പാരമ്പര്യകര്‍ഷകനാണ് ചക്കിട്ടപാറ പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേല്‍ ടോം ജോസഫ് എന്ന ടോമി. പി.ജി. പഠനം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ജോസഫിന്റെ വഴിയെ കൃഷി തന്നെ തന്റെ വഴിയായി തിരഞ്ഞെടുത്തു. സമ്മിശ്രകൃഷിയിലൂടെ മികച്ച ആദായവും അതില്‍ സന്തോഷവും കണ്ടെത്തുകയാണ് ഈ 60-കാരന്‍.

മികച്ച കേരകര്‍ഷകനായ ടോമി, ജാതിയും പ്രധാന ഇനമായി കൃഷിചെയ്യുന്നു. ജാതിപത്രിയും കായയുമെല്ലാമായി മൂന്ന് ക്വിന്റല്‍ വിളവുകിട്ടും. ടി.ഡി., മലേഷ്യന്‍ എന്നിങ്ങനെയുള്ള തെങ്ങിനങ്ങളെല്ലാം ഇവിടെയുണ്ട്. ഇരുപതിനായിരത്തോളം തേങ്ങ വര്‍ഷത്തില്‍ കിട്ടും. വിവിധ നഴ്സറികള്‍ തേങ്ങ തേടി ഇവിടെയെത്തുക പതിവാണ്. വിപണിയില്‍ നല്ല വിലകിട്ടാന്‍ തുടങ്ങിയതോടെ വാനിലക്കൃഷിയും ഇതിനൊപ്പം നന്നായി നടക്കുന്നു. 100 ചുവട് വാനില ഇവിടെ വളര്‍ത്തുന്നുണ്ട്. അരലക്ഷത്തോളം രൂപ ഇതിലൂടെ വര്‍ഷത്തില്‍ വരുമാനമായി എത്തും.

150-ഓളം റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കാപ്പിയും കൃഷിചെയ്യുന്നു. ഈ രീതി അവംലബിക്കുന്നത് കാപ്പിക്കൃഷിക്കും ഗുണകരമാണെന്നാണ് ടോമിയുടെ അനുഭവം. നൂറുവീതം കാപ്പിയും കൊക്കോയും തൊടിയില്‍ വളരുന്നുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും മത്സ്യവുമെല്ലാം ഇവിടെത്തന്നെയുണ്ടാക്കും. വീട്ടിനുമുന്നില്‍ തന്നെയുള്ള കുളത്തിലാണ് ഗിഫ്റ്റ് തിലാപ്പിയ മത്സ്യക്കൃഷി.

പറമ്പിലെ കൃഷിയിടത്തിലുള്ള 15 തേനീച്ച പെട്ടിയില്‍ നിന്ന് നാടന്‍ തേനും കിട്ടും. പുവന്‍, കാവേരി, കദളി, മൈസൂര്‍ വാഴ കൃഷിയുണ്ട്. റമ്പൂട്ടാന്‍, പുലാസാന്‍, ദുരിയാന്‍, അബിയൂ, മാവ്, പ്ലാവ് എന്നിങ്ങനെ ഫലവൃക്ഷങ്ങള്‍ പറമ്പില്‍ പലതുണ്ട്. ആടും കോഴികളും വളര്‍ത്തുന്നതിനാല്‍ കൃഷിയിടത്തിലേക്ക് വളം ലഭിക്കാന്‍ സഹായമാണ്. ഭാര്യ ഡെയ്സി കൃഷിയില്‍ എല്ലാ സഹായവുമായി ഒപ്പമുണ്ട്. റിമ, റിയ, റൂഡിന്‍ എന്നിവരാണ് മക്കള്‍.

Content Highlights: Success story of a farmer from Kozhikode