''നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണ് കരിമ്പാലസമുദായക്കാരായ ഞങ്ങള്‍. കൃഷിയാണ് ജീവിതമാര്‍ഗം. മലയില്‍ ഞങ്ങള്‍ കാച്ചിലും ചേമ്പും കപ്പയുമെല്ലാം നടും. ജന്മിമാരുടെ പാടത്ത് നെല്‍ക്കൃഷിയും പോവും. എന്നാല്‍ പച്ചക്കറിക്കൃഷിയിലേര്‍പ്പെടുന്നത് കഴിഞ്ഞവര്‍ഷം മുതലാണ്.....'' - വരിങ്ങിലോറമല പച്ചക്കറിക്കൃഷി ക്ലസ്റ്റര്‍ കണ്‍വീനര്‍ വടക്കേനീളം പാറച്ചാലില്‍ രാമന്‍കുട്ടി ഗോത്രവിഭാഗക്കാരായ കരിമ്പാലരുടെ കാര്‍ഷിക പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞു.

കോഴിക്കോട്, നരിക്കുനി പഞ്ചായത്തിലെ ചെങ്കുത്തായ വരിങ്ങിലോറമലയുടെ മുകള്‍പ്പരപ്പില്‍ പച്ചക്കറിക്കൃഷിക്കിറങ്ങുമ്പോള്‍ ഗോത്രജനതയുടെ മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. മലമുകളിലെ പാറക്കെട്ടും കാടുംനിറഞ്ഞ സ്ഥലം കൃഷിക്ക് ഒട്ടും യോജിക്കുന്നതായിരുന്നില്ല. മഴക്കാലത്ത് ആരും പച്ചക്കറിക്കൃഷിചെയ്യുന്ന പതിവില്ല.

കാര്‍ഷികസമൂഹമാണെങ്കിലും പച്ചക്കറിക്കൃഷിയില്‍ അവര്‍ക്ക് മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എന്നാല്‍, ഒത്തൊരുമയോടെ, പ്രതിബന്ധങ്ങളെല്ലാം തകര്‍ത്ത് അവര്‍ നടന്നുകയറിപ്പോള്‍ കുന്നില്‍മുകളില്‍ തളിര്‍ത്തത് കാര്‍ഷികസമൃദ്ധി.

തെളിഞ്ഞത് കൃഷിയിലെ ഗോത്രപാരമ്പര്യം

നരിക്കുനി അങ്ങാടിയില്‍നിന്ന് രണ്ടര കിലോമീറ്റര്‍മാത്രം ദൂരെയാണ് വരിങ്ങിലോറ മല. ഗോത്രവര്‍ഗക്കാരായ കരിമ്പാലസമുദായക്കാരുടെ ആവാസകേന്ദ്രമാണിവിടം. കര്‍ഷകരാണ് സമുദായത്തിലെ ഭൂരിഭാഗവും. 48 കുടുംബങ്ങളിലായി 180 പേരാണ് ഇവിടെ താമസിക്കുന്നത്. അറുപതേക്കറോളം സ്ഥലമാണ് കരിമ്പാല വിഭാഗക്കാരുടെയായുള്ളത്. ഒന്നരേക്കര്‍വരെ സ്വന്തമായി സ്ഥലം ഉള്ളവരുണ്ട്.

മലയുടെ മുകള്‍ത്തട്ട് പാറക്കെട്ടും കുറ്റിക്കാടും നിറഞ്ഞ പ്രദേശമായതിനാല്‍ കൃഷിയിറക്കാറില്ലായിരുന്നു. കാട്ടുമൃഗങ്ങളായ കുറുക്കന്‍, മുള്ളന്‍പന്നി, കാട്ടുപൂച്ച തുടങ്ങിയവയുടെ ആവാസകേന്ദ്രമായിരുന്നു അവിടം. ചെങ്കല്‍പ്പാറ നിറഞ്ഞ പ്രദേശത്ത് കൃഷി സാധ്യമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

കഴിഞ്ഞവര്‍ഷം നരിക്കുനി കൃഷി ഓഫീസറായിരുന്ന ബി.ജെ. സീമയാണ് ഇവിടെ പച്ചക്കറിക്കൃഷി പരീക്ഷിക്കാന്‍ കര്‍ഷകര്‍ക്കുമുന്നില്‍ നിര്‍ദേശം വെച്ചത്. തുടര്‍ന്ന് ഒരു വെല്ലുവിളിയായി തങ്ങള്‍ക്ക് പരിചയമില്ലാത്ത പച്ചക്കറിക്കൃഷി ഏറ്റെടുക്കാന്‍ സമുദായത്തിലുള്ളവര്‍ മുന്നിട്ടിറങ്ങി. ഇതിനായി ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടു. 36 കുടുംബങ്ങളാണ് കൃഷിയില്‍ പങ്കാളികളായത്.

ആദ്യം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു. തുടര്‍ന്ന് കൃഷിക്കായി സ്ഥലമൊരുക്കി. രണ്ടര ഏക്കറോളം സ്ഥലത്താണ് കൃഷിചെയ്തത്. വിത്ത്, വളം തുടങ്ങിയവയെല്ലാം കൃഷിവകുപ്പ് സൗജന്യമായി എത്തിച്ചുനല്‍കി. ആദ്യവര്‍ഷംതന്നെ കൃഷി വന്‍വിജയമായി. 10 ടണ്ണിലേറെ പച്ചക്കറിയാണ് വിളയിക്കാനായത്. 

ആദ്യവിളവെടുപ്പിന്റെ വിജയത്തിന്റെ ആവേശത്തില്‍ ഈ വര്‍ഷം അഞ്ചേക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. മലയുടെ മുകളിലെത്താന്‍ വാഹനസൗകര്യമില്ല. അതുകൊണ്ട് വിത്തും വളവുമെല്ലാം തലച്ചുമടായാണ് മലമുകളിലെത്തിച്ചത്. അതിരാവിലെ സംഘാംഗങ്ങള്‍ മലകയറും. ഭക്ഷണമെല്ലാം ഒരുമിച്ച് പാകംചെയ്ത്, കൃഷിപ്പണി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങും.

വീടുകളില്‍ പച്ചക്കറിസമൃദ്ധി

പയര്‍, വെണ്ട, വഴുതന, മുളക്, കക്കിരി, ചുരങ്ങ, മത്തന്‍, കുമ്പളം, വെള്ളരി, പീച്ചിങ്ങ, ഇളവന്‍, വത്തക്ക തുടങ്ങിയവയാണ് കൃഷിയിറക്കിയത്. മേയ് മാസത്തില്‍ മഴതുടങ്ങുന്നതിന് മുമ്പെ കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. കാടുതെളിയിച്ച് മണ്ണൊരുക്കും. വേനല്‍മഴ ലഭിക്കുന്നതോടെ തൈകള്‍ നടും. ജൂണ്‍ അവസാനത്തോടെ വിളവെടുപ്പാരംഭിക്കും. ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.

തലമുറകളായി കൃഷിക്കാര്‍

ഞങ്ങള്‍ തലമുറകളായി കൃഷിക്കാരാണ്. കിഴങ്ങുവര്‍ഗങ്ങളാണ് കൃഷിചെയ്തിരുന്നത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷിയും ചെയ്തിരുന്നു. പച്ചക്കറിക്കൃഷി പുതിയ അനുഭവമായി. - പി. ഗോപാലന്‍ (കര്‍ഷകന്‍)

കൂട്ടായ്മയുടെ വിജയം

വരിങ്ങിലോറമലയിലെ കുടുംബങ്ങളുടെ കൂട്ടായ്മയുടെ വിജയമാണിത്. പ്രതികൂല കാലാവസ്ഥയെയും ഭൂപ്രകൃതിയെയും മറികടന്നായിരുന്നു അവരുടെ പ്രയത്‌നം. ജലസേചനസൗകര്യമൊരുക്കി അടുത്ത തവണ രണ്ടുവിള കൃഷിയിറക്കാന്‍ പദ്ധതിയുണ്ട് - കെ. ദാന ( കൃഷി ഓഫീസര്‍, നരിക്കുനി)

നിലമൊരുക്കല്‍ വെല്ലുവിളി

പാറയും കാടുംനിറഞ്ഞ സ്ഥലത്ത് നിലമൊരുക്കുന്നത് വെല്ലുവിളിയായിരുന്നു. പ്രദേശം നിറയെ നല്ല കാടായിരുന്നു.എല്ലാം വെട്ടിവെളുപ്പിച്ചാണ് നിലമൊരുക്കിയത്. എല്ലാവരും ഒത്തൊരുമിച്ച് ജോലിചെയ്തത് വിജയത്തിന് സഹായിച്ചു. - കെ. ഭാമിനി (കര്‍ഷക)

Content Highlights: An Ideal Model of vegetable farming at Kozhikode