കൃഷിഭൂമി സ്വന്തമായില്ലാത്ത വിന്‍സെന്റ് വര്‍ഷങ്ങളായി വിളയിറക്കുന്നത് അമ്പലപ്പറമ്പില്‍. മഴക്കാലകൃഷിയില്‍ പയറുമുതല്‍ കിഴങ്ങുവര്‍ഗ വിളകള്‍വരെയുണ്ട്. ഏഴിക്കര പനിക്കപ്പറമ്പ് ദേവീ ക്ഷേത്രത്തിന് ചുറ്റും, പുരാതനമായ കാവും ക്ഷേത്രവും കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി. 

ഏഴിക്കര കൊടിയന്‍തറ വിന്‍സെന്റിന് (51) ചെമ്മീന്‍കെട്ടായിരുന്നു. അതില്‍ തുടര്‍ച്ചയായുണ്ടായ നഷ്ടമാണ് പച്ചക്കറികൃഷിയിലേക്ക് തിരിയാന്‍ ഇടയാക്കിയത്. കൃഷിഭൂമി സ്വന്തമായില്ലാത്ത അവസ്ഥയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിനല്‍കാന്‍ പള്ളിയാക്കല്‍ സഹകരണ ബാങ്ക് തുണച്ചു. ബാങ്ക് ഇടപെട്ട് ക്ഷേത്രത്തിന് ചുറ്റും സൗജന്യമായി കൃഷി നടത്താന്‍ അനുമതി ലഭ്യമാക്കി. 

ഒന്നരയേക്കറിലാണ് നാനാതരത്തിലുള്ള കൃഷി നടത്തുന്നത്. ഓണം ലക്ഷ്യമിട്ട് പയര്‍ കൂടുതലായി കൃഷി ചെയ്തിട്ടുണ്ട്. ചേന, കണ്ടിച്ചേമ്പ്, കപ്പ, ഉരുളക്കിഴങ്ങ്, കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍, വെണ്ട, പാവല്‍, പീച്ചില്‍, പടവലം, േസായാബിന്‍, വാഴ എന്നിവയും കൃഷിചെയ്തിട്ടുണ്ട്. ചെറിയതോതില്‍ കരനെല്‍കൃഷിയും പരീക്ഷിക്കുന്നു.

ചാണകപ്പൊടിയും കോഴിവളവും പിണ്ണാക്കുമാണ് പ്രധാന വളം. വേപ്പെണ്ണയും വെളുത്തുള്ളിയും ചേര്‍ത്ത മിശ്രിതം കീടങ്ങളെ തുരത്താന്‍ തളിക്കും. കഴിഞ്ഞ രണ്ടുവര്‍ഷം അതിവര്‍ഷത്തെ തുടര്‍ന്ന് കൃഷിനാശമുണ്ടായി.

കൃഷിയില്‍നിന്ന് മാസം 10,000 രൂപയോളം മിച്ചമുണ്ടാക്കാനാകുമെന്ന് വിന്‍സെന്റ് പറയുന്നു. പള്ളിയാക്കല്‍ ബാങ്കിന്റെ ജൈവപച്ചക്കറി സ്റ്റാള്‍ മുഖേനയാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

Content Highlights: success story of a group of farmers from ernakulam