രു ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍നിന്ന് നൂറ് കിലോ വിളവ് എന്നതാണ് കൊടുങ്ങല്ലൂര്‍, പോളശ്ശേരി ശിവദാസന്‍ ലക്ഷ്യമാക്കിയിരുന്നത്. ഇത്തവണ ഈ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ സന്തോഷത്തിലാണ് ശിവദാസന്‍. കൃത്യമായി ചിട്ടപ്പെടുത്തിയ കൃഷിരീതിയിലൂടെയാണ് ഒരുവര്‍ഷംകൊണ്ട് ഈ വിളവെടുപ്പ് സാധിക്കുന്നത്. 

ഇതനുസരിച്ച് ഒരു ചതുരശ്ര മീറ്ററില്‍ ഒരുവര്‍ഷത്തില്‍ നാലിനം കൃഷിയാണ് വരിക. ആദ്യം പൊട്ടുവെള്ളരി. ഇതിനിടയ്ക്ക് പയര്‍ നടും. 45 ദിവസം കഴിഞ്ഞ് പൊട്ടുവെള്ളരി വിളവെടുപ്പു കഴിയുമ്പോഴേക്കും പയര്‍ വിളവെടുപ്പിന് പാകമായിട്ടുണ്ടാകും. ഇതിനിടയില്‍ ചീര നടും. ചീര വിളവെടുപ്പുകൂടി കഴിയുന്നതോടെ നെല്ല് വിതയ്ക്കും.

തണ്ടാംകുളത്ത് ആറ് ഏക്കര്‍ സ്ഥലത്താണ് ശിവദാസന്റെ കൃഷി. കഴിഞ്ഞതവണ വെള്ളപ്പൊക്കത്തില്‍ പച്ചക്കറിയൊക്കെ നശിച്ചു. അതിനാല്‍ ഇത്തവണ മൂന്നേക്കര്‍ സ്ഥലം നെല്‍കൃഷിക്കായി മാറ്റിവെക്കുകയും ബാക്കി മൂന്നേക്കറില്‍ പച്ചക്കറി കൃഷി ആരംഭിക്കുകയുമായിരുന്നു. നെല്‍കൃഷിക്ക് ഒരേക്കര്‍ സ്ഥലത്ത് ജ്യോതിയും ബാക്കിയുള്ളിടത്ത് മനുരത്നം, ഉമ, ഒടിയന്‍ എന്നിവയുമാണ് വിതച്ചത്.

നാലുതരം പച്ചമുളക്, രണ്ടുതരം വെണ്ട, രണ്ടുതരം വഴുതന, പാവല്‍, നീളന്‍ പയര്‍, പടവലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് പച്ചക്കറിത്തോട്ടത്തിലുള്ളത്. ഇവയില്‍ വെണ്ടയും വഴുതനയും വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. മറ്റു വിളകള്‍ ഓണത്തോടെ പാകമാകും. ഇത്തവണ മഴ രൂക്ഷമാകാത്തത് തുണയായെന്ന് ശിവദാസന്‍ പറയുന്നു.

ഇത്തവണ എട്ട് മുതല്‍ 12 ടണ്‍ വരെ പൊട്ടുവെള്ളരി വിളവെടുപ്പ് നടത്തി. ജനുവരിയിലാണ് പൊട്ടുവെള്ളരി കൃഷിയുടെ തുടക്കം. രണ്ടു പൊട്ടുവെള്ളരി വിത്തുകള്‍ക്കിടയില്‍ ഒരു പയര്‍ എന്ന രീതിയില്‍ മൂന്നേക്കര്‍ സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷി. പൊട്ടുവെള്ളരി ഒഴികെയുള്ള പച്ചക്കറികള്‍ പുലര്‍ച്ചെ തന്നെ പൊടിയന്‍ ബസാറിലുള്ള സ്വന്തം കടയില്‍ എത്തിച്ചാണ് വില്‍പ്പന.

പച്ചക്കറി കൃഷി കൂടാതെ പശു വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവയും ശിവദാസനുണ്ട്. ആത്മ അവാര്‍ഡ്, കാര്‍ഷിക സര്‍വകലാശാലയുടെ പുരസ്‌കാരം, കൊടുങ്ങല്ലൂര്‍ നഗരസഭ, എടവിലങ്ങ് പഞ്ചായത്ത് എന്നിവയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡുകള്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ശിവദാസന് ലഭിച്ചിട്ടുണ്ട്.

Content Highlights: Success Story of Ideal Farmer in Mixed Farming