മൂന്നരയേക്കര്‍. അതില്‍ കാര്‍ഷികവിളകള്‍. പശുവും പോത്തുമൊക്കെയായി നൂറിലധികം വളര്‍ത്തുമൃഗങ്ങള്‍. വലിയൊരു മീന്‍കുളം. എല്ലാം നോക്കിനടത്താന്‍ ഒറ്റയ്‌ക്കൊരു മനോജും. ലോക്ഡൗണ്‍ കാലത്ത് പോലും സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത ഒരു കര്‍ഷകന്റെ കഥയാണ് ഇത്.

പാമ്പന്‍പാറ തേവരോലില്‍ വീട്ടില്‍ ടി.ജി.മനോജിന്റെ കൃഷിയിടത്തില്‍ വെറുതെ കിടക്കുന്ന ഒരുഭാഗം പോലുമില്ല. ഏത്തവാഴ, അടയ്ക്ക, കാപ്പി, കുരുമുളക്, കന്നുകാലികള്‍ക്കുള്ള തീറ്റപ്പുല്ല് എന്നിവ കൃഷിചെയ്തുവരുന്നു. ഒന്‍പത് പശുക്കളും 10 കിടാക്കളും 15 പോത്തിന്‍ കിടാക്കളും നൂറിലധികം നാടന്‍ കോഴികളും താറാവുകളും 40 പന്നികളും 15 ആടുകളും മനോജിന്റെ ഫാമിലുണ്ട്. 

മനോജിന്റെ ഒരുദിവസത്തെ ജീവിതം ആരംഭിക്കുന്നത് പുലര്‍ച്ചെ നാലിനാണ്. പാല്‍ കറന്നു തുടങ്ങുന്നതുമുതല്‍ വളര്‍ത്തുമൃഗങ്ങള്‍ക്കെല്ലാം തീറ്റനല്കി ഫാമുകള്‍ കഴുകി വൃത്തിയാക്കുക തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് മനോജ് ഒറ്റയ്ക്കാണ്. കോവിഡിന് മുന്‍പ് മൂന്നുപേര്‍ സഹായിക്കാനുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ല.

കൊറോണ കാലത്ത് ഒരുദിവസം പോലും മനോജ് വെറുതെയിരുന്നില്ല. രാവിലെ കറന്നുകിട്ടുന്ന പാലുമായി സ്വന്തം ഓട്ടോയില്‍ പോകുന്ന മനോജ് പോകുന്നവഴിക്കുള്ള മറ്റുള്ളവരുടെ പാലും സംഭരിച്ച് എട്ടുകിലോ മീറ്റര്‍ അകലെയുള്ള കോവില്‍ക്കടവ് സൊസൈറ്റിയില്‍ എത്തിക്കുന്നതിലൂടെ ചെറിയ വരുമാനവും കണ്ടെത്തുന്നു. പകല്‍ മുഴുവന്‍ ഫാമിലും കൃഷിയിടത്തിലും. 

പന്നികള്‍ക്കുള്ള തീറ്റയ്ക്കായി മറയൂര്‍, കോവില്‍ക്കടവ് ടൗണുകളിലെ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും കയറി പന്നി വേസ്റ്റ് ശേഖരിച്ച് വീട്ടിലെത്തുമ്പോഴെക്കും രാത്രി ഒന്‍പത് മണിയാകും. പിന്നെ പന്നിക്ക് തീറ്റയൊക്കെ നല്കി കുളിച്ച് കിടക്കുമ്പോള്‍ 11 മണിയാകും. ഭാര്യ ബിന്ദുവും മക്കളായ ആദര്‍ശും ആകാശും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുവരുന്നു.

കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണത്തിലും അവാര്‍ഡുകളും മനോജിന് ലഭിച്ചിട്ടുണ്ട്. കാന്തല്ലൂര്‍ പഞ്ചായത്തിലെ 2021-ലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും മനോജിനായിരുന്നു. ലോക് ഡൗണ്‍ കാലത്ത് തന്റെ ജീവിതം ലോക്കായില്ല എന്ന് ഏറെ അഭിമാനത്തോടെ പറയുന്നു ഇദ്ദേഹം.

Content Highlights: Farm in three acre and dairy farm, Manoj shows benefits of integrated farming