പഠനം പൂര്‍ത്തിയായപ്പോള്‍ ജോലിതേടി അലയാന്‍ ശരണ്യ തയ്യാറായില്ല. മണ്ണ് പൊന്നാക്കിയപ്പോള്‍ കിട്ടിയത് അല്ലലില്ലാത്ത ജീവിതവും സന്തോഷവും. തിരുവിഴ കോലനാട്ട് വീട്ടില്‍ ശരണ്യ (26) എന്നും എപ്പോഴും വേറെ ലെവലാണ്. ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി അഞ്ചേക്കറിലാണ് ജൈവകൃഷി ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കൃഷിയാണ് മുഖ്യ ഉപജീവനമാര്‍ഗം. ഗ്രോബാഗ് തയ്യാറാക്കല്‍, പച്ചക്കറിത്തൈ ഉത്പാദനം, ട്രാക്ടര്‍ ഓടിക്കല്‍, പച്ചക്കറിത്തോട്ടമുണ്ടാക്കല്‍, കൃഷി മേല്‍നോട്ടം, മണ്ണുപരിശോധന, ജൈവവളനിര്‍മാണം, തെങ്ങുകയറ്റം, പച്ചക്കറിവില്പന എന്നിങ്ങനെ ശരണ്യ തൊടാത്ത മേഖലയില്ല.
വി.എച്ച്.എസ്.ഇ. അഗ്രിക്കള്‍ച്ചറല്‍ കഴിഞ്ഞ് ബി.എസ്സി. ബോട്ടണി ബിരുദം നേടി. തുടര്‍ന്ന് കൃഷിയിലേക്കിറങ്ങി. കാര്‍ഷിക സര്‍വകലാശാല നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ശരണ്യയുടെ മികവിന് തെളിവ്. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പരമ്പരാഗത കര്‍ഷകരായ അച്ഛന്‍ ശശിധരന്‍ നായരില്‍നിന്നും അമ്മ സരളമ്മയില്‍നിന്നുമാണ് ജൈവകൃഷിയുടെ ബാലപാഠം പഠിച്ചത്.
മൂന്ന് പശുക്കളുമുണ്ട്. എല്ലായിനം പച്ചക്കറികള്‍ക്കുമൊപ്പം വെറ്റില, കുരുമുളക്, തിപ്പല്ലി, വാഴ, പപ്പായ എന്നിവയും കൃഷിചെയ്യുന്നു. മത്സ്യക്കൃഷിയും ഉണ്ട്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെയും കായിപ്പുറം സഹകരണ ബാങ്കിന്റെയും അഗ്രോ സര്‍വീസ് സെന്ററുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഓണ്‍ലൈന്‍ പച്ചക്കറി വിപണനപദ്ധതിയില്‍ സന്നദ്ധപ്രവര്‍ത്തകയായും രംഗത്തുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് 52 ക്വിന്റല്‍ പച്ചക്കറിയും മണ്ഡലകാല സീസണില്‍ 61 ക്വിന്റല്‍ പച്ചക്കറിയും ഉണ്ടാക്കി. ഈവര്‍ഷം വേനല്‍ക്കാല സീസണില്‍ 70 ക്വിന്റല്‍ പച്ചക്കറിയും മഴക്കാല സീസണില്‍ ഇതുവരെ 25 ക്വിന്റല്‍ പച്ചക്കറിയും ഉത്പാദിപ്പിച്ചു.
പ്രതിമാസം ശരാശരി 20000- 25000 രൂപ പച്ചക്കറിക്കൃഷിയില്‍നിന്ന് ലഭിക്കുന്നുണ്ട്. ടീം കഞ്ഞിക്കുഴി എന്ന കര്‍ഷക കൂട്ടായ്മയ്ക്കൊപ്പംനിന്നാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കി നല്‍കുന്നത്. കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘത്തിന്റെ കേന്ദ്രത്തിലാണ് പച്ചക്കറി വില്‍പ്പന.
Content Highlights: Success Story of a farmer from Alappuzha