ലയാളി കര്‍ഷക ദിനമായി ആചരിക്കുന്ന ചിങ്ങം ഒന്നിനു മുന്‍പെ, കോവിഡ്കാല ദുരിതങ്ങള്‍ തുടരുന്ന കാലത്ത്,  രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി മാറ്റിയേക്കാവുന്ന മൂന്നു ഓര്‍ഡിനന്‍സുകള്‍ പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നു. അറുപത്തിയഞ്ചുവര്‍ഷം പഴക്കമുള്ള ആവശ്യസാധന നിയമം ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സ് ( ECAO), കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തെവിടെയും വില്‍ക്കാന്‍ അനുവാദം നല്‍കുന്ന ഓര്‍ഡിനന്‍സ് (FPTCO) , കമ്പനികളുമായി കരാര്‍ കൃഷിയിലേര്‍പ്പെടാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്ന  ഓര്‍ഡിനന്‍സ് (FAPFASO)  എന്നിവയാണ് കാര്‍ഷിക ഇന്ത്യയുടെ തലവര മാറ്റിവരയ്ക്കുമെന്ന വാഗ്ദാനത്തോടെ പുറത്തിറങ്ങിയ പുത്തന്‍ നിയമനിര്‍മാണങ്ങള്‍. 

വര്‍ഷാവര്‍ഷം കാല്‍പനികതയുടെ പരിവേഷമേറെ നല്‍കി നാമാചരിച്ചു വരുന്ന കര്‍ഷക ദിനത്തിന്റെ ചിത്രമായിരിക്കില്ല വരും കാലങ്ങളിലേതെന്ന ദിശാബോധമാണ് പുതിയ നിയമങ്ങള്‍ കേരളത്തിനു നല്‍കുന്നത്. കാര്‍ഷിക ഉത്പാദന, സംഭരണ, വിപണന മേഖലകളെ ഉദാരവത്ക്കരണ പാതയിലേക്ക് തുറന്നു വിടുന്ന, ദീര്‍ഘകാല ഫലങ്ങളുണ്ടാക്കാവുന്ന മേല്‍പറഞ്ഞ നിയമ പരിഷ്‌ക്കാരങ്ങള്‍ കര്‍ഷകന് സമ്മാനിക്കുന്നത് കതിരാണോ പതിരാണോ എന്നതാവണം കര്‍ഷക ദിനാചരണത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. 

പുതിയ നിയമത്തെ അനുകൂലിച്ചും, ശക്തമായി എതിര്‍ത്തുമുള്ള അഭിപ്രായങ്ങള്‍ രാജ്യമെമ്പാടും ഉയര്‍ന്നിട്ടുണ്ട്. ഓര്‍ഡിനന്‍സുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന അഭിപ്രായമുയര്‍ത്തി കേരള സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടുണ്ട്. പഞ്ചാബുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും തങ്ങളുടെ എതിര്‍പ്പറ്റിയിച്ചിരിക്കുന്നു. എന്നാല്‍ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം പ്രാപിക്കാന്‍ കഴിയും വിധം കര്‍ഷകര്‍ക്ക് പുത്തന്‍ അവസരങ്ങളൊരുക്കുന്നതാണ് പുതിയ നിയമ ഭേദഗതികളെന്ന അഭിപ്രായവും മറുവശത്തുയരുന്നുണ്ട്. കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പേരില്‍ തന്നെ കര്‍ഷക ക്ഷേമമെന്നത് കൂട്ടിച്ചേര്‍ക്കപ്പെട്ടുള്ളതിനാല്‍ ആത്യന്തികമായി കര്‍ഷകക്ഷേമത്തിനു പകാരപ്പെടുമോയെന്ന ചോദ്യത്തിനുത്തരം തേടേണ്ട വിശകലനങ്ങളും പഠനങ്ങളുമാണ് കര്‍ഷക ദിനത്തില്‍ തുടങ്ങേണ്ടിയിരിക്കുന്നത്.

നിയമം ലക്ഷ്യം വയ്ക്കുന്നതെന്ത്?

'ഒരു ഇന്ത്യ, ഒരു കാര്‍ഷിക വിപണി ' എന്ന ആശയമാണ് പുതിയ ഓര്‍ഡിനന്‍സുകളുടെ കാതല്‍. കാര്‍ഷിക വിപണനത്തിന് സംസ്ഥാന അതിര്‍ത്തികളോ, നിയമങ്ങളുടെ നൂലാമാലകളോ കര്‍ഷകര്‍ക്ക് ഇനി തടസ്സമാവുകയില്ല. 'ദ ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ഓര്‍ഡിനന്‍സ് 2020 (FAPFASO, 2020 എന്ന പേരിലുള്ള കരാര്‍കൃഷി ഓര്‍ഡിനന്‍സ് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. കരാര്‍ കൃഷി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദവും സമഗ്രവുമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. 

ആരാണ് കര്‍ഷകന്‍ എന്നതിന് കൃത്യമായ നിര്‍വചനം നല്‍കപ്പെട്ടിരിക്കുന്നു. സ്വന്തമായോ, തൊഴിലാളികളെ ഉപയോഗിച്ചോ പണിയെടുത്ത് ഉല്‍പാദനം നടത്തുന്ന വ്യക്തികളും സംഘങ്ങളും കര്‍ഷകരുടെ ഉല്‍പാദക കമ്പനികളും കൃഷിക്കാരന്റെ നിര്‍വചനത്തില്‍ വരും. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കോഴി, ആട്, പന്നി, മത്സ്യം, മാംസം തുടങ്ങി മനുഷ്യന്‍ കഴിക്കാന്‍ ഉത്പാദിപ്പിക്കുന്ന എല്ലാ  ഭക്ഷ്യവസ്തുക്കള്‍ക്കുമൊപ്പം കാലിത്തീറ്റ, തീറ്റപ്പുല്ല്, അസംസ്‌കൃത ചണം, പരുത്തി ഉള്‍പ്പെടെയുള്ള അസംസ്‌കൃതവസ്തുക്കളും കരാര്‍ കൃഷിയുടെ പരിധിയില്‍ വരും. 

നിശ്ചിത ഗുണമേന്മയുള്ള ഭക്ഷ്യോല്‍പന്നം ഉത്പാദിപ്പിച്ചു നല്‍കുന്നതിന്, രേഖാമൂലമുള്ള ( വാക്കാലല്ല ) ഒരു കരാര്‍ കര്‍ഷകനും കമ്പനിയും ( സ്‌പോണ്‍സര്‍) തമ്മില്‍ ഉത്പാദനം തുടങ്ങുന്നതിനു മുന്‍പ് ഒപ്പു വയ്ക്കുന്നതാണ് കൃഷി കരാര്‍. കൃഷി കരാറുകള്‍ വ്യാപാരവാണിജ്യ കരാര്‍, ഉല്‍പാദന കരാര്‍, രണ്ടും കൂടി ചേര്‍ന്ന കരാര്‍ എന്നിങ്ങനെ 3 തരത്തിലാകാം. ഇവയോരോന്നും എങ്ങനെയെന്നതിനും മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. കര്‍ഷകനും സ്‌പോണ്‍സറും ഒപ്പുവയ്ക്കുന്ന കരാര്‍, സംസ്ഥാന തലത്തിലുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ ഇലക്ട്രോണിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കണം. കരാറുകള്‍ പ്രാദേശിക ഭാഷയില്‍ ലളിതമായി അനായാസം മനസ്സിലാവുന്ന വിധത്തിലായിരിക്കണം തയ്യാറാക്കേണ്ടത്. കര്‍ഷകര്‍ക്കും സ്‌പോണ്‍സര്‍ക്കുമിടയില്‍ ഉല്‍പന്നശേഖരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങര്‍ നടത്തുന്ന വ്യക്തികള്‍ അല്ലെങ്കില്‍ സംഘങ്ങളെ അഗ്രിഗേറ്റര്‍ എന്നാണ് പറയുക. 

ഉല്‍പന്നത്തിന്റെ ഗുണമേന്മാമാനദണ്ഡങ്ങള്‍, കൈമാറുന്ന സമയം, കര്‍ഷകനു നല്‍കുന്ന വില എന്നിവയൊക്കെ കൃത്യമായി കരാറില്‍ രേഖപ്പെടുത്തുകയും എല്ലാ വ്യവസ്ഥകളും ഒപ്പുവയ്ക്കുന്നതിനു മുന്‍പ് കര്‍ഷകരെ ബോധ്യപ്പെടുത്തണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലുണ്ട്. കരാറിന്റെ കാലാവധി ചുരുങ്ങിയത് ഒരു സീസണും പരമാവധി അഞ്ചുവര്‍ഷവുമായിരിക്കണമെന്നാണ് നിബന്ധന. എങ്കിലും പരസ്പര സമ്മതത്തോടെ എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം. കര്‍ഷകനും സ്‌പോണ്‍സറും തമ്മിലുള്ള തര്‍ക്കപരിഹാര മാര്‍ഗ്ഗങ്ങള്‍ കരാറിലുണ്ടാവണം. പ്രകൃതിദുരന്തങ്ങള്‍ കൃഷി നാശമുണ്ടാക്കിയാല്‍ പിന്‍തുടരേണ്ട നടപടിക്രമങ്ങള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലുണ്ട്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തര്‍ക്കപരിഹാര ബോര്‍ഡ് രൂപീകരിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ പിന്‍തുടരേണ്ട നിയമപരമായ നടപടി ക്രമങ്ങള്‍ ഓര്‍ഡിനന്‍സില്‍ വിശദമാക്കുന്നുണ്ട്. 

ഏതവസ്ഥയിലും കര്‍ഷകന് സ്വന്തം കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവില്ല. കര്‍ഷകന്‍ ഉത്പാദിപ്പിച്ചു നല്‍കുന്ന ഉല്‍പന്നത്തിന്റെ ഗുണമേന്മാ പരിശോധന സ്‌പോണ്‍സറുടെ ചുമതലയാണ്. സ്വീകരിച്ചുകഴിഞ്ഞ ഉല്‍പന്നത്തേക്കുറിച്ച് പിന്നീട് പരാതിയുണ്ടായാല്‍ സ്വീകരിക്കപ്പെടില്ല. ഉല്‍പന്നം കൈമാറുന്ന ദിവസം കര്‍ഷകനു നിശ്ചയിക്കപ്പെട്ട പണം നല്‍കിയിരിക്കണം. നിരസിക്കപ്പെട്ട ഉത്പന്നം പരിശോധിക്കാന്‍ കര്‍ഷകന് അവസരമുണ്ടാകും. മാര്‍ഗനിര്‍ദേശത്തില്‍ പറയുന്ന മൂന്നാം പാര്‍ട്ടികളെക്കൊണ്ട് ഉത്പന്നം വീണ്ടും പരിശോധിപ്പിക്കാം. വില മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതായിരിക്കമെന്നു മാത്രമല്ല, വില നിര്‍ണ്ണയ രീതി ലളിതമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിപണിവില, കരാറിലെ മിനിമം ഗ്യാരന്റി വിലയേക്കാള്‍ കുറവായാല്‍ പോലും കരാര്‍ പ്രകാരമുള്ള മിനിമം വിലയും മുന്‍കൂര്‍ നിശ്ചയിച്ച ബോണസും നല്‍കണം. 

കരാര്‍ കൃഷി ഇലക്ട്രോണിക്കായി രജിസ്റ്റര്‍ ചെയ്യേണ്ട റജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ രൂപീകരണവും സ്‌പോണ്‍സര്‍മാര്‍ കര്‍ഷകര്‍ക്ക് ഉല്‍പ്പന്ന വില നല്‍കേണ്ട രീതി നിശ്ചയിക്കുന്നതും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. ഉപഭോക്തൃതാത്പര്യം സംരക്ഷിക്കാന്‍ വിപണിയും വിപണിവിലയും സര്‍ക്കാരും നിയമങ്ങളും നിയന്ത്രിക്കുന്നതില്‍ നിന്ന് വിടുതല്‍ നല്‍കി സ്വതന്ത്രനാകാന്‍ കര്‍ഷകനെ ആദ്യത്തെ രണ്ട് ഓര്‍ഡിനന്‍സുകള്‍ സഹായിക്കുമെന്നും കരാര്‍കൃഷി  ഓര്‍ഡിനന്‍സില്‍ കര്‍ഷക സൗഹൃദമായ വ്യവസ്ഥകള്‍ക്കാണ് ഊന്നലെന്നുമാണ് പുത്തന്‍ നിയമനിര്‍മാണത്തെ അനുകൂലികുന്നവരും കേന്ദ്ര സര്‍ക്കാരും പറയുന്നത്.

കര്‍ഷകവിരുദ്ധമായ നിയമനിര്‍മ്മാണം

ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ കര്‍ഷക വിരുദ്ധമാണെന്നും ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളില്‍പ്പെട്ട കൃഷിയുമായി ബന്ധപ്പെട്ടുള്ള നിയമനിര്‍മാണം സംസ്ഥാനത്തിന്റെ അധികാരത്താലുള്ള കേന്ദ്രത്തിന്റെ കൈകടത്തലാണെന്നുമാണ് കേരള സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന രീതിയെ വരും കാലങ്ങളില്‍ മാറ്റി മറിച്ചേക്കാവുന്ന പുതിയ ഓര്‍ഡിനന്‍സുകളെ ഭരണഘടനയുടെ സഹകരണ ഫെഡറലിസം എന്ന ആശയത്തിനെതിരായിട്ടാണ് പഞ്ചാബ് ഗവണ്‍മെന്റ് കരുതുന്നത്. 'ഒരു രാജ്യം ഒരു വിപണി' എന്ന ആശയം തന്നെ അവര്‍ തള്ളിക്കളയുന്നു. ഓരോ സംസ്ഥാനത്തിനും ഓരോ കാര്‍ഷിക വിളകള്‍ക്കും തനതായ സ്വഭാവ വിശേഷങ്ങളുള്ളപ്പോള്‍, അവയെ ഏകതാനമാകുക പ്രായോഗികമല്ലെന്ന് അവര്‍ പറയുന്നു. 

സുപ്രധാനമായ കാര്‍ഷിക നിയമനിര്‍മാണം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഓര്‍ഡിനന്‍സ് വഴിയില്‍ വരുന്നതിനെയും കര്‍ഷ നേതാക്കള്‍ ചോദ്യം ചെയ്യുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ കൃഷിയെയും കാര്‍ഷികവിപണിയെയും വിഴുങ്ങുമെന്നും, കര്‍ഷകര്‍ സ്വന്തം മണ്ണില്‍ തൊഴിലാളികളായി മാറുമെന്നുമാണ് പഞ്ചാബിലെ കിസാന്‍ യൂണിയന്‍ നേതാക്കളുടെ ആരോപണം. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ പതിനാലാമതായി വരുന്ന കൃഷി, കണ്‍കറണ്ട് ലിസ്റ്റിലെ മുപ്പത്തിമൂന്നാമത്തെ വിഷയമായ കച്ചവടവും വാണിജ്യവും എന്നിവ സംബന്ധിച്ച നിയമനിര്‍മാണവുമായി ബന്ധപ്പെട്ട അസംതൃപ്തി പഞ്ചാബ് മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ ഹരിതവിപ്ലവത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും ദശലക്ഷക്കണക്കിനു കൃഷിക്കാരുടെ ഉപജീവനത്തിനും താങ്ങായി കഴിഞ്ഞ 60 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സുശക്തവും ഫലപ്രദമെന്നു തെളിയിച്ചതുമായ കാര്‍ഷിക സംഭരണ മാര്‍ക്കറ്റുകളും ഗോഡൗണുകളുമാണ് പഞ്ചാബിലുള്ളതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഏറ്റവും കൃത്യമായ രീതിയില്‍ നടന്നു വരുന്ന ചുരുങ്ങിയ താങ്ങുവില (MSP) സംവിധാനത്തെ പുത്തന്‍ നിയമനിര്‍മ്മാണം ദുര്‍ബലമാകുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് പറയുന്നു. ഇങ്ങനെ കാര്‍ഷികോല്‍പ്പന്ന വിപണി കമ്മറ്റി (APMC) ,താങ്ങുവില എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നത്. 

വ്യാപാരം സ്വതന്ത്രമാക്കുന്നതും കരാര്‍ കൃഷിക്ക് മാര്‍ഗരേഖകള്‍ നിര്‍ദ്ദേശിക്കുന്നതുമായ ഈ ഓര്‍ഡിനന്‍സുകള്‍  കര്‍ഷകര്‍, വ്യാപാരികള്‍, കര്‍ഷക ഉത്പാദകസംഘടനകള്‍ എന്നിവയുടെ അവകാശങ്ങളില്‍ ആശയക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന ആരോപണമുയര്‍ത്തുന്നവരുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ലഭിക്കുന്ന വില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവിലയേക്കാള്‍ കൂടുതലായിരിക്കണമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിലില്ലാത്തത് കര്‍ഷകരെ ചോദിക്കുന്ന വിലയ്ക്ക് വില്‍പന നടത്താന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് വാദം.കൃഷിയെ കേന്ദ്ര വിഷയമാക്കി മാറ്റുന്നതാണ് FPTCO, 2020 ഓര്‍ഡിനന്‍സെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സംസ്ഥാനങ്ങളുടെ ഭൂവിനിയോഗ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് അവശ്യവസ്തുക്കള്‍ വാങ്ങല്‍ നിയന്ത്രണം ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സ് എന്ന വിമര്‍ശനവുമുണ്ട്. ചൂഷണത്തിന്റെ പുതുവഴികള്‍ തേടുന്ന ഉദാരനിയമങ്ങള്‍ കാര്‍ഷിക ഉത്പാദക സംഘങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അവ്യക്തത ആശങ്കകള്‍ ഉയര്‍ത്തുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങുന്നവരുടെ നിര്‍വചനത്തില്‍ ഉത്പാദക സംഘടനകളെ ഉള്‍പ്പെടുത്തിയിട്ടില്ലായെന്നതും നിര്‍ഭാഗ്യകരമായി കരുതപ്പെടുന്നു. ആധുനിക കരാര്‍ കൃഷിയുടെ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളേയും പ്രതിനിധാനം ചെയ്യുന്നതില്‍ ഓര്‍ഡിനന്‍സ് പരാജയപ്പെടുന്നതായാണ് പ്രധാന വിമര്‍ശനം. രാജ്യത്തെ ഏതൊരു പൗരനും ലഭിക്കേണ്ട നിയമ പരിരക്ഷ പോലും ഉറപ്പു നല്‍കാത്ത വ്യവസ്ഥകളുള്ള കരാര്‍കൃഷി നിയമം കൊണ്ട് കര്‍ഷകനെന്തു ലാഭമെന്ന ചോദ്യവും ഉയര്‍ത്തപ്പെടുന്നു.

കേരളത്തിന്റെ കാര്‍ഷികചിത്രം വ്യത്യസ്തം

സംസ്ഥാനത്തിന്റെ മൊത്ത മൂല്യവര്‍ദ്ധനവില്‍ കേവലം  8.7 ശതമാനം മാത്രമായി കാര്‍ഷിക അനുബന്ധ മേഖലകളുടെ സംഭാവന ചുരുങ്ങിയിരിക്കുന്നതായി പ്ലാനിങ്ങ് ബോര്‍ഡ് പറയുന്നു. 2018- 19 ല്‍ ആകെ കൃഷി വിസ്തൃതിയുടെ 62.1 ശതമാനം നാണ്യവിളകളും 10.15 ശതമാനം ഭക്ഷ്യ വിളകളും ആണ്. മൊത്തം കൃഷി വിസ്തൃതിയുടെ 27.7 ശതമാനം റബര്‍, കാപ്പി, തേയില, ഏലം വിളകളാണ്. വിളകളില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതി തെങ്ങിനും ( 29.6 ശതമാനം ) തുടര്‍ന്ന് റബ്ബറിനുമാണ് (21.5 ശതമാനം). നെല്‍ക്കൃഷി വിസ്തൃതി 7.7 ശതമാനത്തോടെ മൂന്നാം സ്ഥാനത്താണ്. ഇങ്ങനെ നാണ്യവിളകളുടെ മേല്‍ക്കോയ്മ, ഭക്ഷ്യ വിളകളുടെ കുറഞ്ഞ വിസ്തൃതി, കൃഷിയോഗ്യമായ ഭൂമിയുടെ കുറഞ്ഞ അളവ്, കുറഞ്ഞ പ്രതിശീര്‍ഷ കൈവശഭൂമി തുടങ്ങിയ പ്രത്യേകതകള്‍ കേരളത്തിലെ കാര്‍ഷികമേഖലയ്ക്കുണ്ട്. 

നാണ്യവിള കൃഷിയുടെ ബലത്തിലാണ് കേരളത്തിലെ കര്‍ഷകന്റെ വരുമാനം പിടിച്ചു നില്‍ക്കുന്നത്. ഭക്ഷ്യ, പയര്‍ വര്‍ഗ വിളകളുടെ സംഭരണവുമായി ബന്ധപ്പെട്ട അവശ്യസാധന ഓര്‍ഡിനന്‍സും ാര്‍ഷികോല്‍പന്ന വിപണി കമ്മറ്റികളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സും കേരളത്തെ കാര്യമായി സ്വാധീനിക്കാനുള്ള സാഹചര്യമില്ല എന്നു പറയാം. എന്നാല്‍ കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളേക്കുറിച്ച് നാം ബോധവാന്‍മാരായേ പറ്റൂ. ഗുണമായാലും ദോഷമായാലും. കരാര്‍ കൃഷിയെന്നാല്‍ പാട്ടക്കൃഷിയോ, കോര്‍പ്പറേറ്റ് കൃഷിയോ ആണെന്നു പ്രചരിപ്പിക്കുന്നതില്‍ കഴമ്പില്ല. കര്‍ഷകനും അവന്റെ ഉത്പന്നം ആവശ്യമായ ഗുണത്തില്‍ ആവശ്യമുള്ള സ്‌പോണ്‍സറും ലിഖിതമായ, നിയമപരമായ കരാറിലൂടെ നടപ്പാക്കപ്പെടുന്ന ഒന്നാണിത്. ഇതില്‍ പരസ്പര സഹവര്‍ത്തിത്വമെന്ന ആശയമാണ് മുന്നില്ലെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

കരാര്‍കൃഷി കര്‍ഷകന്റെ തിരഞ്ഞെടുപ്പാണ്. തനിക്കനുകൂലമാണ് വ്യവസ്ഥകള്‍ എന്നു വായിച്ചുറപ്പാക്കി ചെയ്യേണ്ടത്. കൃഷി മാത്രമല്ല മൃഗസംരക്ഷണം, പഴം, പച്ചക്കറി, മത്സ്യകൃഷി തുടങ്ങി കേരളത്തിന് തിളങ്ങാന്‍ പറ്റുന്ന മേഖലകളും കരാര്‍ കൃഷി നിയമത്തിന്റെ ഭാഗമാണ്. വീട്ടുവളപ്പിലെ സംയോജിത സമ്മിശ്ര കൃഷിരീതിയാണ് കേരളത്തിന്റെ മുഖമുദ്ര. ഇവിടെ നിന്നും ജൈവ രീതിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറും. ഉത്പാദനം, വിളവെടുപ്പ്, സംഭരണം, സംസ്‌ക്കരണം എന്നീ ഘട്ടങ്ങളില്‍ മികച്ച സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു വരാന്‍ കരാര്‍ കൃഷി സഹായിച്ചേക്കും. വിപണിയില്‍ ഉയര്‍ന്ന വില ഉറപ്പാകുമ്പോള്‍ ഉത്പാദന രീതികള്‍  തനിയെ മെച്ചപ്പെടുകയാണ് പതിവ്.

കര്‍ഷക ദിനത്തില്‍ തുടങ്ങേണ്ടത്

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്നു ഓര്‍ഡിനന്‍സുകള്‍ മലയാള ഭാഷയിലാക്കി കര്‍ഷക സംഘങ്ങള്‍ക്ക് നല്‍കാന്‍ കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി അറിയുന്നു. നിയമങ്ങളിലെ, പ്രത്യേകിച്ച് കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് എത്ര മാത്രം ഗുണകരാമാക്കാമെന്നതിനേപ്പറ്റി നിഷ്പക്ഷ സമഗ്ര വിശകലനങ്ങള്‍ നടക്കട്ടെ. ഒടുവില്‍ തീരുമാനം കര്‍ഷകരുടെ വിശ്വാസത്തില്‍ നിന്നാകട്ടെ. നിയമങ്ങളുടെ ആശയപരമായ, പ്രത്യയശാസ്ത്ര, നിയമപരമായ മാനങ്ങളേക്കുറിച്ചും വിദഗ്ദര്‍ ആലോചിക്കട്ടെ. നിലയില്ലാക്കയത്തില്‍ ആഴ്ന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ ഇനിയും അവശേഷിക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷക ദിനത്തില്‍ വര്‍ഷാവര്‍ഷം നാം ചാര്‍ത്തിക്കൊടുക്കാറുള്ള പൊന്നാട യേക്കാള്‍ മൂല്യമുണ്ടാവും ,അവരുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്താന്‍ പര്യാപ്തമാണോ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളെന്നു അവരെ ബോധ്യപ്പെടുത്തുക എന്നത്. നല്ലത് നിലനില്‍ക്കട്ടെ, മോശമായത് എതിര്‍ക്കപ്പെടുകയും ചെയ്യട്ടെ.

(വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറാണ് ലേഖകന്‍ ) 

Content Highlights: India’s three new agricultural ordinances