യനാട് ജില്ലയില്‍ തിരുനെല്ലി ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ നടന്നാല്‍ കീഴെപാട്ടില്ലം സുകുമാരനുണ്ണിയുടെ ജൈവപുരയിടത്തിലെത്താം. ബ്രഹ്മഗിരി മലകളുടെ താഴ്‌വാരത്തില്‍ നെല്ല്, കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, ഔഷധ സസ്യങ്ങളെല്ലാമുള്ള സമ്മിശ്രകൃഷി. ഒപ്പം പശു, കോഴി, ആട്, താറാവ്, തേനീച്ച, മത്സ്യകൃഷി തുടങ്ങി സംയോജിത കൃഷിയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഇടം. പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയുടെ എല്ലാ അവകാശികളെയും പരിപാലിച്ചുകൊണ്ട് തന്റെ നാലര ഏക്കര്‍ സ്ഥലത്തെ സ്വര്‍ഗ്ഗതുല്യമാക്കി ഏവര്‍ക്കും മാതൃകയാകുകയാണ് സുകുമാരനുണ്ണി എന്ന ജൈവകര്‍ഷകന്‍. വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും താലോലിക്കാനും മണ്ണിന്റെ ഘടനയില്‍ യാതൊരു വ്യത്യാസവും വരുത്താതിരിക്കാനും സുകുമാരനുണ്ണി ഏറെ ശ്രദ്ധിക്കുന്നു. യാതൊരു വിധ കീടനാശിനികളോ രാസവളങ്ങളോ പ്രയോഗിക്കാതെയാണ് വാഴയും പച്ചക്കറികളും മറ്റെല്ലാ വിളകളും ഇവിടെ വിളയിച്ചെടുക്കുന്നത്. 

നവര, രക്തശാലി, ഗന്ധകശാല, ചേറ്റുവിളിയന്‍, പാല്‍ തൊണ്ടി തുടങ്ങി പലതരം നെല്ലുകള്‍ സുകുമാരനുണ്ണി വളര്‍ത്തുന്നുണ്ട്. നെല്‍കൃഷിക്ക് ശേഷം പച്ചക്കറി, എള്ള്, പയര്‍ എന്നിവയും കൃഷി ചെയ്യുന്നു. നാടന്‍ ഇഞ്ചി, വയനാടന്‍ മഞ്ഞള്‍ എന്നിവയുമുണ്ട്. മഴ മറയില്‍ സ്‌ട്രോബറി നന്നായി വിളവ് തന്നിരുന്നു എന്ന് സുകുമാരനുണ്ണിയും മകനും സാക്ഷ്യപ്പെടുത്തി. കേരളത്തിന്റെ സ്വന്തം ജനുസ്സെന്ന് അറിയപ്പെടുന്ന ഇപ്പോള്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ബ്രാഹ്മിണി എന്ന നാടന്‍ പശുവും വെച്ചൂര്‍ പശുവും കാസര്‍കോടന്‍ കുള്ളനും ഈ പുരയിടത്തില്‍ യഥേഷ്ടം പച്ചപ്പുല്ല് തിന്ന് മേയുന്നു. അവയുടെ മൂത്രവും ചാണകവും കൃഷിയിടത്തിലെ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നു. തികച്ചും ജൈവികത നിലനിര്‍ത്തുന്നതിനായി സമീപത്തുള്ള കാളിന്ദീ തീരത്തും കാട്ടിലുമായി നാടന്‍ രീതിയില്‍ ഇവയെ പരിപാലിച്ചു പോരുന്നു. രാത്രികാലങ്ങളില്‍ പശുക്കളെ  തൊഴുത്തില്‍ കെട്ടി ഇടുകയാണ് പതിവ്. 

ആടുകള്‍ക്കും കോഴികള്‍ക്കും താറാവുകള്‍ക്കും സൗകര്യപ്രദമായ കൂടുകളും ക്രമീകരിച്ചിട്ടുണ്ട്. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഈ കൂടുകളില്‍ അവയ്ക്ക് തീറ്റ നല്‍കുന്നതിനും വിസര്‍ജ്ജ്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള നിര്‍മിതികളും ഉണ്ട്. പശുതൊഴുത്തിലെ ചാണകവും ഗോമൂത്രവും ആട്, കോഴി, താറാവ് എന്നിവയുടെ കാഷ്ഠവും ഇവിടെ കൃഷിക്ക് വളമാവുന്നു. വിവിധതരം ആടുകള്‍, കരിങ്കോഴി എന്നിവയെ കൂടാതെ വിശാലമായ കുളത്തിലും ബയോഫ്‌ലോക്ക് സംവിധാനത്തിലും മത്സ്യ കൃഷിയും ചെയ്യുന്നുണ്ട്.

സുകുമാരനുണ്ണി

വൃക്ഷായുര്‍വേദ രീതിയിലുള്ള വളക്കൂട്ടും അദ്ദേഹം സ്ഥിരമായി ഉണ്ടാക്കുന്നുണ്ട്. ആര്യവേപ്പ്, കണിക്കൊന്ന, ശീമക്കൊന്ന, ഉങ്ങ്, കൊങ്ങിണി, തുളസി, പച്ച മഞ്ഞള്‍ അരച്ചത്, വെളുത്തുള്ളി അരച്ചത്, നാടന്‍ കാന്താരിമുളക് അരച്ചത്, പാല്‍ക്കായം എന്നിവയുടെയും വിവിധ കളച്ചെടികളുടെയും ഇലകള്‍, പച്ചച്ചാണകം, എന്നിവ ഗോമൂത്രത്തില്‍ 45 ദിവസം സൂക്ഷിക്കുകയും ദിവസവും ഇളക്കുകയും ചെയ്യും. പ്ലാസ്റ്റിക് ബാരലുകളിലാണ് ഇവിടെ ദശപര്‍ണ്ണി ഉണ്ടാക്കുന്നത്. ചെടികളുടെ ഇനമനുസരിച്ച് 6 - 10 ലിറ്റര്‍ 200 ലിറ്റര്‍ വെള്ളം ചേര്‍ത്ത് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നു. ഗോമൂത്രവും തോട്ടിലെ മണ്ണും കടലപിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ച വളവും ഉണ്ടാക്കുന്നു. കൂടാതെ ചാണകം, വിവിധ മരങ്ങളുടെയും ചെടികളുടെയും ഇലകള്‍, തോടിലെ മണ്ണ്, ഗോമൂത്രം എന്നിവ അട്ടിയായി ഇട്ട് കമ്പോസ്റ്റും ഈ കര്‍ഷകന്‍ സ്വയം നിര്‍മിച്ച് കൃഷിയില്‍ ഉപയാഗിക്കുന്നു. 

ചിലവില്ലാ കൃഷിരീതിയില്‍ അനുവര്‍ത്തിക്കുന്ന സുകുമാരനുണ്ണി ജൈവവളങ്ങളായ ജീവാമൃതം, ഖരജീവാമൃതം, പഞ്ചഗവ്യം, നീമാസ്ത്രം, വേപ്പില സത്ത്  എന്നിവയും ഇവിടെ ഉണ്ടാക്കി ഉപയോഗിക്കുന്നു. ഇങ്ങനെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ സാന്ദ്രത നിലനിര്‍ത്താനും അദ്ദേഹത്തിന് സാധിക്കുന്നു. ജീവനുള്ള മണ്ണ് തന്നെയാണ് സുകുമാരനുണ്ണിയുടെ കൃഷിയിലെ വിജയം. പ്രകൃതിയുടെ കാരുണ്യത്താലാണ് നാം ജീവിക്കുന്നതെന്നു അദ്ദേഹം വിശ്വസിക്കുന്നു. പ്രകൃതിയുടെ വരദാനമായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയെ നോവിക്കാതെ വരും തലമുറക്ക് കൈമാറുകയെന്നതാണ് അദ്ദേഹത്തിന്റെ മന്ത്രം. വിശുദ്ധമായ പ്രകൃതി സമ്പത്തിനെ പരിപാലിക്കുന്നതില്‍ മകനും അതീവശ്രദ്ധാലുവാണ്.

സുകുമാരനുണ്ണി

ഈ പ്രദേശത്തുകാരുടെ തനത് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഒരു ജൈവകര്‍ഷക കൂട്ടായ്മയുണ്ട്. ഇല്ലത്ത് വില്ല ഓര്‍ഗാനിക് പ്രൊഡക്ട്‌സ് എന്ന പേരില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ജൈവകൃഷി പ്രചരിപ്പിക്കുന്നതിനും ജൈവകര്‍ഷകരുടെ ഉന്നമനത്തിനായും 'പ്രകൃതി ജൈവകര്‍ഷക സ്വാശ്രയ സംഘം രൂപീകരിച്ച് നേതൃത്വം നല്‍കിവരുന്നു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് നല്‍കി സുകുമാരനുണ്ണിയെ ആദരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്, ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.

ഫാം കാണാന്‍ വരുന്നവര്‍ക്ക് താമസിക്കാന്‍ ഇല്ലത്ത് വില്ല ഫാം സ്റ്റേ എന്ന പേരില്‍ ഒരു കോട്ടേജും ഒരുക്കിയിട്ടുണ്ട്. എല്ലാ പിന്തുണയുമായി ഭാര്യ സരസ്വതിയും മകന്‍ യദു ദാമോദരനും സുകുമാരനുണ്ണി എന്ന പ്രകൃതി സ്‌നേഹിയെ സഹായിക്കുന്നു. പേരക്കുട്ടികളെന്ന പോലെ വളര്‍ത്തുമൃഗങ്ങളും പക്ഷികളും. 

(കോഴിക്കോട്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക )

Content Highlights: Story of a farmer from Wayanad