നപ്രതിനിധിയുടെ റോള്‍ കഴിഞ്ഞ് കൃഷിയിലേക്ക് തിരിഞ്ഞ മുന്‍ ജില്ലാപഞ്ചായത്തംഗത്തിന്റെ ആദ്യവിളവെടുപ്പുതന്നെ വിജയം. മുട്ടിപ്പാലം ഉള്ളാട്ടില്‍ രാജഗോപാല്‍ (53) സുഹൃത്ത് ഹരിശങ്കറുമായി ചേര്‍ന്ന് നടത്തുന്ന ക്ലാസ്മേറ്റ്‌സ് ഫാമിലെ ആദ്യ മത്സ്യക്കൃഷിവിളവെടുപ്പാണ് വിജയകരമായത്. 73 കിലോ തിലോപ്പിയ മത്സ്യമാണ് ആദ്യമായി വിളവെടുത്തത്. രണ്ട് പടുതാക്കുളങ്ങളിലൊന്നിലാണ് മത്സ്യക്കൃഷി വിളവെടുപ്പ് നടത്തിയത്. രണ്ടാമത്തേതില്‍നിന്നുള്ള വിളവെടുപ്പ് അടുത്ത ഞായറാഴ്ച നടത്തും. 

മത്സ്യക്കൃഷിക്കുപുറമേ പശു, കോഴി, പ്രാവ്, തീറ്റപ്പുല്‍ എന്നീ കൃഷികളാണ് ചെയ്യുന്നത്. ജേഴ്‌സി, എച്ച്.എഫ്. ഇനത്തില്‍പ്പെട്ട 11 പശുക്കളാണ് ഇവിടെയുള്ളത്. ഇവയുടെ പാലുപയോഗിച്ച് പനീര്‍ ഉത്പാദനവും നടക്കുന്നുണ്ട്. നെയ്യ്, പാല്‍, തൈര് എന്നിവയുടെ ഉത്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ജോഡിക്ക് 3000 രൂപ വിലവരുന്ന ഗോള്‍ഡന്‍ സെബ്രന്റ്, സില്‍വര്‍ സെബ്രന്റ്, ഈജിപ്ഷ്യന്‍ ഫയോമി തുടങ്ങി നാടന്‍ കോഴികളടക്കം എഴുപതിലധികം കോഴികളെയും വളര്‍ത്തുന്നുണ്ട്. അലങ്കാരപ്രാവുകളുമുണ്ട്.

പശുവിന് തീറ്റ നല്‍കാനായി രണ്ട് ഏക്കര്‍ സ്ഥലത്തായി തീറ്റപ്പുല്‍ക്കൃഷിയുമുണ്ട്. അടുത്തുതന്നെ തേനീച്ചക്കൃഷിയും ആടുവളര്‍ത്തലും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ജനസേവനത്തിനും രാഷ്ട്രീയത്തിനും പുറമേ രാജഗോപാലിന് കൃഷി വീട്ടുകാര്യമാണ്. അതുകൊണ്ടുതന്നെ നെല്‍ക്കൃഷിക്ക് പുറമേ വീട്ടുവളപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്ന കൃഷിയാണ് തറവാട്ടുവളപ്പിലെ നാലേക്കര്‍ സ്ഥലത്തേക്കുകൂടി വ്യാപിപ്പിച്ചിരിക്കുന്നത്.

ഒപ്പം സഹപാഠിയായ ഹരിശങ്കറും ചേര്‍ന്നതോടെ മുന്‍പുണ്ടായിരുന്ന ആശയം കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പൊടി തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് തറവാട്ടുവളപ്പ് വൃത്തിയാക്കി കൃഷിയിടമാക്കി മാറ്റിയത്. മുട്ടിപ്പാലം ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പ്രസിഡന്റും കാലിക്കറ്റ് സര്‍വകലാശാല സെനറ്റംഗവുമാണ്.