കള്ളുഷാപ്പ് ജീവനക്കാരനായ കാഞ്ഞിരാനി മോഴെനിവീട്ടില്‍ എം.കെ. ഹരിദാസന്‍ ഇന്ന് അറിയപ്പെടുന്ന കര്‍ഷകനാണ്. കോവിഡും ലോക്ഡൗണുമെല്ലാമാണ് ഹരിദാസനെന്ന കര്‍ഷകനെ വളര്‍ത്തിയത്. ലോക്ഡൗണില്‍ കള്ളുഷാപ്പിന് പൂട്ടുവീണതോടെ ഹരിദാസന്‍ പച്ചക്കറിക്കൃഷിയിലേക്ക് തിരിഞ്ഞു.

ഒന്നരയേക്കര്‍ തോട്ടത്തില്‍ 15 ഇനം പച്ചക്കറികളടക്കം 52 ഓളംതരം സസ്യങ്ങള്‍ വിളയിച്ചു. സര്‍ക്കാരിന്റെ ഒരുമുറം പച്ചക്കറി പദ്ധതിയിലേക്ക് കൂടുതല്‍ പച്ചക്കറി നല്‍കിക്കൊണ്ട് കഴിഞ്ഞവര്‍ഷംതന്നെ ജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനവും സ്വന്തമാക്കി.

പാരമ്പര്യ കര്‍ഷക കുടുംബാംഗമാണ് എം.കെ. ഹരിദാസന്‍. ഫാഷന്‍ഫ്രുട്ട്, വഴുതന, വെണ്ട, ചീര, കപ്പ, വാഴ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി ഒട്ടനവധി വിളകള്‍ ഇന്ന് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ഒപ്പം, മീന്‍, കിളികള്‍, കോഴികള്‍ തുടങ്ങി ചെയ്യാനാവുന്ന മറ്റുതരം കൃഷികളും ഹരിദാസന്റെ പുരയിടത്തിലുണ്ട്.

കൃഷിവകുപ്പിന്റെ ജൈവഗൃഹം പദ്ധതിയിലുള്‍പ്പെട്ട കര്‍ഷകനാണ് ഹരിദാസന്‍. പൂര്‍ണമായും ജൈവരീതിയിലാണ് ഇദ്ദേഹത്തിന്റെ കൃഷി. വിളവെടുക്കുന്ന എല്ലാ വിഭവങ്ങളും പഞ്ചായത്തിന്റെ ഇക്കോഷോപ്പിലൂടെയാണ് വില്‍പ്പന നടത്തുന്നത്. കൃഷി ആരംഭിച്ചതോടെ ഹരിദാസന്‍ കൃഷിയിടത്തില്‍ എല്ലാ വിളകളും പരീക്ഷിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്ന് കരിമ്പ കൃഷി ഓഫീസര്‍ പി. സാജിദ് അലിയും പറയുന്നു. 

പ്രമീളയാണ് ഹരിദാസന്റെ ഭാര്യ. മക്കള്‍: ഹരിത, ഹരീഷ്, ഹര്‍ഷ.

Content Highlights: Story of a vegetable farmer from Palakkad