തിവു തെറ്റിക്കാതെ ചിങ്ങം ഒന്നിന് കര്‍ഷകദിനമായി ആചരിക്കുന്ന കേരളത്തിന്റെ കണക്കുപുസ്തകത്തില്‍ കൃഷിക്കായുള്ള പുറങ്ങള്‍ കുറഞ്ഞുവരികയാണ്. സംസ്ഥാനത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ (GSVA) വിളകള്‍, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം, വനവിഭവം എന്നീ മേഖലകള്‍ ചേര്‍ന്നു നല്‍കുന്ന വിഹിതം 2019 - 20 ല്‍ കേവലം 8.03 ശതമാനമായിരുന്നു. കാര്‍ഷിക സമ്പദ്ഘടനയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ മാറ്റം രാജ്യമെമ്പാടും വര്‍ഷങ്ങളായി സംഭവിക്കുന്ന സമാനമായ മാറ്റത്തിനേക്കാള്‍ അതിവേഗത്തിലാണെന്നു കാണാം.

കൃഷിഭൂമിയുടെ വിസ്തൃതിയിലുണ്ടാകുന്ന കുറവിനൊപ്പം പ്രകൃതിയിലെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനവും വിപണിയിലെ അസ്ഥിരതയും പുതുതലമുറയെ ആകര്‍ഷിക്കാനാവാത്ത സാഹചര്യവുമൊക്കെ കാര്‍ഷികമേഖലയെ ഉലയ്ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വീണ്ടുമൊരു ചിങ്ങം ഒന്ന്‌ കൂടി കര്‍ഷക ദിനമായി ആചരിക്കപ്പെടുമ്പോള്‍ നിശ്ചയമായും നമ്മുടെ മനസ്സില്‍ ഉയരുന്ന ചോദ്യം കേരളത്തിലെ നാളെയുടെ കൃഷിയും കര്‍ഷകനും എങ്ങനെയായിരിക്കും എന്നതായിരിക്കും.

കാര്‍ഷികവളര്‍ച്ച പിന്നോട്ട്

ഇന്ത്യയുടെ മൊത്തം മൂല്യവര്‍ദ്ധനവില്‍ (GVA) കാര്‍ഷിക അനുബന്ധ മേഖലകളുടെ വിഹിതം 2018-19 ല്‍ 14.6 ശതമാനമായിരുന്നു. ഈ മേഖലയിലെ ദേശീയ വളര്‍ച്ചാനിരക്ക് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അസ്ഥിരമാണെന്ന് മാത്രമല്ല, 2018-19 ലെ വളര്‍ച്ചാനിരക്ക് കേവലം 2.4 ശതമാനം മാത്രമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ സമ്പദ്ഘടനയുടെ ഘടനാ വ്യതിയാനങ്ങളേക്കുറിച്ചുള്ള പരമ്പരാഗത തത്വങ്ങളനുസരിച്ച് ഒരു രാജ്യം വികസിക്കുന്നതോടെ കാര്‍ഷിക മേഖലയുടെ സംഭാവന സ്വാഭാവികമായും കുറഞ്ഞുവരുന്നു. മാത്രമല്ല ആ രാജ്യത്തെ ജനങ്ങള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സമ്പദ്ഘടനയുടെ വ്യാവസായിക, സേവന മേഖലകളില്‍ തൊഴില്‍ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ വികസനത്തിന്റെ സൂചകമായി കാര്‍ഷിക മേഖലയുടെ പ്രാമാണ്യം കുറഞ്ഞെങ്കിലും പുതിയ മേഖലകളിലേക്കുള്ള തൊഴില്‍ഗമനം മാത്രം പ്രതീക്ഷിച്ചപോലെ നടന്നില്ല. 

2011-ലെ സെന്‍സസ് പ്രകാരം കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നത് 263 ദശലക്ഷം ജനങ്ങളാണ്. ഇതില്‍ 45 ശതമാനം കര്‍ഷകരാകുമ്പോള്‍ 55 ശതമാനം കര്‍ഷക തൊഴിലാളികളാണ്. അതായത് സമ്പദ് വ്യവസ്ഥയുടെ 14 ശതമാനം മാത്രം സംഭാവന ചെയ്യുന്ന കാര്‍ഷികമേഖലയെ ആശ്രയിച്ചാണ് രാജ്യത്തിന്റെ തൊഴില്‍ സേനയുടെ പകുതിയോളം വരുമാനം കണ്ടെത്തുന്നത്. കേരളത്തിന്റെ മൊത്തം മൂല്യവര്‍ധനവിന്റെ 8.03 ശതമാനം നല്‍കുന്ന   കാര്‍ഷിക അനുബന്ധ മേഖലകളിലെ വളര്‍ച്ച 2018-19, 2019 -20 വര്‍ഷങ്ങളില്‍ യഥാക്രമം ( - )2.38, ( - ) 6.62 ശതമാനം ആയിരുന്നു. അതായത് കാര്‍ഷികമേഖല  വളര്‍ന്നത് മുന്നോട്ടല്ല പിന്നോട്ടായിരുന്നുവെന്നര്‍ത്ഥം. 

ഭൂവിനിയോഗത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ആദ്യഘട്ടത്തിലെ മാറ്റം ഭക്ഷ്യവിളകളില്‍ നിന്ന് ഭക്ഷ്യേതര നാണ്യവിളകളിലേക്കായിരുന്നു. ഇപ്പോഴാകട്ടെ കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഭൂവിസ്തൃതിയിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. എന്നാല്‍ കൃഷിയുടെ വൃദ്ധിക്ഷയം നമ്മുടെ ഭക്ഷ്യഭദ്രത, ഭക്ഷ്യസുരക്ഷ, പോഷണസുരക്ഷ എന്നിവയെ മാത്രമല്ല പാരിസ്ഥിതിക സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന കാര്യം സുവിദിതമാണ്. നാടിന്റെ ഭൂപ്രകൃതിയെ കണക്കിലെടുക്കാതെ ഭൂവിനിയോഗത്തില്‍ കാണിക്കുന്ന അലംഭാവം എങ്ങനെ അപായകരമാകുമെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശില്‍നിന്നും കേള്‍ക്കുന്ന പ്രകൃതി ദുരന്തവാര്‍ത്തകള്‍ .

ഭൂവിനിയോഗവും വിളക്രമവും

കേരളത്തിന്റെ ഭൂവിനിയോഗരീതിയിലും വിളക്രമത്തിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും സൂചകങ്ങളാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതി 38.86 ലക്ഷം ഹെക്ടറാണ്. 2019 -20 ലെ കണക്കനുസരിച്ച് ഇതില്‍ 25.89 ലക്ഷം ഹെക്ടറാണ് വിളയിറക്കിയിട്ടുള്ള പ്രദേശം. യഥാര്‍ത്ഥത്തില്‍ കൃഷിയുടെ വിസ്തൃതി 20.26 ലക്ഷം ഹെക്ടറാണ്. അതായത് മൊത്തം ഭൂമിയുടെ 52.13 ശതമാനം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നത് മൊത്തം ഭൂമിയുടെ 11.73 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 27.83 ശതമാനമാണ് വനമേഖലയിലുള്ളത്. കൃഷിക്കനുയോജ്യമായ പാഴ്ഭൂമി, തരിശുഭൂമി എന്നിവയാകട്ടെ യഥാക്രമം 2.57 ശതമാനം, 1. 48 ശതമാനം എന്ന നിലയിലാണ്. 2019 -20 ല്‍ കൃഷിയോജ്യമായ പാഴ്ഭൂമിയുടെയും തരിശുഭൂമിയുടെയും വിസ്തൃതിയില്‍ വര്‍ധനയുണ്ടായപ്പോള്‍ യഥാര്‍ത്ഥത്തില്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ 0.37 ശതമാനം കുറവ് രേഖപ്പെടുത്തി. 

2019 -20 ലെ സ്ഥിതിയനുസരിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ കൃഷി വിസ്തൃതിയുടെ 9.88 ശതമാനം ഭക്ഷ്യവിളകളും 61.6 ശതമാനം നാണ്യവിളകളുമാണ്. തെങ്ങ് (29.3 ശതമാനം), റബ്ബര്‍ ( 21.28ശതമാനം), നെല്ല് (7.37 ശതമാനം) എന്നിവയാണ് കൃഷിവിസ്തൃതിയില്‍ മുന്നിലുള്ള ആദ്യ മൂന്ന് വിളകള്‍. കേരളത്തിലെ പ്രതിശീര്‍ഷ ഭൂമി ലഭ്യത കേവലം 0.18 ഹെക്ടറാണെന്നു കൂടി പറയുന്നതോടെ സംസ്ഥാനത്തിന്റെ കാര്‍ഷിക ചിത്രത്തേക്കുറിച്ചുള്ള ഏകദേശധാരണ നമുക്ക് ലഭിക്കുന്നു. കാര്‍ഷികവൃത്തി സുസ്ഥിരമായ വരുമാന മാര്‍ഗ്ഗമാക്കാന്‍ നിലവിലുള്ള കര്‍ഷകര്‍ക്ക് കഴിയുന്നില്ലായെന്നതിനൊപ്പം അഭ്യസ്തവിദ്യരായ പുതുതലമുറയുടെ ഊര്‍ജ്ജവും കഴിവുകളും കാര്‍ഷിക മേഖലയ്ക്ക് അന്യമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 

കര്‍ഷക സമൂഹത്തിന്റെ ക്ഷേമത്തിന്റെ മുഖ്യസൂചകം അവന്റെ കാര്‍ഷിക വരുമാനമാണ്. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഭക്ഷഭദ്രത, ഭക്ഷ്യസുരക്ഷ, പോഷകലഭ്യത എന്നിവ ഉറപ്പാക്കാന്‍ കൃഷി പ്രാദേശികമായി നടക്കേണ്ടതനിവാര്യമാണ്. പരിസ്ഥിതിയെ കരുതുന്ന കാര്‍ഷിക രീതികള്‍ ഭൂമിയുടെ നില്‍നില്‍പിന് അത്യന്താപേക്ഷിതമാണ്. അങ്ങനെ എല്ലാവരുടെയും അതിജീവനത്തിനായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്‍ഷകര്‍ക്ക് നല്ല ദിവസങ്ങള്‍ വരുമ്പോഴാണ് കര്‍ഷക ദിനാചരണങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

പുതുതലമുറ കൃഷിയിലേക്ക് വരണമെങ്കില്‍ 

ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞനും ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ശില്‍പ്പിയുമായ ഡോ.എം.എസ്. സ്വാമിനാഥന്റെ അഭിപ്രായത്തില്‍ കൃഷി സാമ്പത്തികമായി മെച്ചമുള്ളതും സാങ്കേതിക വിദ്യകളാല്‍ സമ്പന്നമായാലും മാത്രമേ യുവ തലമുറയ്ക്ക് ആകര്‍ഷകമാകുകയുള്ളൂ. കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന ലക്ഷ്യവും വാഗ്ദാനവുമാണ് കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നത്. എന്നാല്‍ അത്തരമൊരു ലക്ഷ്യത്തിലെത്തിച്ചേരാനുള്ള വഴികളിലൂടെ നടക്കാന്‍ കര്‍ഷകര്‍ക്ക് പാതയൊരുക്കുന്നതില്‍ നാം വിജയിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ മറികടക്കാനോ ചെറുക്കാനോ കഴിയുന്ന പുത്തന്‍ സമീപനവും ആവശ്യമാണ്. മണ്ണ്, ജലം, പരിസ്ഥിതി എന്നിവയെ കരുത്താത്ത രീതികള്‍ക്ക് ഇനി കൃഷിയില്‍ സ്ഥാനമുണ്ടാവില്ല. ജൈവവൈവിദ്ധ്യ സംരക്ഷണവും സംയോജിത കൃഷിരീതികളും ഇതില്‍ പ്രധാനമാകുന്നു. 

യന്ത്രവല്‍ക്കരണവും കൃഷിയുടെ ഓരോ ഘട്ടത്തിലുമുള്ള സാങ്കേതിക വിദ്യയുടെ ലഭ്യതയും മുഖ്യമാണ്. വിപണിയും വിലയും ഉറപ്പിക്കാന്‍ സംവിധാനം വേണം. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്കും പ്രാദേശിക പ്രിയമുള്ള വിളകള്‍ക്കും ആരോഗ്യ വിളകള്‍ക്കും കൂടുതല്‍ പ്രാധാന്യം കിട്ടണം. കേരളത്തിന്റെ കൃഷിയില്‍ 70 ശതമാനവും തോട്ടവിളകളാണ്. അതിനാല്‍ വിപണിയും മൂല്യവര്‍ദ്ധനയും നമ്മുടെ കാര്‍ഷിക വികസനത്തില്‍ മുഖ്യപങ്കുവഹിക്കണം. കേരളത്തിന്റെ അഭിമാനമായ കാര്‍ഷിക ജൈവവൈവിദ്ധ്യം സംരക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സംരംഭങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടിയിരിക്കുന്നു. സര്‍വോപരി കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്ന സംഭരണവില നയം നിയമപരമാക്കി നടപ്പിലാക്കണം. സബ്‌സിഡി, താങ്ങുവില, കടം എഴുതിത്തള്ളല്‍ തുടങ്ങിയ പതിവ്‌ പരിപാടികള്‍ കൊണ്ട്‌ മാത്രം കൃഷിയും കര്‍ഷകനും സംരക്ഷിക്കപ്പെടില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

വരേണ്ടത് സുസ്ഥിര, ഉത്തമ കൃഷിയുടെ കാലം

ഉപഭോക്താവ്, കര്‍ഷകന്‍, പരിസ്ഥിതി എന്നീ മൂന്നു ഘടകങ്ങളുടെയും സംതൃപ്തിയും സുസ്ഥിരതയും ഉറപ്പാക്കാത്ത കാര്‍ഷിക സമ്പ്രദായത്തിന് ഇനി ഭാവിയില്ല. എല്ലാ വിധത്തിലുള്ള അനിശ്ചിതത്വങ്ങളേയും നേരിട്ടാണ് ലോകമെമ്പാടും കൃഷിയിറക്കപ്പെടുന്നത്. കര്‍ഷകരെടുക്കുന്ന റിസ്‌ക്കിന്റെ ഗുണം മാത്രമല്ല, ദോഷങ്ങളും പങ്കുവയ്ക്കപ്പെടണം. ഉല്‍പാദനം, സംഭരണം, വിപണനം തുടങ്ങി ഓരോ മേഖലയിലും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടണം. ഉല്‍പാദനക്ഷമതയില്‍ രാജ്യാന്തര നിലവാരത്തോട് ഒപ്പമെത്താന്‍ കഴിഞ്ഞാലേ ലോകം ഒറ്റ വിപണിയാകുന്ന പുതുകാലത്ത് കര്‍ഷകന് മല്‍സര രംഗത്ത് മുന്നേറാന്‍ സാധിക്കുകയുള്ളൂ. 

വിപണിക്കാവശ്യമായ വിളകള്‍ കൃഷിയിറക്കാനുള്ള സ്വാതന്ത്ര്യവും സംരംഭകത്വവും കര്‍ഷകനുണ്ടാവണം. ഭൂമിയുടെ ഉപയോഗം പോലെ ജലവിനിയോഗവും ഓഡിറ്റ് ചെയ്യപ്പെടണം. കൃഷി ചെയ്യാന്‍ സ്ഥലലഭ്യത  കുറവുള്ള കേരളത്തില്‍ നിലവിലുള്ള കാര്‍ഷികരീതികള്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെടണം. ലഭ്യമായ കൃഷിഭൂമിയില്‍ നിന്ന് പരമാവധി വിളവും വരുമാനമുണ്ടാക്കാന്‍ സാങ്കേതികവിദ്യകള്‍ പ്രയോഗിക്കപ്പെടണം. ഭക്ഷണത്തിന്റെ ലഭ്യത, വൈവിദ്ധ്യം, സുരക്ഷിതത്വം, പരിസ്ഥിതി സൗഹൃദത്വം എന്നിവ ഉറപ്പു വരുത്തുന്ന കൃഷിരീതികളിലൂടെ കാര്‍ഷികവൃത്തി ആകര്‍ഷകമാകുന്ന കാലത്ത് കര്‍ഷകദിനാചരണങ്ങള്‍ അര്‍ഥവത്താകും.

Content Highlights: Problems of farmers in Kerala