ഞ്ചേക്കറിനടുത്തുവരുന്ന ഒരു കുന്നിന്‍ചെരിവൊന്നാകെ തട്ടുതട്ടാക്കി തിരിച്ച് പൂര്‍ണമായും ജൈവകൃഷി ചെയ്യുകയാണ് കോഴിക്കോട് ഒളവണ്ണ, ഈരാട്ടുകുന്ന് സ്വദേശി ഷംസുധീര്‍ ദാസ്. ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷകനായി അധികൃതര്‍ പേരുനിര്‍ദേശിച്ച ആള്‍.

തട്ടുകള്‍ക്കുള്ളില്‍ തടങ്ങള്‍

രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ കൊടല്‍ നടക്കാവിനടുത്താണ് ഈരാട്ടുകുന്ന്. കാടുപിടിച്ചുകിടന്നിരുന്ന ഇവിടെ കൃഷിചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യത്തെ കടമ്പ നിലം ഒരുക്കുന്നതെങ്ങനെ എന്നതായിരുന്നു. ജെ.സി.ബി. ഉപയോഗിച്ച് കുന്നിന്‍ ചെരിവിനെ ആറുതട്ടുകളാക്കിത്തിരിച്ചു. വേനല്‍കാലത്ത് വെള്ളത്തിന് ബുദ്ധിമുട്ടുനേരിടുന്ന സ്ഥലമായതിനാല്‍ ആദ്യംതന്നെ കുന്നിന്റെ താഴ്വാരത്ത് കിണര്‍ കുഴിച്ചു. മോട്ടോര്‍ വാങ്ങി ആറുതട്ടുകളിലേക്കും പൈപ്പ്ലൈന്‍ വലിച്ച് ജലസേചനം ഉറപ്പാക്കി. 

തട്ടാക്കി തിരിച്ച ശേഷം അവയില്‍ അഞ്ചടി വീതിയില്‍ ചരിവിന്റെ വീതിക്കു കുറുകെ ചെങ്കല്ലുകൊണ്ടും ഹോളോബ്രിക്സ് കൊണ്ടും ദീര്‍ഘചതുരാകൃതിയില്‍ തടങ്ങള്‍ ഉണ്ടാക്കി അതില്‍ പോട്ടിങ് മിശ്രിതം നിറച്ചാണ് തൈകള്‍ നട്ടത്. ഇങ്ങനെ നടുമ്പോള്‍ തടങ്ങള്‍ വീണ്ടുംവീണ്ടും ഉണ്ടാക്കേണ്ട പണി ലാഭമാണ്. മാത്രമല്ല തടത്തില്‍ നല്‍കുന്ന വളം ഒലിച്ചു പോകാതെ മൊത്തമായി വിളയ്ക്ക്‌ ലഭിക്കും. കളകള്‍ പെട്ടെന്ന്പറിച്ചെടുക്കാനും മണ്ണിന്റെ സംരക്ഷണത്തിനും ഇതിലൂടെ കഴിഞ്ഞു എന്ന് ഷംസുധീര്‍ദാസ് പറഞ്ഞു.

shamsudeer

എല്ലാം ജൈവം

രാസവളങ്ങളോ കീടനാശിനികളോ കൃഷിയിടത്തില്‍ തൊടീക്കില്ലെന്ന ദൃഢപ്രതിജ്ഞയെടുത്തയാളാണ് കൃഷി രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഷംസുധീര്‍ദാസ്. പതിനഞ്ചുവര്‍ഷം മുമ്പ് ഒളവണ്ണപഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നേടിയ, മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന തച്ചമ്പലത്ത് ഭുവനദാസിന്റെ മകന് അങ്ങനെയാകാനേ കഴിയൂ.

കറകളഞ്ഞ ചകിരിച്ചോറും ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം തടങ്ങളിലെ മണ്ണില്‍ ഇളക്കിച്ചേര്‍ക്കും. അതില്‍ നട്ടുവളര്‍ത്തിയെടുക്കുന്ന തൈകള്‍ ഒന്നു മുതിര്‍ന്നാല്‍ എല്ലുപൊടിയും കടലപ്പിണ്ണാക്ക് കുതിര്‍ത്ത് പുളിപ്പിച്ചതിന്റെകൂടെ ചാണകത്തെളിയും ഒഴിച്ചുകൊടുക്കും. ഗോമൂത്രം നേര്‍പ്പിച്ചതും വളമായിനല്‍കും. ചാരവും പച്ചിലവളവും കൂടെ നല്‍കും. 

നല്ല ജൈവവള പ്രയോഗത്താല്‍ നന്നായി ആരോഗ്യത്തോടെ നില്‍ക്കുന്ന ചെടികളെ രോഗങ്ങളും കീടങ്ങളും ഒന്നും ബാധിക്കില്ല എന്നതാണ് ഷംസുധീര്‍ദാസിന്റെ പക്ഷം. വേപ്പെണ്ണ, ആവണക്കെണ്ണ, സോപ്പ്ലായനി എന്നിവചേര്‍ത്തുള്ള ഒരു പ്രത്യേക മിശ്രിതമാണ് ചെടികളുടെ രക്ഷയ്ക്കായി തളിക്കാറ്.

വിളകളുടെ വൈവിധ്യം

കൃഷിയിടത്തിന്റെ ഒരിഞ്ചും ഒഴിവാക്കാത്ത രീതിയില്‍ വളരെ വ്യത്യസ്തമായാണ് വിളകള്‍ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. നടക്കുന്ന വഴികളിലെല്ലാം പ്ലാസ്റ്റിക് നെറ്റുകൊണ്ട് തയ്യാറാക്കിയ പന്തലില്‍ വിളഞ്ഞുനില്‍ക്കുന്ന പാഷന്‍ഫ്രൂട്ടുകള്‍ കാണാം. മതിലിന്റെ അരികുകളിലെല്ലാം പലതരം പ്ലാവും മാവും പേരക്കയും റംബൂട്ടാനും മാങ്കോസ്റ്റിനും തടങ്ങളില്‍നിറച്ചും വിവിധയിനം വെണ്ട, വഴുതിന, തക്കാളി, മുളക്, പയര്‍, കൈപ്പ, കോവല്‍, പടവലം, കുറ്റിയറ്റുകൊണ്ടിരിക്കുന്ന സുന്ദരിച്ചീരയടക്കം വിവിധ ചീരയിനങ്ങള്‍.

തോട്ടത്തിനു കാവലായി ശീമക്കൊന്നയുടെ ജൈവവേലി. കിട്ടിയയിടങ്ങളിലൊക്കെ കറിവേപ്പിന്റെ തൈകള്‍, മല്ലിയില, പുതിനയില എന്നുവേണ്ട ഒരു വീട്ടിലേക്കുവേണ്ട എല്ലാതരം പച്ചക്കറികളും ഓര്‍ഗാനിക്കയില്‍ വളര്‍ത്തുന്നു. റെഡ്ലേഡി പപ്പായയുടേത് മാത്രമായി ആയിരത്തിഅഞ്ഞുറോളം കായ്ക്കുന്ന മരങ്ങള്‍ ഇവിടെയുണ്ട്.

shamsudeer

തൈകളും വില്‍പ്പനയ്ക്ക്

വിളകളെല്ലാം പ്രാദേശികമായി വിപണനം ചെയ്യുന്നതിനുപുറമേ ഓര്‍ഗാനിക് പച്ചക്കറികള്‍ മാത്രം വില്‍ക്കുന്ന ജില്ലയിലെ പല ഷോപ്പുകാരും മൊത്തവിലയ്ക്കെടുക്കുന്നു. എല്ലാം ജൈവമാണെങ്കിലും അമിതവിലയൊന്നും ദാസ് ഈടാക്കാറില്ല. എല്ലാ പദ്ധതികളും തയ്യാറാക്കുന്നത് ദാസ് ഒറ്റയ്ക്കാണെങ്കിലും സഹായത്തിന് സ്ഥിരമായി മൂന്നു പേര്‍ കൂടെയുണ്ട്. 

പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും തൈകളും വില്‍പ്പനയ്ക്ക് തയ്യാറാക്കിയ നഴ്സറിയും ഇവിടെയുണ്ട്. പുണെയില്‍നിന്നും കൊണ്ടുവന്ന മികച്ചയിനം റെഡ്ലേഡിയുടെ തൈകളാണ് നഴ്സറിയിലെതാരം. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും മലപ്പുറത്തുനിന്നും ഒട്ടേറെപ്പേര്‍ തൈകള്‍ അന്വേഷിച്ച് ഫാമിലെത്തുന്നുണ്ട്. തികച്ചും ജൈവമായിത്തന്നെ മുളപ്പിച്ചെടുക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 

'ഓര്‍ഗാനിക്ക' പാലും റെഡി

ഭൂമി തട്ടാക്കി തിരിച്ചതിന്റെ അവസാന തട്ടില്‍ 100 പശുക്കളെക്കൊള്ളാവുന്ന ഒരു ഫാമും തയ്യാറാക്കിയിട്ടുണ്ട്. അതില്‍ സങ്കരയിനവും നാടനുമായി ഇരുപതിലധികം പശുക്കളും ഇപ്പോഴുണ്ട്. ജേഴ്സി, എച്ച്.എഫ്., വൈറ്റ് ഓസ്റ്റിന്‍, റെഡ്ഓസ്റ്റിന്‍ എന്നിങ്ങനെ പശുക്കളാണ് ഇപ്പോഴുള്ളത്. ഫാം ആരംഭിച്ചിട്ടേയുള്ളൂ. അതിന്റെ വികസന ഘട്ടങ്ങളില്‍ ആടുകളും കോഴികളും ഉള്‍പ്പെടുമെന്ന് ഷംസുധീര്‍ദാസ് പറഞ്ഞു. തികച്ചും ജൈവരീതിയില്‍ പാലുത്പാദിപ്പിച്ച് വിപണനം ചെയ്യാനും പദ്ധതിയുണ്ട്. 

ഒരുക്കി നല്‍കും പഴത്തോട്ടം

നിര്‍മാണ മേഖലയില്‍ കരാര്‍വര്‍ക്കുകള്‍ ഏറ്റെടുത്തു തീര്‍ത്തുകൊടുക്കുന്ന ജോലിയാണ് സിവില്‍ എന്‍ജിനിയര്‍ കൂടിയായ ഷംസുധീര്‍ദാസിന്. കുറഞ്ഞസ്ഥലത്ത് കൂടുതല്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു വെട്ടിനിര്‍ത്തി കുറ്റിയാക്കി കായ്പ്പിച്ചെടുക്കുന്ന ഒരു ഫലവൃക്ഷത്തോട്ടവും അദ്ദേഹം തന്റെ ഫാമില്‍ ഒരുക്കുന്നുണ്ട്. കുറഞ്ഞസ്ഥലത്ത് എല്ലാ ഫലവൃക്ഷങ്ങളും നട്ടു പിടിപ്പിക്കുന്ന പ്രവൃത്തിയും കരാര്‍ പ്രകാരം ഷംസുധീര്‍ദാസ് ചെയ്തുകൊടുക്കുന്നുണ്ട്. 

കൃഷിവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും എല്ലാ സഹായവും ലഭിക്കാറുണ്ടെന്നും ഒളവണ്ണയിലെ മുന്‍ കൃഷി ഓഫീസറായ അജയ് അലക്സിന്റെ പ്രേരണയിലാണ് ഇത് തുടങ്ങിയതെന്നും ജൈവകൃഷിയുടെയും പഴത്തോട്ടത്തിന്റെയും പ്രചാരമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

ഫോണ്‍: 91 93497 30398

Content Highlights:  Agriculture KarshakaDinam, Success story of an organic farmer from Kozhikode