ണര്‍വിന്റെ ഓരോ നിമിഷത്തിലും ജയന്‍ വലിയവലിയ സാമ്രാജ്യങ്ങള്‍ സ്വപ്നം കണ്ടു. അതിനായി ശ്രമിച്ചു. തോല്‍വി ഇടയ്ക്കിടെ മുറിവേല്‍പ്പിച്ചു. പക്ഷേ, അങ്ങനെ തോല്‍ക്കാനല്ല ജയന്‍ തീരുമാനിച്ചത്.

ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് പത്തനംതിട്ട, വലിയകാവ് പുത്തന്‍പുരയില്‍ ജയന്റെ മനസ്സില്‍ ആ മോഹം ഉദിച്ചത്. വലിയ ബിസിനസുകാരനാവണം. മാത്രമല്ല, സ്വന്തം പഠനത്തിനടക്കമുള്ള ചെലവുകള്‍ക്ക് വീട്ടുകാരടക്കം ആരേയും ആശ്രയിക്കരുത്. ബസ് കണ്ടക്ടര്‍, വിവിധ ഹാച്ചറികളില്‍ മാറിമാറി ഒരു പതിറ്റാണ്ടത്തെ ജോലികള്‍ എന്നിവയ്‌ക്കൊന്നും ആ മോഹത്തെ ഇല്ലാതാക്കാനായില്ല. അവസാനം ജയന്റെ മോഹം സാക്ഷാത്കരിച്ചു. 

ഇന്ന് ലക്ഷത്തിലധികം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനാവുന്ന 'അജയന്‍സ് ഹാച്ചറി'യുടെ ഉടമയാണ് ജയന്‍. 200-ലേറെപ്പേര്‍ നേരിട്ടും അല്ലാതെയും ഈ ഹാച്ചറിയിലൂടെ ഉപജീവനം കഴിക്കുന്നു. കൂടാതെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഇറച്ചിക്കോഴിവളര്‍ത്തല്‍ തൊഴില്‍സംരംഭം തുടങ്ങാനും വഴിയൊരുക്കി.

ബാല്യത്തില്‍ തുടങ്ങിയ 'ബിസിനസ്'

ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ബിസിനസുകാരനാകണമെന്ന ആഗ്രഹം തോന്നിത്തുടങ്ങിയപ്പോള്‍മുതല്‍ വെറുതേയിരുന്നില്ല. അന്ന് കൂട്ടുകാര്‍ മിഠായി വാങ്ങാന്‍ പെറുക്കി കൊണ്ടുവരുന്ന കശുവണ്ടിയും കൊട്ടപ്പാക്കുമെല്ലാം പണം നല്‍കി ജയന്‍ വാങ്ങിത്തുടങ്ങി. ചിറ്റാര്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി മലഞ്ചരക്കുകടയില്‍ ഇവ വിറ്റ് ലാഭമുണ്ടാക്കുന്നതായിരുന്നു ആദ്യ ബിസിനസ്. 

പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സമ്പാദ്യമൊക്കെ ഇതില്‍നിന്ന് ലഭിച്ചുതുടങ്ങി. ചെറിയ ഇത്തരം കച്ചവടം ഇങ്ങനെ തുടരുമ്പോഴും സ്വന്തം കാലില്‍ നില്‍ക്കണമെന്നും തന്റേതായ ലോകം സൃഷ്ടിക്കണമെന്നുമുള്ള ആഗ്രഹം മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഇതിനായി തുടര്‍പഠനം ഉപേക്ഷിച്ചു. ഒരു തൊഴിലായി ആദ്യലക്ഷ്യം. മനസ്സില്‍ ഇഷ്ടം തോന്നിയ കണ്ടക്ടര്‍ജോലി സ്വീകരിച്ചെങ്കിലും ഒരുവര്‍ഷം തികയുംമുമ്പ് ഉപേക്ഷിച്ചു.

ഹാച്ചറിയിലേക്ക് കാല്‍വെയ്പ്

കുറെനാള്‍ അന്വേഷിച്ചെങ്കിലും നാട്ടില്‍ മറ്റൊരു ജോലി ലഭിച്ചില്ല. ബന്ധുവിന്റെ ക്ഷണപ്രകാരം നാഗ്പൂരിലെ ഹാച്ചറിയിലേക്ക് പോയി. രണ്ടുവര്‍ഷം കഷ്ടിച്ച് അവിടെ ജോലി നോക്കിയെങ്കിലും തൃപ്തിയില്ലാത്തിനാല്‍ മടങ്ങി. നാട്ടിലെത്തി വിവാഹം കഴിച്ചു. അച്ഛന്റെമുന്നില്‍ പണത്തിനായി കൈനീട്ടേണ്ടിവന്ന ദിവസങ്ങള്‍. നാട്ടിലെ സുഹൃത്തിനൊപ്പം നാട്ടില്‍നിന്ന് ബംഗാളിലേക്ക്. വീണ്ടും എത്തിപ്പെട്ടത് ഹാച്ചറിയില്‍.

ഉറക്കമില്ലാത്ത രാത്രികള്‍

ജോലി ലഭിച്ചെങ്കിലും ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഏറെക്കാലം. കിട്ടുന്ന സമയമൊക്കെ തന്റെ ജോലിക്കുമപ്പുറം ഹാച്ചറിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പഠിക്കാന്‍ വിനിയോഗിച്ചു. ഇടയ്ക്ക് ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും പിന്നീട് ഹാച്ചറിയിലെ ഉന്നതപദവികളിലേക്ക് കയറിത്തുടങ്ങി. ജോലിയിലെ ആത്മാര്‍ഥതയിലൂടെ ഉടമയുടെ വിശ്വസ്തനായി. ഇതിലൂടെ കമ്പനിക്ക് വളര്‍ച്ചയും മെച്ചപ്പെട്ട ശമ്പളവും ഉണ്ടായി. എങ്കിലും മനസ്സ് ഏഴാംക്ലാസിലുദിച്ച മോഹത്തില്‍ത്തന്നെ ഇടയ്ക്കിടെ ഉടക്കിക്കൊണ്ടിരുന്നു. നാട്ടില്‍ മടങ്ങിപ്പോയേ മതിയാവൂവെന്ന് ഉടമയെ അറിയിച്ചു.

തുടക്കമിട്ടു, നാട്ടില്‍

നാട്ടിലെത്തിയപ്പോള്‍ സ്വദേശമായ ചിറ്റാറില്‍നിന്ന് റാന്നി വലിയകാവില്‍ ഭാര്യവീടിനടുത്ത് വാടകവീടെടുത്ത് താമസമാരംഭിച്ചു. ഒപ്പം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്പന തുടങ്ങി. ബിസിനസ് വളര്‍ന്നതോടെ ഹാച്ചറി എന്ന ലക്ഷ്യത്തിന് തുടക്കമിട്ടു. വായ്പ തേടിയപ്പോള്‍ ബാങ്കുകളൊക്കെ 'നോ' പറയുകയായിരുന്നു. 

അവസാനം എസ്.ബി.ഐ. സഹായിക്കാമെന്ന് ഉറപ്പുനല്‍കി. 2019-ല്‍ ഹാച്ചറിക്ക് തുടക്കമിട്ടു. ഇപ്പോള്‍ ലക്ഷം കുഞ്ഞുങ്ങളെ വേണമെങ്കിലും ഒരുദിവസം വിരിയിച്ചുനല്‍കാനാവും. ഒരു കമ്പാര്‍ട്ട്മെന്റില്‍ 15,000 മുട്ടയാണ് വിരിയാന്‍ വെയ്ക്കുന്നത്. ഇത്തരത്തിലുള്ള 36 കമ്പാര്‍ട്ടുെമന്റാണിവിടെയുള്ളത്. വിരിയുന്ന കുഞ്ഞുങ്ങളെ അന്നുതന്നെ കൊണ്ടുപോകും.

ആവശ്യമായ സ്ഥലങ്ങളില്‍ തന്റെ ലോറികളില്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ജീവിതമാര്‍ഗമായി. മഹാമാരിക്കാലം സാരമായി ബാധിച്ചു. എങ്കിലും ജയന്‍ മുന്നോട്ടുതന്നെ നീങ്ങുകയാണ്.

Content Highlights: Hatchery and Breeding, KarshakaDinam 2021