ബിരുദധാരിയായ അനന്തു ആര്‍.നായര്‍ക്ക് കൃഷി വെറും നേരംപോക്കല്ല, ജീവിതമാണ്. നരുവാമൂട് ഇളമാനൂര്‍ക്കോണം പണ്ടാരവിള വീട്ടില്‍ രാധാകൃഷ്ണന്‍നായരുടെ മകനാണ് അനന്തു. തയ്യല്‍ തൊഴിലാളിയായ അച്ഛന്‍ കുടുംബഭാരം ചുമക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട അനന്തു പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് കൃഷിയിടത്തിലേക്കിറങ്ങി. കൃഷിക്കാരനായിരുന്ന അപ്പൂപ്പന്റെ പാരമ്പര്യം മാത്രമാണ് അനന്തുവിന് മൂലധനമായി ഉണ്ടായിരുന്നത്.

സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പള്ളിച്ചല്‍ ചിറ്റിക്കോട് ഏലായില്‍ അരയേക്കര്‍ പാട്ടത്തിനെടുത്ത് ബന്ധുവിന്റെ സഹായത്താല്‍ വിവിധതരം കൃഷി തുടങ്ങി. ചീര, പയര്‍, വെള്ളരി, ചേന തുടങ്ങിയവയാണ് ആദ്യം കൃഷിചെയ്തത്. ഇപ്പോള്‍ വെണ്ടയ്ക്കയാണ് കൃഷി. ദിവസവും അന്‍പത് കിലോ വെണ്ടയ്ക്ക കിട്ടും.

പള്ളിച്ചലിലെ കര്‍ഷക കൂട്ടായ്മയായ സംഘമൈത്രിയാണ് അനന്തുവിന് വിത്ത് ഉള്‍പ്പെടെ നല്‍കി സഹായിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിക്ക് വര്‍ഷം പതിനായിരം രൂപ നല്‍കുന്നതും കൃഷിയില്‍നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടാണ്.

കൃഷിയെ സ്നേഹിച്ചെങ്കിലും പഠനം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത അനന്തു പ്ലസ്ടുവും ബി.കോമും ഫസ്റ്റ് ക്ലാസോടെ പാസായി. എം.കോം. പരീക്ഷ എഴുതി വിധി നിര്‍ണയത്തിനു കാത്തിരിക്കുകയാണ്. എം.കോമിനും ഫസ്റ്റ് ക്ലാസ് ഉറപ്പിക്കാമെന്ന് അനന്തു പറയുന്നു. ക്ലാസില്ലാത്ത സമയങ്ങളില്‍ രാവിലെ ആറു മണിക്ക് കൃഷിയിടത്തില്‍ ഇറങ്ങും.

ഉച്ചവരെ വിളവെടുപ്പും പരിപാലനവുമായി വിശ്രമമില്ലാത്ത ജോലികളാണ്. കൃഷിയില്‍ നിന്നുമുള്ള വരുമാനംകൊണ്ടാണ് അനന്തു സ്വന്തം പഠനത്തിനും സഹോദരിയെ എം.എസ്സി.ക്ക് പഠിപ്പിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ക്കും പണം കണ്ടെത്തുന്നത്. ടാലി ഉള്‍പ്പെടയുള്ള കംപ്യൂട്ടര്‍ കോഴ്സുകളും പാസായ അനന്തു പി.എസ്.സി. പരീക്ഷകള്‍ എഴുതുന്നുണ്ട്. ജോലി ലഭിച്ചാലും കൃഷിയെ കൈവിടില്ല. കോവിഡ് കാലത്ത് പുതുതലമുറയ്ക്ക് മനസ്സുണ്ടെങ്കില്‍ കൃഷിചെയ്തും ജീവിക്കാമെന്നാണ് അനന്തുവിന്റെ പക്ഷം.

Content Highlights: Story of a young farmer from Thiruvanthipuram