കൃഷി ചെയ്ത്‌ പലരും പരീക്ഷണങ്ങള്‍ നടത്താറുണ്ട്, കൃഷിയില്‍ പരീക്ഷണം നടത്തുന്നവരും കുറവല്ല. ആലപ്പുഴ കഞ്ഞിക്കുഴി ശ്രുതിനിലയം വീട്ടില്‍ കെ.പി.ശുഭകേശന്‍ അത്തരത്തില്‍ ഒരാളാണ്. ശുഭകേശന്‍ തന്റെ ശൈലിയില്‍ വികസിപ്പിച്ചെടുത്ത കഞ്ഞിക്കുഴി പയര്‍ ഇന്ന് കേരളമാകെ പ്രസിദ്ധമാണ്. ലിമാബിനും വെള്ളായണി ലോക്കലും സംയോജിപ്പിച്ചാണ് ശുഭകേശന്‍ കഞ്ഞിക്കുഴി പയര്‍ വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തം അദ്ദേഹത്തെ കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മികച്ച കര്‍ഷക ശാസ്ത്രജ്ഞനുള്ള അവാര്‍ഡിന് അര്‍ഹനാക്കി. 80 ഗ്രാമോളം ഭാരമുള്ളതാണ് കഞ്ഞിക്കുഴി പയര്‍. 

shubhakeshan
കഞ്ഞിക്കുഴി പയറുമായി ശുഭകേശന്‍

39 -വര്‍ഷത്തോളമായി  തുടരുന്ന അദ്ദേഹത്തിന്റെ കൃഷിഗാഥയ്ക്കു തുടക്കം കുറിച്ചത് അച്ഛനാണ്. അച്ഛന് കൃഷിയോടുള്ള കമ്പമാണ് ശുഭകേശനേയും കൃഷിയിലേക്ക് നയിച്ചത്. വെറുമൊരു കമ്പത്തിന്റെ പുറത്തു തുടങ്ങിയ കൃഷി എന്നൊക്കെ പറഞ്ഞാല്‍ അത് അതിശയോക്തിയാവും. ശുഭകേശന്റെ കഠിനാധ്വാനമാണ് 1994-ല്‍ രണ്ട് സെന്റില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ സ്വന്തമായി  25 ഏക്കറില്‍ എത്തിച്ചത്‌.

കഴിഞ്ഞ രണ്ടു പ്രളയങ്ങളേയും ശുഭകേശന്റെ കൃഷിയിടം അതിജീവിച്ചു. കോവിഡിന് പോലും ശുഭകേശനെ തളര്‍ത്താനായില്ല. ശുഭകേശന് കൃഷി ഇപ്പോഴും ലാഭം തന്നെ. എന്നാല്‍ ലാഭം മാത്രം പ്രതീക്ഷിച്ചല്ല ഈ യുവകര്‍ഷകന്‍ കൃഷിയിലേക്ക് ഇറങ്ങിയത്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണെന്ന് വിശ്വസിക്കുന്ന ശുഭകേശന് കൃഷി ഭാവി തലമുറക്കുള്ള കരുതല്‍ കൂടിയാണ്.

shubhakeshan
ആനക്കൊമ്പന്‍ വെണ്ടയുമായി ശുഭകേശന്‍

ഫാം ടൂറിസമാണ് ഇപ്പോള്‍ ശുഭകേശന്‍ നടത്തുന്നത്. ജൈവകൃഷിക്ക് ഒപ്പം ടൂറിസം കൂട്ടി സംയോജിപ്പിച്ച പദ്ധതിയാണിത്. ആലപ്പുഴ സില്‍ക്ക് ഫാബ്രിക്കേഷന്‍ യൂണിറ്റിന് സമീപം 15 ഏക്കറോളം പ്രദേശത്തു കെ.കെ.കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ 13 ഇനം പച്ചക്കറികള്‍, വിവിധ ഇനം പൂക്കള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്.  സൂര്യകാന്തി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കള്‍ ഓണം വിപണി മുന്നില്‍ കണ്ട് കൃഷി ചെയ്യുന്നതാണ്. എന്നാല്‍ ശുഭകേശന്റെ സ്പെഷ്യല്‍ കഞ്ഞിക്കുഴി പയര്‍ തന്നെയാണ്. കേരളത്തിന്റെ പലയിടങ്ങളിലും ഇതിന് ആവശ്യക്കാരേറെയുണ്ട്.

shubhakeshan
ശുഭകേശന്റെ ഹരിതമിത്രം അഗ്രോഷോപ്പ്‌

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതമിത്രം, അക്ഷയശ്രീ തുടങ്ങിയ മറ്റ് അനേകം അവാര്‍ഡുകളുടെ ജേതാവ് കൂടിയാണ് ഇദ്ദേഹം. നിലവില്‍ ഒരു അഗ്രോ ഷോപ്പും ശുഭകേശന്‍ നടത്തുന്നുണ്ട്. വിത്തുകള്‍, ജൈവ വളം, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയെല്ലാം വില്‍ക്കുന്ന കടയാണിത്. സി.എം.എസ്.എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ശ്രുതിലയയുടെ സ്‌കൂളിലും കൃഷി നടത്തുന്ന ചുമതല ശുഭകേശനാണ്. ശുഭകേശന്റെ കൃഷിഗാഥയില്‍ ഫുള്‍ സപ്പോര്‍ട്ടുമായി ഭാര്യ ലതികയുമുണ്ട്. 

Content Highlights: shubakeshan have weaven a long success in his farming path