'പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം ...?' അഴകിയ രാവണന്‍ എന്ന സിനിമയിലെ ഇന്നസെന്റിന്റെ ഹിറ്റ് ഡയലോഗ് എക്കാലവും ചിരിയോടെ ഓര്‍ക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കൃഷിയോടുള്ള ഇഷ്ടം കലശലായി കേന്ദ്ര വ്യവസായ സുരക്ഷാസേനയില്‍ വിജിലന്‍സ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലിരിക്കെ സ്വയം വിടുതല്‍ വാങ്ങി നാട്ടിലെത്തി പാടത്ത് നെല്‍കൃഷി നടത്താനിറങ്ങിയ അബ്ദുല്‍ ലത്തീഫിനോട് നാട്ടുകാര്‍ കൗതുകത്തോടെ ചോദിച്ചത് മറ്റൊന്നായിരുന്നു. 'പോലീസുകാര്‍ക്കെന്താ പാടത്ത് കാര്യം..?'. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടി ലത്തീഫ് ഒരു പുഞ്ചിരിയിലൊതുക്കി.

രണ്ട് ദശാബ്ദത്തോളം നീണ്ട അര്‍ദ്ധ സൈനിക വിഭാഗത്തിലെ സേവനത്തില്‍ നിന്നും സ്വയം വിടുതല്‍ വാങ്ങി മുഴുവന്‍ സമയ കര്‍ഷകനാവുക എന്ന ലക്ഷ്യത്തോടെ ലത്തീഫ് സ്വദേശമായ പൊന്നാനിയിലെത്തിയത് 2011-ല്‍ ആയിരുന്നു. എടപ്പാളില്‍ കോലളമ്പ് എന്ന പ്രദേശത്ത് സ്വന്തമായി ഒന്നരയേക്കര്‍ സ്ഥലവും നാലേക്കര്‍ നിലവും ഒപ്പം രണ്ട് പശുക്കളെയും വാങ്ങിയായിരുന്നു കൃഷിയുടെ തുടക്കം. സ്വന്തമായി വാങ്ങിയതും പാട്ടത്തിനെടുത്തതുമായ പാടത്ത് നെല്‍ക്കൃഷിയിറക്കി ലത്തീഫ് പലതവണ നൂറ്‌മേനി കൊയ്തു.

നെല്‍കൃഷിയില്‍ മികവോടെ മുന്നേറുന്നതിനിടെയാണ് പശുവളര്‍ത്തലും കോഴിവളര്‍ത്തലുമടക്കമുള്ള മൃഗസംരക്ഷണ സംരംഭങ്ങള്‍ വിപുലപ്പെടുത്തണെമെന്നും വൈവിധ്യമുള്ളതാക്കണമെന്നുമുള്ള മോഹം ലത്തീഫിനുണ്ടായത്. ലത്തീഫിന്റെ എടപ്പാള്‍ കോലളമ്പിലെ റോയല്‍ എന്ന് പേരിട്ട സമ്മിശ്ര- സംയോജിത ഫാമില്‍ ഇന്നില്ലാത്ത മൃഗസംരക്ഷണ സംരംഭങ്ങളില്ല. പശുവും ആടും കോഴിയും താറാവും ടര്‍ക്കിയും കാട വളര്‍ത്തലുമെല്ലാമുണ്ട്. നാടന്‍ പശുക്കളും ബ്രോയിലര്‍ കോഴി യൂണിറ്റും തുടങ്ങി, പാലുത്പന്ന നിര്‍മാണ സംരംഭം വരെ വരെ ഇന്നീ ഫാമിലുണ്ട്.

Latheef

പാലും പണവും ചുരത്താന്‍ പശുവളര്‍ത്തല്‍

ലത്തീഫിന്റെ സമ്മിശ്ര മൃഗപരിപാലനത്തിന്റെ പ്രധാന ഘടകം പശുവളര്‍ത്തലാണ്. ആധുനിക സൗകര്യങ്ങളൊരുക്കി തയ്യാറാക്കിയ തൊഴുത്തില്‍ സങ്കരയിനം ജേഴ്സി, എച്ച്.എഫ്. ഇനത്തില്‍പ്പെട്ട ഇരുപത് പശുക്കളുണ്ട്. വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ എന്നീ നാടന്‍ പശുക്കളും സങ്കരയിനം പശുക്കള്‍ക്ക് കൂട്ടായി ലത്തീഫിന്റെ ഫാമിലുണ്ട്. പശുക്കള്‍ക്കായി സമൃദ്ധമായ തീറ്റപ്പുല്‍ കൃഷിയും ലത്തീഫിനുണ്ട്. ഒപ്പം നെല്‍കൃഷിയില്‍ നിന്നുള്ള വൈക്കോല്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനാല്‍ വര്‍ഷം മുഴുവന്‍ തീറ്റയുറപ്പാക്കാന്‍ പ്രയാസമേതുമില്ല. 

ദിവസം 150 ലിറ്ററോളമാണ് ഫാമില്‍ നിന്നുള്ള പാലുത്പാദനം. ഈ നറും പാലില്‍ നിന്നും 40 ലിറ്ററോളം 'റോയല്‍ ഫാം ഫ്രഷ്  മില്‍ക്ക്' എന്ന പേരില്‍ ഫാമില്‍ നിന്ന് നേരിട്ട്  ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തിക്കും. ഒരു ലിറ്റര്‍ പാല്‍ 50 രൂപനിരക്കിലാണ് പ്രാദേശിക വിപണിയില്‍ നല്‍കുക. വിപണിവിലയേക്കാള്‍ അല്പം കൂടുതലാണ് ഫാം ഫ്രഷ് മില്‍ക്കിന് വിലയെങ്കിലും നാടന്‍ രുചിയുള്ള ഈ നാട്ടുപാലിന് ആവശ്യക്കാരേറെയാണ് ലത്തീഫ് പറയുന്നു. 

cow

പാലിനൊപ്പം ഫാമില്‍ ജൈവരീതിയില്‍ വിളയുന്ന പച്ചക്കറികളും വിപണനം നടത്തും. ഫാം ഫ്രഷ് മില്‍ക്കും പച്ചക്കറികളും ഉപഭോക്താക്കളുടെ വീട്ടിലെത്തിക്കാന്‍ ലത്തീഫിന് പ്രത്യേക വിപണനമുറ തന്നെയുണ്ട്. അതാണ് മില്‍ക്ക് ബോയ് സംവിധാനം. വിദ്യാര്‍ത്ഥികളും തൊഴില്‍ രഹിതരുമായ യുവാക്കളാണ് റോയല്‍ ഫാമില്‍  നിന്നുള്ള പാല്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ കൃത്യമായി എത്തിക്കുക. വിതരണം നടത്തുന്ന യുവാക്കള്‍ക്ക് ഒരു ലിറ്റര്‍ പാലിന് പത്ത് രൂപ വീതം നല്‍കും. 

പാലില്‍ നിന്നും ക്രീം മാറ്റിയ ശേഷം ആരംഭകം ചേര്‍ത്ത് തൈര്, പാലില്‍ നിന്ന് പ്രത്യേകം ക്രീം സെപ്പറേറ്റര്‍ ഉപയോഗിച്ച്  വേര്‍തിരിച്ച ക്രീം ശേഖരിച്ച് പുളിപ്പിച്ച് നെയ്യ്, പനീര്‍, സംഭാരം തുടങ്ങിയവ വിവിധ മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ഒരു യൂണിറ്റ് ലത്തീഫിന്റെ ഫാമിലുണ്ട്. പാലുല്പന്നനിര്‍മാണ യൂണിറ്റിന്റെ മേല്‍നോട്ടം ലത്തീഫിന്റെ സഹധര്‍മിണി ഷെരീഫക്കാണ്. പ്രാദേശിക വിപണനത്തിനും ഉത്പന്നനിര്‍മാണത്തിനും ശേഷം ബാക്കിവരുന്ന പാല്‍ കോലൊളമ്പ് മില്‍ക്ക് സൊസൈറ്റിലെത്തിച്ച് നല്‍കുകയും ചെയ്യും.

മൂന്ന് മാസം പ്രായമെത്തിയ കാളകുട്ടികളുടെയും അഞ്ച്, ആറ് മാസം പ്രായമെത്തിയ കന്നുകുട്ടികളുടെയും വില്‍പ്പനയും  മറ്റൊരു ആദായമാര്‍ഗമാണ്. ഫാമില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി 6, 4 ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുള്ള രണ്ട് ബയോഗ്യാസ് പ്ലാന്റുകളും റോയല്‍ ഫാമിലുണ്ട്. ബയോഗ്യാസ് പ്ലാന്റില്‍ നിന്നുള്ള ജൈവവാതകമാണ് അടുക്കള ആവശ്യങ്ങള്‍ക്കും പാല്‍സംസ്‌ക്കരണത്തിനും മൂല്യവര്‍ദ്ധിത പാലുല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമെല്ലാം പ്രയോജനപ്പെടുത്തുന്നത്. 

ആടുകള്‍ കൊണ്ടുവരും ആദായം

പത്ത് പെണ്ണാടുകളെയും ഒരു മുട്ടനാടിനെയും വളര്‍ത്തുന്ന ഒരു പ്രജനന യൂണിറ്റാണ് ലത്തീഫിന്റെ ഫാമിലുള്ളത്. തനത് മലബാറി ജനുസ്സില്‍പ്പെട്ടവയാണ് ആടുകള്‍. മൂന്ന് മാസം പ്രായമെത്തിയ  കുഞ്ഞുങ്ങളുടെ വിപണനമാണ് പ്രധാന വരുമാനമാര്‍ഗം. ഇറച്ചി ആവശ്യത്തിനായി മുതിര്‍ന്ന ആടുകളെ വിപണനം ചെയ്യുകയും ചെയ്യും. ആട്ടിന്‍ പാലിന്റെ വിപണനത്തിലൂടെയും ചെറിയ ഒരു വരുമാനം ലത്തീഫിന് കിട്ടും. ആട്ടിന്‍ കാഷ്ടം പൊടിച്ച് പാക്കറ്റുകളിലാക്കിയും ആട്ടിന്‍ മൂത്രം അരിച്ച് വൃത്തിയാക്കി ഒരു ലിറ്റര്‍ കുപ്പികളിലാക്കിയുമുള്ള  വേറിട്ട വിപണനമാര്‍ഗം പരീക്ഷിച്ചും ലത്തീഫ് വിജയിച്ചിട്ടുണ്ട്. 

Latheef

അടുക്കളമുറ്റത്തും വളര്‍ത്താം ഇറച്ചിക്കോഴികള്‍

വെങ്കിട്ടേശ്വര ഹാച്ചറിയില്‍ വികസിപ്പിച്ച വളര്‍ച്ചാനിരക്ക് ഏറെയുള്ള കോബ് ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെയാണ് ലത്തീഫിന്റെ  യൂണിറ്റുകളില്‍ പ്രധാനമായും വളര്‍ത്തുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് അവയുടെ പ്രായത്തിനനുസരിച്ച്  പ്രീ സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ ഇറച്ചിക്കോഴി തീറ്റകളാണ് നല്‍കുക. ബ്രോയിലര്‍ കോഴികളുടെ മാംസം സംസ്‌ക്കരിച്ച് ഫാം ഫ്രഷ് സേഫ് ചിക്കനെന്ന്  ബ്രാന്‍ഡ് ചെയ്താണ് ലത്തീഫ് വിപണിയിലെത്തിക്കുക.

കോഴിയുടെ റീടൈല്‍ വിപണി വിലയേക്കാള്‍ 25 രൂപയോളം അധികവിലയിട്ടാണ് വിപണനം. ഈ നിരക്കില്‍ വിപണനം നടത്തിയാലും ആന്റിബയോട്ടിക്  ഭീതിയൊന്നുമില്ലാതെ വാങ്ങി കഴിക്കാവുന്ന സുരക്ഷിത മാംസമായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്നാണ് ലത്തീഫിന്റെ അനുഭവം.

ഇതുവരെ ഈ മിനി യൂണിറ്റില്‍ നിന്നും നിരവധി ബാച്ച് ഇറച്ചി കോഴികളെ വിപണിയില്‍ എത്തിച്ചുകഴിഞ്ഞു. കോഴിക്കുഞ്ഞ്, തീറ്റ, വാക്‌സിന്‍, വൈദ്യുതി അടക്കമുള്ള ആവര്‍ത്തന ചിലവുകള്‍ ഉള്‍പ്പെടെ 200 കോഴികളുള്ള ഒരു യൂണിറ്റ് നടത്താന്‍ മുപ്പതിനായിത്തോളം രൂപ ചിലവ് വരും. നല്ല വിപണി കണ്ടെത്താന്‍ സാധിച്ചാല്‍ ഒന്നരമസത്തിനുള്ളില്‍ 200 കോഴികള്‍ അടങ്ങുന്ന ഒരു യൂണിറ്റില്‍ നിന്ന്  എല്ലാ ചിലവും കഴിച്ച് ഏകദേശം ഏഴായിരം മുതല്‍ പതിനായിരം രൂപ ആദായം ലഭിക്കും. 

Latheef

ലാഭം കൊണ്ടുവരും ലെഗോണ്‍

വൈറ്റ് ലെഗോണ്‍ പൂവന്‍ കോഴികളെ ഇറച്ചി ആവശ്യത്തിനായി വളര്‍ത്തിവരുമാനമുണ്ടാക്കുന്ന സാധ്യതയും ലത്തീഫ് തന്റെ സമ്മിശ്ര ഫാമില്‍ നടപ്പാക്കി വിജയിച്ചിട്ടുണ്ട്. 50 ദിവസം പ്രായമെത്തുമ്പോള്‍ 500-600 ഗ്രാമോളം തൂക്കം കൈവരിക്കുന്ന ഇവയെ മാംസ വിപണിയില്‍ എത്തിക്കുന്നതാണ് ലത്തീഫിന്റെ രീതി. ലെഗോണ്‍ പൂവന്മാരെ കശാപ്പ് ചെയ്ത് വൃത്തിയാക്കി നല്‍കിയാല്‍ ഒരു കോഴിക്ക് 75 രൂപ വരെ കിട്ടും.

Latheef

മുട്ടക്കോഴികള്‍, താറാവുകള്‍, ടര്‍ക്കികള്‍, ഗിനിക്കോഴികള്‍

ഇറച്ചികോഴി വളര്‍ത്തലിനൊപ്പം തന്നെ നാടന്‍ മുട്ടക്കോഴികളെയും സങ്കരയിനം ബി. വി. 380 മുട്ടകോഴികളെയും ഇടകലര്‍ത്തി വളര്‍ത്തുന്ന ഒരു യൂണിറ്റും ലത്തീഫിന്റെ സമ്മിശ്രകൃഷിയിടത്തിലുണ്ട്. നാടനും സങ്കരയിനവുമായി ഏകദേശം ഇരുനൂറോളം മുട്ടക്കോഴികള്‍ ഇവിടെയുണ്ട്. നാടന്‍ മുട്ടകള്‍ക്ക് വിപണിയില്‍ മുട്ടയൊന്നിന് പത്ത് രൂപ വരെ വില കിട്ടും. 
മുട്ടക്കോഴികളെ കൂടാതെ നൂറോളം കുട്ടനാടന്‍ ചാര, ചെമ്പല്ലി താറാവുകളെയും കുറഞ്ഞ എണ്ണം ടര്‍ക്കി കോഴികളെയും ഗിനിക്കോഴികളെയും ലത്തീഫ് പരിപാലിക്കുന്നുണ്ട്.

ഇത്തിരിപക്ഷികളില്‍ നിന്നും ഒത്തിരി ആദായം

എം. എല്‍.- 2 ഇനത്തില്‍ (ML-2 Quail) പെട്ട 200 സങ്കരയിനം മുട്ട കാടകളെ വളര്‍ത്തുന്ന യൂണിറ്റും ലത്തീഫിന്റെ ഫാമിലുണ്ട്. കാടകളെ പാര്‍പ്പിക്കുന്നതിനായി തട്ടുകളായി കോളനി കേജ് മാതൃകയില്‍ ഇരുമ്പ് ഫ്രെയ്മില്‍ കമ്പി വലയില്‍ തീര്‍ത്ത കൂടുകള്‍ മട്ടുപ്പാവിലാണ് ലത്തീഫ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാഴ്ച പ്രായത്തില്‍ വാങ്ങിക്കുന്ന കാടകള്‍ ആറാഴ്ച പ്രായമെത്തുമ്പോള്‍ മുട്ടയിട്ട് തുടങ്ങും. വര്‍ഷം 320 മുട്ടകളോളം ഒരു കാടയില്‍ നിന്നും കിട്ടും. ഒരു കാടമുട്ടക്ക് രണ്ട് രൂപ എന്ന നിരക്കിലാണ് വിപണനം. കാടമുട്ട തേടിയെത്തുന്നവര്‍ ഏറെയുള്ളതിനാല്‍ വിപണി കണ്ടെത്താന്‍ ഒട്ടും പ്രയാസം ലത്തീഫിനില്ല. 52 - 54 ആഴ്ച പ്രായമെത്തുന്നത് വരെയാണ് കാടകളുടെ ലാഭകരമായ മുട്ടയുത്പാദനകാലം. അതുകഴിഞ്ഞാല്‍ കാടകളെ മാംസവിപണിയിലെത്തിക്കുന്നതാണ് ഇവിടെ പതിവ്.

latheef

നെല്‍ക്കൃഷിയാണ് ലത്തീഫിന് ജീവന്‍

മൃഗസംരക്ഷണരംഗത്ത് നിരവധി സംരംഭങ്ങള്‍ ഒരുക്കി തീര്‍ത്തും വ്യത്യസ്ഥമായ ഒരു ആദായ മാതൃകയുമായി മുന്നേറുമ്പോഴും ലത്തീഫ് ഏറ്റവും ശ്രദ്ധയും പരിഗണനയും നല്‍കുന്നത് നെല്‍കൃഷിക്ക് തന്നെ. കാരണം നെല്ലാണ് ജീവന്‍ എന്നതാണ് ലത്തീഫിന്റെ നിലപാട്. തൃശ്ശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ സ്വന്തമായി കൈവശമുള്ള 5 ഏക്കര്‍ സ്ഥലത്തും ബാക്കി 85 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തും ലത്തീഫിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്.

മലപ്പുറം ജില്ലയിലെ തന്നെ കാലടി പഞ്ചായത്തില്‍ 20 ഏക്കറിലും പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തില്‍ 15 ഏക്കറിലും നെല്‍കൃഷിയിറക്കാന്‍ ലത്തീഫ് മുന്‍കൈ എടുത്തിട്ടുണ്ട്. കൈവശമുള്ള സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും വിളയുന്ന നെല്ലില്‍ നിന്നുമൊരു പങ്ക്  തൃശ്ശൂര്‍ കാര്‍ഷിക കോളേജിലേക്കാവശ്യമായ വിത്തിനായും ബാക്കി സപ്ലൈക്കോവിലും നല്‍കുന്നതാണ് ലത്തീഫിന്റെ രീതി. പാട്ടം നല്‍കിയാണെങ്കില്‍ പോലും 20,000 മുതല്‍ 30,000 രൂപവരെ ഒരു ഹെക്ടറില്‍ നിന്ന് ലാഭം ഉണ്ടാക്കാന്‍ കഴിയുന്നുണ്ടെന്ന് പറയുമ്പോള്‍ ലത്തീഫിന്റെ മുഖത്ത്  സതൃപ്തിയേറെ.

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കോള്‍പാടങ്ങളില്‍ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ഇതുകൂടാതെ തെങ്ങ്, കവുങ്ങ്, ജാതി, വാഴ, മരച്ചീനി, മധുരക്കിഴങ്ങ് തുടങ്ങിയ കൃഷികളെല്ലാം ലത്തീഫ് ചെയ്യുന്നുണ്ട്.  മട്ടുപ്പാവില്‍ പച്ചക്കറിക്കൃഷിയും ലത്തീഫിനുണ്ട്. കട്ട്‌ല, രോഹു എന്നെ മത്സ്യങ്ങളെ ടാങ്കിലും കുളത്തിലുമായി വളര്‍ത്തുന്ന ഒരു യൂണിറ്റും റോയല്‍ ഫാമിലുണ്ട്.

Latheef

സമ്മിശ്ര-സംയോജിത കൃഷിയുടെ റോയല്‍ മോഡല്‍

ഫാമിന്റെ പേരിനെ അന്വര്‍ഥമാക്കും വിധം സമ്മിശ്രകൃഷിയുടെ ഒരു റോയല്‍ മാതൃക തന്നെയാണ് എടപ്പാള്‍ കോലളമ്പിലെ റോയല്‍ ഫാം. ഇത്തവണ മലപ്പുറം ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള കൃഷിവകുപ്പിന്റെ അവാര്‍ഡും ഈ കര്‍ഷകശ്രീയെ തേടിയെത്തി. 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ പുരസ്‌കാരത്തിനും (രണ്ടാം സ്ഥാനം)  ലത്തീഫ് അര്‍ഹനായിരുന്നു.

ഒരു സംരംഭകന് അവന്റെ അരയേക്കര്‍ പുരയിടകൃഷിയില്‍ നിന്ന് തന്നെ ദിവസവും എറ്റവും ചുരുങ്ങിയത് 500 - 1000 രൂപ വരെ ആദായം ഉണ്ടാക്കാന്‍ സാധിക്കുമെന്നത് തെളിയ്ക്കുന്ന സമ്മിശ്ര-സംയോജിത  കൃഷി മാതൃകയാണ് ലത്തീഫിന്റെ എടപ്പാളിലെ റോയല്‍ ഫാമിലുള്ളത്. 5 പശുക്കള്‍, 10 ആടുകള്‍, മുട്ട കോഴികള്‍, ബ്രോയിലര്‍ കോഴികള്‍, കാടകള്‍, താറാവുകള്‍, ഫാമില്‍ നിന്നുള്ള ജൈവവളങ്ങള്‍ ഉപയോഗപ്പെടുത്തി ചെറിയ രീതിയില്‍ പച്ചക്കറികൃഷി, പാലില്‍ നിന്ന് ഉണ്ടാക്കാവുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നീ സംരംഭങ്ങള്‍ ഒരുക്കാനും പ്രാദേശികമായി വിപണനം ചെയ്യാനും കുടുംബത്തിന്റെ പൂര്‍ണ്ണസഹകരണത്തോടെ ആത്മാര്‍ത്ഥമായി അധ്വാനിക്കാനും ഒരാള്‍ തയ്യാറെങ്കില്‍ അരയേക്കറില്‍ ഒതുങ്ങുന്ന പുരയിട കൃഷിയില്‍ നിന്നും ദിവസം ഇതോ ഇതിലധികമോ ആദായം അകലെയല്ലന്ന് പറയുമ്പോള്‍ ലത്തീഫിന് ആത്മവിശ്വാസമേറെ.

ഇതൊന്നും വെറും വാക്കല്ലെന്നും എടപ്പാള്‍ കോലളമ്പിലെ റോയല്‍ ഫാമില്‍ വന്നാല്‍  ആര്‍ക്കും നേരിട്ട് ബോധ്യപ്പെടുമെന്നും ലത്തീഫ് ഉറപ്പു നല്‍കുന്നു. തരിശുകിടക്കുന്ന എല്ലായിടവും കൃഷിയിടമാക്കണമെന്നും എല്ലാവരും അവരാല്‍ കഴിയും വിധം കൃഷിക്കാരനാവണമെന്നുമാണ് ഈ കര്‍ഷകന്റെ സ്വപ്നം. ഇതിനായി കാര്‍ഷിക കൂട്ടായ്മകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു. 

 

കൃഷിയെ അറിയാനും കൃഷിയിലേക്കിറങ്ങാനുമുള്ള ആഗ്രഹവുമായി ഫാമിലെത്തുന്ന ഏതൊരാര്‍ക്കും  സമ്മിശ്ര-സംയോജിത കൃഷിയുടെ സാധ്യതകളെയും അരയേക്കറില്‍ നിന്നും മാസം അരലക്ഷത്തോളം ആദായമുണ്ടാക്കാനുള്ള വഴികളെയും പരിചയപ്പെടുത്തി നല്‍കാന്‍ സദാസന്നദ്ധനാണ് അബ്ദുല്‍  ലത്തീഫ് എന്ന കര്‍ഷകമിത്രം.

അബ്ദുല്‍ ലത്തീഫിനെ ബന്ധപ്പെടാനുള്ള വിലാസം

അബ്ദുല്‍ ലത്തീഫ്. ഇ
റോയല്‍ ഫാം, കോലളമ്പ്,
എടപ്പാള്‍, മലപ്പുറം
ഫോണ്‍- 9947 8412 34

Content Highlights: Agriculture KarshakaDinam , Success story of farmer from Malappuram