വെള്ളംകയറി കൃഷിയെല്ലാം പോയി, കുളത്തിലെ മീനും. എന്നാലും, ഇനിയും കൃഷിയിറക്കും. വലതുകാലില്‍ 20 പ്രാവശ്യം ഓപ്പറേഷന്‍ കഴിഞ്ഞു. ആ കാലുവെച്ചാണ് കൃഷിപ്പണി. തോല്‍ക്കാനാണെങ്കില്‍ എന്നേ ഇതെല്ലാം നിര്‍ത്തേണ്ടതാണ്.- വെള്ളംകയറി നശിച്ച കൃഷിയിടത്തില്‍നിന്ന് ആലപ്പുഴ, ചെറുതന ആയാപറമ്പ് ശിവഗംഗയില്‍ എം.ശിവന്‍പിള്ള (61) പറഞ്ഞു.

48 സെന്റില്‍ പാവല്‍, പടവലം, മുളക്, വെണ്ട, തക്കാളി, പയര്‍ തുടങ്ങി സകല പച്ചക്കറികളും കൃഷിചെയ്തതാണ്. ഓണത്തിന് വിളവെടുക്കാന്‍ പാകമായിരുന്നു. ഇതിനിടെയാണ് വെള്ളപ്പൊക്കം. വീടിനുള്ളില്‍ ഉള്‍പ്പെടെ വെള്ളംനിറഞ്ഞു. ഒരാഴ്ചകൊണ്ട് എല്ലാം നശിച്ചു. മുറ്റത്തെ കുളത്തില്‍ 1,000 കാരിക്കുഞ്ഞുങ്ങളെ വളര്‍ത്തിവരുകയായിരുന്നു. അതും നഷ്ടമായി. എല്ലാം ഒന്നില്‍നിന്നുതുടങ്ങാനുള്ള ഒരുക്കത്തിലാണ് ശിവന്‍പിള്ള. 

മികച്ച സമ്മിശ്ര കര്‍ഷകനുള്ള 25,000 രൂപയും ട്രോഫിയും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ശിവന്‍പിള്ളയെ തേടിയെത്തിയിട്ടുള്ളത്. വീടിനോടുചേര്‍ന്ന് സ്വന്തമായുള്ള സ്ഥലത്തിനൊപ്പം ഒരേക്കര്‍ പാട്ടത്തിനെടുത്തും കൃഷിചെയ്യുന്നു. പച്ചക്കറികള്‍ക്കൊപ്പം 80 കോഴി, ഒന്‍പത് ആട്, ഏഴ് പശു എന്നിവയെയും വളര്‍ത്തുന്നു. മൂന്നുവര്‍ഷമായി തനി ജൈവകൃഷിയാണ്. കോഴിയുടെയും ആടിന്റെയും കാഷ്ഠവും ചാണകവുമാണ് കൃഷിയിടത്തില്‍ വളമാകുന്നത്.

എല്ലാ വര്‍ഷവും വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചുപോകാറുണ്ട്. തൊട്ടുപിന്നാലെ വീണ്ടും കൃഷിയിറക്കും. വെള്ളംകയറുമ്പോള്‍ കോഴിയെയും താറാവിനെയും സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാറുണ്ടായിരുന്നു. ഇപ്പോള്‍ കോഴിക്കൂട് ഉയര്‍ത്തിനിര്‍മിച്ചതോടെ ആ പ്രശ്‌നത്തിന് പരിഹാരമായി.

ശിവന്‍പിള്ള തീരെച്ചെറുപ്പംമുതല്‍ കര്‍ഷകനാണ്. ഇരുപത്തിയഞ്ചു വയസ്സുള്ളപ്പോഴാണ് കാലിന്റെ ഉപ്പൂറ്റിക്ക് ചെറിയ നീരുണ്ടായത്. അന്ന് ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങിയതാണ്. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഇരുപത് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇപ്പോഴും മുറിവ് കരിഞ്ഞിട്ടില്ല. ഇതിനിടെ ഹൃദയശസ്ത്രക്രിയയും വേണ്ടിവന്നു. എന്നിട്ടും അസുഖമാണെന്നുപറഞ്ഞ് വെറുതെയിരിക്കാന്‍ മനസ്സില്ലെന്ന് ശിവന്‍പിള്ള പറഞ്ഞുചിരിച്ചു. ഭാര്യ ഉഷാകുമാരി ശിവന്‍പിള്ളയ്‌ക്കൊപ്പം എപ്പോഴും കൃഷിയിടത്തിലുണ്ടാകും.

Content Highlights: Agriculture, KarshakaDinam 2020 : Success story of a farmer from Alappuzha