ചിറ്റേണിയും ചേറ്റാടിയും മുണ്ടകനുമെല്ലാം വട്ടംകുളം പോട്ടൂര്‍ പാടത്തെ സ്വര്‍ണവര്‍ണമാക്കുന്ന കാലംവരുന്നു. പ്രാചീനകാര്‍ഷിക സംസ്‌കാരത്തിലെ താരങ്ങളായിരുന്ന ഈ നാടന്‍ വിത്തിനങ്ങള്‍ കതിരിടാന്‍ ഇനി മാസങ്ങള്‍ മാത്രം. ജൈവവളംകൊണ്ട് ഫലഭൂയിഷ്ടമാക്കിയ മണ്ണില്‍നിന്ന് ഇവ കൊയ്‌തെടുക്കുമ്പോള്‍ പോട്ടൂരുകാര്‍ അഭിമാനത്തോടെ പറയും-'തനി നാടനാണ് ഞങ്ങള്‍'.

കേരളത്തിലെ നെല്‍ക്കൃഷിയുടെ ചരിത്രത്തോളം പഴക്കമുള്ള നാട്ടുവിത്തിനങ്ങളാണ് ചിറ്റാടിയും, ചേറ്റാടിയും മുണ്ടകനുമെല്ലാം. ഉയര്‍ന്ന പ്രതിരോധശേഷി, മോശമല്ലാത്ത വിളവ്, കുറഞ്ഞ പരിചരണം എന്നിവയൊക്കെയാണ് ഇവയെ വേറിട്ടു നിര്‍ത്തുന്നത്. കൃഷിചെയ്യാനുള്ള ചെറിയ പ്രയാസവും മൂപ്പെത്താനുള്ള കാലതാമസവും ശാസ്ത്രത്തിന്റെ വളര്‍ച്ചയുമായതോടെ ഇത്തരം വിത്തിനങ്ങള്‍ വയലേലകള്‍ വിട്ടൊഴിഞ്ഞു. ആധുനിക വിത്തിനങ്ങള്‍ ചേറ്റുകണ്ടങ്ങളിലെ രാജാക്കന്‍മാരായി.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഭാരതീയ പരമ്പരാഗത കൃഷിപദ്ധതി പ്രഖ്യാപിച്ച് ഇത്തരം കൃഷിരീതികളെ തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് പോട്ടൂരിലും ഇവ വേരുറപ്പിച്ചത്. പോട്ടൂര്‍ പാടശേഖരത്തിലെ നിളാ ചന്ദ്രനും വേളൂര്‍ കുന്നത്ത് വിജീഷുമടക്കമുള്ള കര്‍ഷകര്‍ നേരത്തേയും ചെറിയ തോതില്‍ ഇത്തരം കൃഷി നടത്തിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള സഹായം കൂടിയായതോടെ ഇത്തവണ കൂടുതല്‍ ഊര്‍ജ്ജസ്വലരായി.

കാലാവസ്ഥാ വ്യതിയാനം, പുതിയതരം കീടങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള കഴിവ് എന്നിവയെല്ലാം ഈയിനങ്ങള്‍ക്ക് കൂടുതലാണ്. അതിനാല്‍ പരിചരണച്ചെലവ് കുറഞ്ഞത് ആശ്വാസമായെന്ന് നിളാ ചന്ദ്രന്റെ സാക്ഷ്യം.

കേരളത്തില്‍ സുഭിക്ഷം, സുരക്ഷിതം

സ്വാഭാവിക കൃഷിരീതി പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതിയുടെ ചുവടുപിടിച്ച് കേരളത്തില്‍ 'സുഭിക്ഷം സുരക്ഷിതം' ആണ് നടപ്പാക്കുന്നത്. ഘട്ടംഘട്ടമായി 84,000 ഹെക്ടറില്‍ പ്രകൃതിസൗഹൃദ കൃഷിയാണ് നടപ്പാക്കുക. ബ്ലോക്ക് തലത്തില്‍ ഒരു ക്ലസ്റ്ററിന് 5000 ഹെക്ടര്‍ വീതം. ആകെ 168 ക്ലസ്റ്ററുകള്‍ വഴി ഇതു നടപ്പാക്കും. ക്ലസ്റ്ററൊന്നിന് ആദ്യവര്‍ഷം 26.52 ലക്ഷം രണ്ടും മൂന്നും വര്‍ഷങ്ങളില്‍ 17.85 രൂപ നല്‍കാനാണ് തീരുമാനം. ഓരോ ക്ലസ്റ്ററിന്റെയും നടത്തിപ്പിനായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയുമുണ്ടാകും.


പോട്ടൂര്‍ പാടശേഖരം