കാന്താരിമുളകിന്റെ കട്ട എരിവ് ജീവിതത്തിന് രുചി പകര്‍ന്ന കഥയാണ് ഈ മൂവര്‍ സംഘത്തിന്റേത്. എരിവിലെ മുന്‍പന്തിക്കാരനായ ഈ കുഞ്ഞന്‍ മുളകാണ് കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ച മുടപ്പല്ലൂരിലെ മൂന്ന് യുവാക്കളുടെ ജീവിതത്തിന് മധുരമേകിയത്. 75 സെന്റ് തരിശുഭൂമിയില്‍ നട്ട 2,000 കാന്താരിച്ചെടികള്‍ വിളവെടുത്തുതുടങ്ങി. മുടപ്പല്ലൂര്‍ കുന്നുപറമ്പിലെ യു. ഷാജിത്ത്, പി. സജയ്, പന്തപറമ്പിലെ അജയ്ഘോഷ് എന്നീ കൂട്ടുകാരാണ് കാന്താരിക്കൃഷിയിലൂടെ വിജയം കണ്ടെത്തുന്നത്.
റോഡുപണി കരാറുകാരന്റെയൊപ്പമായിരുന്നു ഷാജിത്തിന് ജോലി. പി.എസ്.സി. പരിശീലനത്തിനും പോയിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതായി. പി.എസ്.സി. പരിശീലനവും നിന്നു. രണ്ട് റാങ്ക്ലിസ്റ്റില്‍ പേരുണ്ടെങ്കിലും ജോലി ലഭിക്കുമെന്ന് ഉറപ്പില്ല.
ഇന്റീരിയര്‍ ഡിസൈനിങ്ങായിരുന്നു സജയുടെ ജോലി. കോവിഡ് വന്നതോടെ ഓര്‍ഡറുകള്‍ വളരെ കുറഞ്ഞു. സ്വകാര്യബാങ്കില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന അജയ്ഘോഷിന്റെ വരുമാനവും കോവിഡ് പ്രതിസന്ധിയില്‍ ഏറെക്കുറെ നിലച്ചിരുന്നു.
ലോക്ഡൗണ്‍ ദിവസങ്ങളിലൊന്നിലെ കൂടിയാലോചനയിലാണ് അതുവരെ കൃഷിയെന്നാല്‍ കേട്ടറിവുമാത്രമുള്ള ഇവരെ മണ്ണിലിറക്കിയത്. അഭിപ്രായങ്ങള്‍ ചോദിച്ചും വിപണിസാധ്യതയെക്കുറിച്ച് പഠിച്ചും കാന്താരിക്കൃഷി തിരഞ്ഞെടുത്തു. വണ്ടാഴി കൃഷി ഓഫീസര്‍ എല്‍. ഗൗതം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
അജയ്ഘോഷിന്റെ തരിശായിക്കിടന്നിരുന്ന കുടുംബസ്ഥലം കൃഷിക്കായി ഒരുക്കി. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് രണ്ടുഘട്ടങ്ങളായി മുളകുചെടി വാങ്ങി. സ്വന്തം സമ്പാദ്യവും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ഇതുവരെ 70,000 രൂപ കൃഷിയിലിറക്കി. ആദ്യഘട്ടത്തില്‍ വെച്ച ചെടികളില്‍നിന്ന് വിളവെടുത്ത് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൂന്നുപേരും.
രണ്ടുമാസംകൂടി കഴിഞ്ഞാല്‍ നല്ല രീതിയില്‍ വിളവെടുക്കാറാകും. ഒരുമാസത്തില്‍ ചുരുങ്ങിയത് നൂറുകിലോയെങ്കിലും ലഭിക്കും. തൃശ്ശൂര്‍, കൊച്ചി വിപണികളില്‍ കാന്താരിമുളകിന് കിലോയ്ക്ക് 350 രൂപ വിലയുണ്ട്.
Content Highlights: Success story of three friends from Palakkad in Chilly farming