കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സംസ്ഥാനത്തിനുതന്നെ മാതൃകയാവുകയാണ് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കിലെ ചെങ്കല്‍ എന്ന കാര്‍ഷിക ഗ്രാമം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറികള്‍ക്കായി കാത്തിരിക്കുന്ന സാഹചര്യത്തിന് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചെങ്കല്‍ മേഖലയില്‍ കാര്‍ഷിക വിപ്ലവത്തിന് തുടക്കം കുറിച്ചത്. ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ വിജയം കൈവരിച്ചിരിക്കുകയാണ്. ഇന്ന് ചെങ്കലിന്റെ മണ്ണില്‍ വിളയാത്ത പച്ചക്കറികള്‍ ഇല്ല. ചെങ്കലില്‍നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവസേന ടണ്‍ കണക്കിന് പച്ചക്കറികളാണ് കയറ്റി അയയ്ക്കുന്നത്.

ആറ് വലിയ പാടശേഖരങ്ങള്‍

ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴമ്മാകം (55 ഏക്കര്‍), കരിക്കകരി (32 ഏക്കര്‍), വ്‌ളാത്താങ്കര (30 ഏക്കര്‍ ), മേലമ്മാകം (27 ഏക്കര്‍), പോരന്നൂര്‍ (22 ഏക്കര്‍), ആറയൂര്‍ (12 ഏക്കര്‍) എന്നിങ്ങനെയായി 197 ഏക്കറിലാണ് നെല്‍ക്കൃഷിയുള്ളത്. കീഴമ്മാകം (2.5 ഏക്കര്‍), വ്‌ളാത്താങ്കര (2 ഏക്കര്‍), ആറയൂര്‍ (3.5 ഏക്കര്‍), കുരുമ്പല്‍ പാടം (1 ഏക്കര്‍), തൃക്കണ്ണാപുരം ( 50 സെന്റ്), കയണിക്കോട് (50 സെന്റ്) എന്നിങ്ങനെയാണ് പുതുതായി നെല്‍ക്കൃഷി ആരംഭിച്ചത്. ഔഷധ നെല്ലിനങ്ങളായ ഞവര, ഗന്ധകശാല എന്നിവയും ഇപ്പോള്‍ കൃഷി ചെയ്യുന്നു. അരിക്കൊഴിഞ്ഞി പയറും ഇപ്പോള്‍ കൃഷിയുണ്ട്. ഉഴുന്ന്, ചെറുപയര്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

വീടുകളില്‍ ഗ്രോബാഗ് കൃഷി

300 ഏക്കര്‍ സ്ഥലത്താണ് പഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ 21 വാര്‍ഡുകളിലും വനിതാ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഒരു വാര്‍ഡില്‍ 5 ഏക്കറോളം സ്ഥലത്ത് പുതുതായി പച്ചക്കറി കൃഷി ചെയ്തുവരുന്നു. പഞ്ചായത്തിലെ 4500 വീടുകളില്‍ ഗ്രോബാഗ് ഉപയോഗിച്ചുള്ള കൃഷി നടന്നുവരുന്നു. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം 8000 പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ചെങ്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, മര്യാപുരം ഗവണ്‍മെന്റ് ഐ.ടി.ഐ, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ പച്ചക്കറിക്കൃഷി നടന്നുവരുന്നു. രണ്ടുലക്ഷം പച്ചക്കറി വിത്തുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടീല്‍ വസ്തുക്കള്‍ കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണംചെയ്തു.

കേരളത്തിലെ ആദ്യ തരിശുരഹിത പഞ്ചായത്ത്

ചെങ്കല്‍ പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ തരിശുരഹിത പഞ്ചായത്ത് ആണ്. കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപനം. കൃഷി ചെയ്യുവാന്‍ സാധിക്കാത്തവരുടെ ഭൂമി കൃഷി വകുപ്പും പഞ്ചായത്തും ഉടമകളുടെ അനുമതിയോടെ ഏറ്റെടുത്ത് കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകളിലൂടെ കൃഷി ഇറക്കിയാണ് ചെങ്കല്‍ തരിശുരഹിത പഞ്ചായത്തായി മാറിയത്. ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി തരിശുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തില്‍ 197 ഏക്കര്‍ സ്ഥലത്ത് നെല്‍ക്കൃഷിയും 300 ഏക്കറില്‍ പച്ചക്കറിക്കൃഷിയും 33 ഏക്കര്‍ സ്ഥലത്ത് കിഴങ്ങു കൃഷിയും 35 ഏക്കര്‍ സ്ഥലത്ത് പ്രശസ്തമായ വ്‌ളാത്താങ്കര ചീരക്കൃഷിയും 65-ല്‍ അധികം കുളങ്ങളിലായി മത്സ്യക്കൃഷിയും നടന്നു വരുന്നു.

മത്സ്യ-കിഴങ്ങുവര്‍ഗ കൃഷിക്കും പ്രോത്സാഹനം

പഞ്ചായത്തിലെ ചെറുതും വലുതുമായ 68 കുളങ്ങള്‍ക്കു പുറമെ ഒരു സെന്റ് മുതല്‍ 5 സെന്റ് വരെ വിസ്തൃതിയുള്ള 65 കുളങ്ങള്‍ നിര്‍മിച്ച് മത്സ്യക്കൃഷിയും ചെങ്കലിലുണ്ട്. സര്‍ക്കാരിന്റെ വിത്തുഗ്രാമം പദ്ധതി പ്രകാരം തിരുവനന്തപുരം സി.ടി.സി.ആര്‍.ഐ.യില്‍ നിന്നു ലഭ്യമാക്കിയ നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ച് 33 ഹെക്ടറില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നു. കാബേജ്, കോളിഫ്‌ളവര്‍, സവാള എന്നീ ശീതകാല കാര്‍ഷിക വിളകളും ചെങ്കലിലെ കര്‍ഷകര്‍ മണ്ണില്‍ വിജയകരമായി വിളയിച്ചിട്ടുണ്ട്. പാരമ്പര്യമായി കൃഷിചെയ്തു വരുന്ന പ്രശസ്തമായ വ്‌ളാത്താങ്കര ചീര 35 ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്.

വിപണനം

ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും അധികൃതര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കി നല്‍കിയതാണ് വിജയത്തിന് പിന്നില്‍. വട്ടവിള, ചെങ്കല്‍, വലിയകുളം, കാട്ടിലുവിള, കോടങ്കര എന്നിവിടങ്ങളിലെ അഞ്ച് പച്ചക്കറി ക്ലസ്റ്ററുകളുടെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉദിയന്‍കുളങ്ങര ചന്തയും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരികള്‍ക്ക് ചെങ്കലില്‍ എത്തി കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തരിശുരഹിത പഞ്ചായത്ത് പദ്ധതി

ചെങ്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ കാര്‍ഷിക വിപ്ലവത്തിന് ആക്കം കൂട്ടിയത് തരിശുരഹിത പഞ്ചായത്ത് എന്ന പദ്ധതിയാണ്. ചെങ്കല്‍ കൃഷിഭവനിലെ ജീവനക്കാരുടെ അദ്ധ്വാനമാണ് ഈ വിജയത്തിനു പിന്നില്‍. ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുവാന്‍ സാധിച്ചത് വിജയത്തിന് കാരണമായി.- വട്ടവിള രാജ്കുമാര്‍, പ്രസിഡന്റ്, ചെങ്കല്‍ ഗ്രാമപ്പഞ്ചായത്ത്

കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട്

കീഴമ്മാകം പാടശേഖരത്തില്‍ കൃത്യസമയത്ത് കനാല്‍ തുറക്കാത്തതുമൂലം പലപ്പോഴും ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. സപ്ലൈകോ നേരിട്ട് ഇവിടെ നിന്ന് നെല്ല് ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പണം പലപ്പോഴും കൃത്യമായി ലഭിക്കാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.-ശശികുമാര്‍, സെക്രട്ടറി, കീഴമ്മാകം പാടശേഖര സമിതി

കൃഷി സ്‌നേഹം കൊണ്ട് 

നെല്‍ക്കൃഷിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇപ്പോഴും കൃഷി തുടരുന്നത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ചെങ്കലില്‍ ഇപ്പോള്‍ കൂലി കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. കര്‍ഷകര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന സബ്സിഡിയില്‍ പകുതിയിലധികം കുറവ് ഉണ്ടായിട്ടുണ്ട്.- കൃഷ്ണന്‍കുട്ടി നായര്‍, പ്രസിഡന്റ്, കീഴമ്മാകം പാടശേഖര സമിതി.

Content Highlights: Chenkal Model, a smart approach for sustainable food production