ര്‍ബുദത്തോട് മല്ലിട്ട് 24 വര്‍ഷം, 35 റേഡിയേഷനുകള്‍, ചികിത്സയുടെ ഭാഗമായി 32 പല്ലും പറിച്ചു, കേള്‍വിശക്തി നഷ്ടമായി... എന്നിട്ടും തോറ്റുകൊടുക്കാതെ എണ്‍പത്തിരണ്ടാം വയസ്സിലും കൈയിലൊരു കൈക്കോട്ടുമായി മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കുകയാണ് വടകര, ചെമ്മരത്തൂരിലെ പാലയാട്ട് മീത്തല്‍ കോമപ്പന്‍. കൃഷി ഇദ്ദേഹത്തിന് ജീവിതവ്രതമാണ്.

കൃഷിപ്പണി നെഞ്ചോടുചേര്‍ത്ത വികാരവും. നിവര്‍ന്നുനില്‍ക്കാന്‍ പോലും പ്രയാസമാണെങ്കിലും കൈക്കോട്ട് കൈയിലെടുത്താല്‍ പിന്നെ എല്ലാ വേദനകളും മറക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിപ്പണിയുണ്ടെങ്കില്‍ മുന്നില്‍ ഇന്നും കോമപ്പന്‍ ചേട്ടനുണ്ടാകും.

ചെത്തിക്കെട്ടും നാടന്‍പണിയും അല്പസ്വല്പം കൃഷിയുമൊക്കെയായി ജീവിക്കുന്ന സമയത്ത് അമ്പത്തേഴാം വയസ്സിലാണ് അര്‍ബുദം കീഴടക്കിയത്. വായയിലായിരുന്നു രോഗം. പിന്നെ ദുരിതത്തിന്റെയും ചികിത്സയുടെയും നാളുകള്‍. ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വരെ ചികിത്സ തേടി. പ്രതീക്ഷയ്‌ക്കൊരു വകയുമില്ലായിരുന്നു. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങി കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. വായിലെ എല്ലാ പല്ലുകളും പറിച്ചെടുത്തു.

ഇതോടെ ഭക്ഷണം കഴിക്കലുള്‍പ്പെടെ ബുദ്ധിമുട്ടിലായി. 35 റേഡിയേഷന്‍ ചെയ്തു. അത് കഴിയുമ്പോഴേക്കും കേള്‍വിശക്തി നഷ്ടമായി, നടുവളഞ്ഞുതുടങ്ങി... ദുരിതപ്പെയ്ത്തുകള്‍ക്ക് പക്ഷേ, മണ്ണിനോട് മല്ലിടുന്ന ഈ മനുഷ്യനെ തളര്‍ത്താനായില്ല. കൈക്കോട്ടും മണ്‍കൊട്ടയുമായി ഇദ്ദേഹം പറമ്പിലേക്കിറങ്ങി, കൃഷി ജീവിതചര്യയാക്കി. ഒപ്പം നാട്ടില്‍ എല്ലാ കൃഷിപ്പണിക്കും പോകും. കോവിഡ് കാലമായതിനാല്‍ കുറച്ചുകാലമേ ആയിട്ടുള്ളൂ പുറത്തേക്ക് പണിക്ക് പോകാതായിട്ട്. പോകാന്‍ ഇദ്ദേഹം ഒരുക്കമാണ്, വീട്ടുകാര്‍ വിടില്ല. പക്ഷേ, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയുണ്ടെങ്കില്‍ എന്തായാലും പോകും. ഭാര്യ ശാന്തിക്കും ഇദ്ദേഹത്തിനും ഒരു തൊഴില്‍ കാര്‍ഡാണുള്ളത്.

ഇപ്പോള്‍ വീട്ടുപറമ്പിലെ കൃഷി തന്നെയാണ് പ്രധാനം. മഞ്ഞള്‍, ചേമ്പ്, ചേന, ഇഞ്ചി, പച്ചക്കറികള്‍, മരച്ചീനി എന്നിവയാണ് കൃഷി. പശുവിന് പുല്ല് ശേഖരിക്കാനും ഇറങ്ങും. കൃഷിയറിവുകള്‍ ആരുമായും പങ്കുവെക്കാനും ഇദ്ദേഹം തയ്യാര്‍. തെങ്ങോല കൊണ്ട് മണ്‍കൊട്ടയും മറ്റ് കാര്‍ഷിക ഉപകരണങ്ങളും നിര്‍മിക്കുന്നതിലും വിദഗ്ധനാണ്. സമയം കിട്ടുമ്പോള്‍ കൊട്ടകള്‍ മെടഞ്ഞുവെക്കും. പത്രവായന ജീവിതത്തിലെ അവിഭാജ്യഘടകമാണ്.

ആറുമണിക്കെത്തുന്ന മാതൃഭൂമി പത്രം അരിച്ചുപെറുക്കി വായിക്കും. രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരുടെ വാര്‍ത്തകണ്ടാല്‍ ഉടന്‍ പാലിയേറ്റീവ് പ്രവര്‍ത്തകനായ ചെമ്മരത്തൂരിലെ രഘുനാഥിനെ വിളിച്ച് വിവരം പറയും. അവരെ സഹായിക്കണമെന്ന ആവശ്യവുമായാണ് വിളിക്കുകയെന്ന് രഘുനാഥ് പറഞ്ഞു. മൂന്ന് മക്കളുണ്ട് ഇദ്ദേഹത്തിന്. മനോജന്‍, മഹേഷ്, ഷൈമ എന്നിവര്‍.

Content Highlights: Even at 82, this man from Kozhikode is never tired of farming