങ്ങള്‍ കോടിയാട്ടില്‍ വീട്ടിലുണ്ട്. ലോകത്തിലെ ഏറ്റവും മധുരമുള്ള പഴമായ ഒബ്‌ളി മുതല്‍ ആഫ്രിക്കന്‍ ആനകള്‍ തേടിപ്പിടിക്കുന്ന ലഹരിപ്പഴമായ കശേശു വരെ ഇവിടെയുണ്ട്. 

വിറ്റാമിന്‍ സമൃദ്ധമായ ആഫ്രിക്കന്‍ സഫാസുവിന്റെ കായ തോരന്‍ കറിയ്ക്കാണ് ഉത്തമം. കമ്പോഡിയന്‍ ദേശീയഫലമായ റംഡോള്‍, മയാമി സപ്പോട്ട, മയാമി ആപ്പിള്‍, റെയിന്‍ഫോറസ്റ്റ് പ്ലം, പലതരം നട്ടുകള്‍, പലതരം ചെറി, മാവിനങ്ങള്‍, കുരുവില്ലാത്ത ചക്ക, ലില്ലിപില്ലി, സ്വീറ്റ് ഉവായ തുടങ്ങി മലയാളികള്‍ക്ക് പരിചിതമല്ലാത്ത പഴ്ച്ചെടികള്‍ നിരവധിയാണ്.

കോടിയാട്ടില്‍ വീട്ടിലേക്ക് തോട്ടം കാണാനും ചെടികള്‍ വാങ്ങാനും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്താറുണ്ട്. ഇപ്പോഴിത് ലാഭകരമായ ഒരു ബിസിനസ്സായി വളരുകയാണെന്ന് റേച്ചല്‍ മാമച്ചന്‍ പറഞ്ഞു. ഈ പഴത്തോട്ടത്തില്‍ ആ അമ്മ ഒറ്റയ്ക്കല്ല. സഹായത്തിന് സുന്ദരി എന്ന ജോലിക്കാരിയും കൂട്ടിനുണ്ട്.

Content Highlights: This women setting a model in exotic fruits cultivation