ടിച്ചുകുറുകി കുടംപോലെയുള്ള വട്ടിച്ചുരയ്ക്ക ശൂരനാടിന്റെ തനത് പച്ചക്കറിയിനമാണിപ്പോള്‍. നീളന്‍ ചുരയ്ക്കയേക്കാള്‍ രുചിയിലും ഗുണത്തിലും കേമന്‍. കൃഷിവകുപ്പിന്റെ പ്രദര്‍ശന വിപണന മേളകളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സൂപ്പര്‍ സ്റ്റാര്‍. ഇപ്പോള്‍ ശൂരനാട്ട് മാത്രം കൃഷി ചെയ്യുന്ന വട്ടിച്ചുരയ്ക്ക വന്നത് പക്ഷേ, ബെംഗളൂരുവില്‍നിന്നാണ്.

ആ കഥയിങ്ങനെ. 18 വര്‍ഷംമുമ്പ് കൃഷിവകുപ്പ് കര്‍ഷകര്‍ക്കായി നടത്തിയ പഠനയാത്രാസംഘം ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.ഐ.എച്ച്.ആര്‍.) സന്ദര്‍ശിച്ചു. സംഘത്തിലുണ്ടായിരുന്ന ശൂരനാട് ഇരവിച്ചിറ കിഴക്ക് കിഴക്കേവീട്ടില്‍ സോമസുന്ദരന്‍ പിള്ളയ്ക്ക് അവിടെ കണ്ട കുറുകിയ ഉണ്ടച്ചുരയ്ക്ക നന്നേ ബോധിച്ചു. അദ്ദേഹം ഒരു തൈ ചോദിച്ചു. അഞ്ച് വിത്ത് കിട്ടി. ശൂരനാട്ടെ വയലില്‍ വിത്തിട്ടു. രണ്ടെണ്ണമേ കിളിര്‍ത്തുള്ളൂ. പക്ഷേ നിറയെ കായ പിടിച്ചു. നാല് കിലോഗ്രാംവരെ ഭാരമുള്ളവ.

നാട്ടിലെ ചന്തയില്‍ ആദ്യകാലത്ത് അദ്ഭുതമായിരുന്നു ഉണ്ടച്ചുരയ്ക്ക. വട്ടിയോട് സാദൃശ്യമുള്ളതുകൊണ്ട് നാട്ടുകാര്‍ വട്ടിച്ചുരയ്ക്ക എന്ന് പേരുമിട്ടു. ആദ്യകാലത്ത് സോമസുന്ദരന്‍ പിള്ള മാത്രമേ ഇവിടെ വട്ടിച്ചുരയ്ക്ക കൃഷി ചെയ്തിരുന്നുള്ളൂ. വിളവ് മെച്ചമാണെന്നു കണ്ട് അടുത്തടുത്ത കര്‍ഷകര്‍ കൃഷി വ്യാപിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കര്‍ഷകമേളകളില്‍ കൊണ്ടുപോയതോടെ വട്ടിച്ചുരയ്ക്കയുടെ പെരുമ നാട്ടിലാകെ പരന്നു.

'ഒരു കിലോഗ്രാമിന് 20-30 രൂപ കിട്ടും. ശരാശരി ഒരെണ്ണത്തിന് രണ്ടരക്കിലോ ഭാരം വരും. ആവശ്യക്കാരുമുണ്ട്.' അരയേക്കറിലേറെ സ്ഥലത്ത് വട്ടിച്ചുരയ്ക്ക കൃഷി ചെയ്യുന്ന ഇരവിച്ചിറകിഴക്ക് ദീപാസദനം ശശിധരന്‍ നായര്‍ പറഞ്ഞു.ശൂരനാട് പഞ്ചായത്തില്‍ പത്തോളം കര്‍ഷകര്‍ ഇപ്പോള്‍ വട്ടിച്ചുരയ്ക്ക കൃഷി ചെയ്യുന്നുണ്ട്.

'ബെംഗളൂരുവിനേക്കാള്‍ ഇവന്‍ ഉതകിയത് ശൂരനാടിനാണ്. തോരനും തീയലിനും എരിശേരിക്കും വട്ടിച്ചുരയ്ക്കയെ വെല്ലാന്‍ മറ്റൊന്നിനുമാവില്ല'-വിത്ത് കൊണ്ടുവന്ന സോമസുന്ദരന്‍ പിള്ള പറഞ്ഞു.

Content Highlights: Agriculture KarshakaDinam Bottle Gourd  (Churakka) Farming, Planting, Care, Harvesting