കോവിഡ് മഹാമാരിക്കിടയിലും കാര്‍ഷികരംഗത്ത് വിജയം വരിക്കുകയാണ് അറയ്ക്കല്‍ തേവര്‍തോട്ടം ഏലായിലെ കര്‍ഷകസഹോദരങ്ങളായ രാജു മാധവും വിനു മാധവും. ഓണവിപണി സജീവമായതോടെ കാര്‍ഷികോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. തേവര്‍തോട്ടം, തിട്ടക്കര ഏലാകളില്‍ പത്തേക്കറിലാണ് ഇവരൊന്നിച്ച് കൃഷി നടത്തുന്നത്. കഴിഞ്ഞവര്‍ഷം വി.എഫ്.സി.കെ. നടത്തിയ വിലയിരുത്തലില്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന ഹരിതകീര്‍ത്തി പുരസ്‌കാരം ലഭിച്ചത് രാജു മാധവിനാണ്.

ഏറം വിപണിയില്‍ വില്‍പ്പനയ്ക്ക് ഏറ്റവും കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ എത്തിച്ചതും ഈ സഹോദരങ്ങളാണ്. ചീര, പയര്‍, വെണ്ട, പടവലം, ഏത്തവാഴ, റെഡ്ലേഡി പപ്പായ തുടങ്ങിയവയാണ് പ്രധാന കൃഷിയിനങ്ങള്‍. ജൈവപച്ചക്കറിക്കൃഷിയില്‍ മാതൃക കാട്ടുകയാണ് ഈ സഹോദരങ്ങള്‍. സഹായികളുണ്ടെങ്കിലും കൃഷിപ്പണികള്‍ കൂടുതലും ഇവര്‍ നേരിട്ടാണ് ചെയ്യന്നത്.

പഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഏറം വിപണിയില്‍നിന്ന് ഏറ്റവും കൂടുതല്‍ ബോണസ് നേടുന്നതും ഇവര്‍തന്നെ. 1,32,000 രൂപയാണ് ഇത്തവണ ബോണസ് ഇനത്തില്‍ ഇവര്‍ക്കു ലഭിച്ചത്. കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി ഒരുലക്ഷം രൂപയിലധികം വില്‍പ്പന ബോണസ് ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പില്‍നിന്നും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും മികച്ച പ്രോത്സാഹനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

Content Highlights: Brothers who shine in organic farming