കൊടുമണ്‍, മംഗലത്ത് സ്റ്റുഡിയോ നടത്തുന്ന രാജേന്ദ്രനെ കൊടുമണ്ണുകാര്‍ക്കെല്ലാം അറിയാം. എന്നാല്‍, രാജേന്ദ്രന്‍ നാലുവര്‍ഷമായി ഫോക്കസ് ചെയ്യുന്നത് കൃഷിയിലാണ്. രണ്ടാംകുറ്റിയില്‍ രാജേന്ദ്രന്‍ വീടിനോട് ചേര്‍ന്ന ഒന്നരയേക്കര്‍ പുരയിടത്തില്‍ ഇല്ലാത്ത കൃഷികളൊന്നുമില്ല.

കാര്‍ഷികവൈവിധ്യം

ചീനി, ചേമ്പ്, ചേന, മഞ്ഞള്‍, ഇഞ്ചി, പയര്‍, വാഴ തുടങ്ങിയ പരമ്പരാഗത കൃഷികള്‍ കൂടാതെ പല ദീര്‍ഘകാല കൃഷികളും ഉണ്ട്. 100 മൂട് കരിമുണ്ട ഇനം കുരുമുളക് കൊടി, 30 മൂട് റമ്പൂട്ടാന്‍, 300 മൂട് മോഹിത് നഗര്‍ ഇനം കമുക്, ഏഴുമൂട് മാങ്കോസ്റ്റിന്‍, 15 മൂട് സങ്കരയിനം തോട്ടുപുളി, 10 മൂട് ജാതി, 15 മൂട് വാനില, തെങ്ങ് തുടങ്ങി കാര്‍ഷിക വൈവിധ്യത്തിന്റെ കാഴ്ചയാണ് പുരയിടം നിറയെ. അക്വാഫോണിക്‌സ് രീതിയില്‍ ഒരു ടാങ്കില്‍ മീന്‍ വളര്‍ത്തുന്നു. ഇതുകൂടാതെ രണ്ട് കുളങ്ങളിലും മീന്‍ വളര്‍ത്തുന്നുണ്ട്.

തുള്ളിനനയിലൂടെ ജലസേചനം

പല തട്ടുകളായി കിടക്കുന്ന പുരയിടത്തിലെ കൃഷികള്‍ക്ക് തുള്ളി നനയിലൂടെയാണ് ജലസേചനം നടത്തുന്നത്. താഴെയുള്ള കുളത്തില്‍നിന്നും വെള്ളം പമ്പ് ചെയ്ത് പുരയിടത്തിന്റെ ഉയര്‍ന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ടാങ്കിലെത്തിക്കുന്നു. അവിടെനിന്നും എല്ലാ ഭാഗത്തേക്കും പൈപ്പുകള്‍ വഴി തുള്ളിനന രീതിയിലെത്തിക്കുന്നു.

പന്നിയെ തുരത്താന്‍ സൗരോര്‍ജവേലി

കാട്ടുപന്നി ശല്യം അതിരൂക്ഷമാണിവിടെ. നാല് വര്‍ഷം മുമ്പ് കൃഷി തുടങ്ങുമ്പോള്‍ പുരയിടത്തിന് ചുറ്റും ടിന്‍ ഷീറ്റ് കൊണ്ട് മറകെട്ടി കാട്ടുപന്നിയെ തുരത്താന്‍ ശ്രമിച്ചു. കുറച്ചുനാള്‍ വിജയിച്ചു. പക്ഷേ, ഒരിക്കല്‍ കാട്ടുപന്നി വിജയിച്ചു. പുരയിടത്തില്‍ കയറിയ അവന്‍ വിളകളെല്ലാം നശിപ്പിച്ചു. ഇപ്പോള്‍ പുരയിടത്തിന് ചുറ്റും സൗരോര്‍ജ വൈദ്യുതിവേലി സ്ഥാപിച്ച് കാട്ടുപന്നികളെ തുരത്തുകയാണ് രാേേജന്ദ്രന്‍.

കൃഷി സംതൃപ്തി നല്‍കുന്നു ഫോട്ടോഗ്രാഫി പോലെ കൃഷിയും മനസ്സിന് സംതൃപ്തി നല്‍കുന്നുവെന്ന് രാജേന്ദ്രന്‍ പറയുന്നു. ഒരുവിളയ്ക്കുണ്ടാവുന്ന പരാജയം വൈവിധ്യമാര്‍ന്ന വിളകളുടെ കൃഷി കൊണ്ട് മറികടക്കാമെന്നും അദ്ദേഹം പറയുന്നു. ദീര്‍ഘകാല വിളകള്‍ ഭാവിയില്‍ നല്ല ആദായം നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

Content Highlights: Success Story of a farmer from Pathanamthitta