അങ്ങ് അയര്‍ലന്‍ഡില്‍ ടോമി എന്ന മലയാളി തികഞ്ഞ കംപ്യൂട്ടര്‍ വിദഗ്ധനാണ്... ഇങ്ങ് നാട്ടിലെത്തിയാലോ കറകളഞ്ഞ കര്‍ഷകനും. കീബോര്‍ഡിനും കൃഷിക്കുമിടയിലാണ് ആറു വര്‍ഷമായി ജീവിതം. എം.എസ്‌സി. ഐ.ടി. ബിരുദധാരിയായ ടോമി തന്റെ ഒരേക്കര്‍ കൃഷി ഭൂമിയില്‍ വിളയിച്ചെടുത്തതാകട്ടെ വിവിധയിനം ഫലങ്ങളും പച്ചക്കറികളും.
ചേന്നംപളളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 14-ാം വാര്‍ഡ് കൂമ്പയില്‍ ടോമി ആന്റണിയാണ് കൈക്കോട്ടും കംപ്യൂട്ടറും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിക്കുന്നത്. 2007-ല്‍ അയര്‍ലന്‍ഡിലെത്തിയ ടോമി ഏഴുവര്‍ഷത്തിന് ശേഷമാണ് ആദ്യമായി നാട്ടിലെത്തിയത്. അന്നുമുതല്‍ എല്ലാവര്‍ഷവും രണ്ടുമൂന്നുമാസത്തെ അവധിക്ക് വരും. ഈ സമയത്തായിരുന്നു നാട്ടിലെ കൃഷിപാഠം. തിരികെ മടങ്ങുമ്പോള്‍ കൃഷി നോക്കിനടത്താന്‍ ഒരാളെ ഏര്‍പ്പെടുത്തി.
ആദ്യ രണ്ടുവര്‍ഷം 1000 വാഴകളാണ് നട്ടത്. പിന്നെയാണ് മറ്റ് ഫലവൃക്ഷങ്ങളിലേക്ക് തിരിഞ്ഞത്. വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി പ്ലാവ്, കടപ്ലാവ്, റെഡ്ലേഡി പപ്പായ, കായ്ഫലം ഏറിയ തെങ്ങ്, പേര, ജാതി, റമ്പൂട്ടാന്‍, അമ്പഴം, പുളി എന്നിവയാല്‍ സമൃദ്ധമാണ് ഇവിടം. വഴുതന, പച്ചമുളക്, വെണ്ട, പീച്ചില്‍, തുടങ്ങിയ പച്ചക്കറികളും കപ്പയും വാഴയും ഒക്കെയുണ്ട്. ഇത് കൂടാതെ മൂന്ന് സെന്റില്‍ തീര്‍ത്ത കുളത്തില്‍ 1000 തിലോപ്പിയ മത്സ്യങ്ങളെയും വളര്‍ത്തുന്നു.
ഏപ്രിലില്‍ മടങ്ങേണ്ടിയിരുന്ന ടോമി ലോക്ഡൗണില്‍ നാട്ടില്‍ കുടുങ്ങി. ഇപ്പോഴും തിരികെപ്പോകാനാകാത്ത ടോമി അവിടുത്തെ ജോലികളെല്ലാം ഇവിടെയിരുന്ന് ചെയ്യുന്നു. ഒപ്പം കൃഷിയിടത്തിലും സജീവമാകുന്നു. മാതാപിതാക്കളായ ആന്റണി-റോസമ്മ എന്നിവരാണ് കൃഷിചെയ്യുവാനുള്ള പ്രചോദനമെന്ന് ടോമി. ഒപ്പം ഭാര്യ സോണിയ, ഏകമകന്‍ ജൂഡ് എന്നിവരുടെ പിന്തുണയും കരുത്താകുന്നെന്ന് ഈ 42 കാരനായ ടെക്കി കം കര്‍ഷകന്‍ പറയുന്നു.
Content Highlights: An IT Professional's success story in Fruits and Vegetables Farming