ണ്ടു പതിറ്റാണ്ട് മുടങ്ങാതെ കൃഷിയിറക്കിയ തുറവൂര്‍, അഞ്ചടിപ്പാടം ഇത്തവണ തരിശായിക്കിടക്കുമെന്നറിഞ്ഞപ്പോള്‍ ആശ്രമ വിശ്വാസികളുടെ നെഞ്ചുവിങ്ങി. നെല്‍കൃഷിയുടെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്തവര്‍ മറ്റൊന്നുമാലോചിക്കാതെ തൂമ്പയും കൈക്കോട്ടുമായി പാടത്തേക്കിറങ്ങി. കരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്തിരൂര്‍ ആശ്രമത്തോടു ചേര്‍ന്നാണ് പാടശേഖരം.

കൃഷിയുണ്ടായിരുന്ന സമയങ്ങളില്‍ വല്ലപ്പോഴും പാടത്ത് സഹായത്തിനിറങ്ങിയിരുന്ന രാജന്‍ എന്ന ഗുരുഭക്തനു മാത്രമാണ് കൃഷിയുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആത്മവിശ്വാസം മാത്രം കൈമുതലായുണ്ടായിരുന്ന ആറുപേര്‍ ഗുരുവിനെ മനസ്സില്‍ വിചാരിച്ച് പാടത്തേക്കിറങ്ങിയപ്പോള്‍ 18 ഏക്കറാണ് പച്ചപ്പണിഞ്ഞത്.

പല പാടശേഖരങ്ങളിലും കൃഷിയറിയുന്നവര്‍ പോലും പ്രതിസന്ധികളില്‍ വലയുമ്പോഴാണ് കൃഷിയറിയാത്തവര്‍ ചരിത്രം കുറിക്കുന്നത്. വെളുത്ത, ബാലകൃഷ്ണന്‍, പുരുത്തോമന്‍, സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ 30 പേരാണ് മുമ്പ് കൃഷിപ്പണി ചെയ്തിരുന്നത്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വന്ന നിയന്ത്രണങ്ങള്‍ കൃഷി ജോലിക്കായി ഇവര്‍ക്ക് ആശ്രമത്തിലെത്തുന്നതിന് തടസ്സമായി.

എങ്കിലും മുന്‍വര്‍ഷത്തെ വിളവെടുപ്പില്‍നിന്ന് സൂക്ഷിച്ചുവച്ച പൊക്കാളി നെല്‍വിത്തുകള്‍ ആശ്രമത്തിലുണ്ടായിരുന്നു.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച ഘട്ടത്തിലാണ് വിശ്വാസികള്‍ കൃഷിക്കാരായത്. മുട്ടോളം വളര്‍ന്ന ഞാറുകള്‍ പറിച്ചു നടുന്ന ജോലികളാണിപ്പോള്‍ നടന്നു വരുന്നത്. ജനനി അഭേദ ജ്ഞാന തപസ്വിനി, ബ്രഹ്‌മചാരി ഹരികൃഷ്ണന്‍, കെ.ഷിബു എന്നിവര്‍ സഹായവും സഹകരണവുമായി കൂടെയുണ്ട്.

Content Highlights: Success story of a group of farmers from Alappuzha