ഉത്സവപ്പറമ്പുകളില്‍നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് മൈക്ക് സെറ്റുമായി പായാനിരിക്കെ അപ്രതീക്ഷിതമായാണ് അനില്‍കുമാറിന് അത് താഴെവയ്‌ക്കേണ്ടിവന്നത്. സീസണ്‍ പ്രതീക്ഷയില്‍ വാങ്ങിയതടക്കം ലക്ഷങ്ങള്‍ വിലയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഗോഡൗണിലായതോടെ അനില്‍ നേരെയെത്തിയത് കൃഷിയിടത്തിലേക്കാണ്.
പിന്നീട് അനില്‍കുമാറിന്റെ പ്രതീക്ഷയെല്ലാം ആ പാട്ടഭൂമിയിലായി. ഇപ്പോള്‍ ചിങ്ങവും കര്‍ക്കടകവുമെല്ലാം അനിലിന് ഒരുപോലെയാണ്. സാധാരണ ഓണവിപണി ലക്ഷ്യമാക്കാറുള്ള കൃഷിരീതികള്‍ക്ക് കാത്തുനില്‍ക്കാതെ നേരത്തെ തന്നെ മികച്ച വിളവെടുത്ത് നാടന്‍ വിപണിയൊരുക്കുകയാണ് ഇദ്ദേഹം.
സ്വന്തം പ്രയത്നംകൊണ്ട് മികച്ച സൗണ്ട് സിസ്റ്റം ഒരുക്കുന്നതില്‍ മുന്നിലായിരുന്നു അനില്‍കുമാര്‍. പതിവുപരിപാടികള്‍ക്ക് പുറമേ മറ്റ് ബുക്കിങ്ങും മുന്നില്‍ക്കണ്ട് ഇക്കുറിയും പുതിയ സംവിധാനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കോവിഡ് വില്ലനാകുന്നത്. ഇടക്കാലത്തുണ്ടായിരുന്ന കൃഷിയിലേക്ക് തിരിയാന്‍ അതോടെ തീരുമാനിക്കുകയായിരുന്നു. വീണ്ടും സ്ഥലം പാട്ടത്തിനെടുത്ത് മണ്ണിനോടുള്ള പോരാട്ടമാണ് നഷ്ടങ്ങളുടെ നിരാശ ഇല്ലാതാക്കിയത്.
ഒത്ത ഉയരമുള്ള മനുഷ്യനേക്കാള്‍ നീളമുള്ള പടവലം തന്നെയാണ് അനിലിന്റെ കൃഷിയിടത്തിലെ മുഖ്യആകര്‍ഷണം. പാവല്‍, പയര്‍, വെണ്ട, വഴുതനങ്ങ, മുളക്, ഇഞ്ചി, മഞ്ഞള്‍ എന്നുവേണ്ട എല്ലാം ചുരുങ്ങിയ കാലത്തുതന്നെ അനിലിന് സമ്മാനിച്ചത് മികച്ച വിളവാണ്.
സ്ഥലം ഉടമയുമായി സഹകരിച്ച് മത്സ്യകൃഷിയും അനില്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി അഞ്ച് സെന്റ് വിസ്തീര്‍ണത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വലിയ മത്സ്യക്കുളം തന്നെ നിര്‍മിച്ചിട്ടുണ്ട്. നെല്‍കൃഷിയിലും ഒരുകൈ നോക്കാനാണ് അനില്‍കുമാറിന്റെ പദ്ധതി. കൃഷിയിടത്തിലും ജീവിതത്തിലും അനില്‍കുമാറിന് കൂട്ട് ഭാര്യ ലിജിയും മകന്‍ അമ്പാടിയുമാണ്.
Content Highlights: Anil Kumar's success story in Vegetables Farming