കൊറോണാ വിലക്കുകളെ കായികാധ്യാപകനായ ഒല്ലൂര്‍, കൊഴുക്കുള്ളിയിലെ കരിമ്പനയ്ക്കല്‍ വീട്ടില്‍ സുധീര്‍ (39) മറികടന്നത് ആടുജീവിതത്തിലൂടെ. ജഗ്ലിങ്ങും ആംഗിള്‍ കേച്ചും ത്രോസും മറ്റ് സ്‌കില്ലുകളൊന്നുമില്ലാതെ വെറുതെ വീട്ടിലിരുന്നപ്പോള്‍ തോന്നിയ ഒരാഗ്രഹമാണ് പൂര്‍ത്തിയാവുന്നത്. പതിനാലു ആടുകളെ വാങ്ങി. അമ്പത് ആടുകള്‍ക്കുള്ള കൂടും സ്വന്തമായി പണിതു.

മലപ്പുറം തവന്നൂര്‍ കെ.എം.ജി.വി.എച്ച്.എസ്. സ്‌കൂളിലെ കായികാധ്യാപകനാണ് സുധീര്‍. ഒന്നരമാസത്തെ അധ്വാനംകൊണ്ട് സ്വയം കൂട് നിര്‍മിച്ചത്. കൂടിന് ഇരുപത്തെട്ടടിയോളം ഉയരമുണ്ട്. പന്ത്രണ്ടടി വീതിയും. ഏകദേശം അമ്പത് ആടുകളെ ഇതില്‍ വളര്‍ത്താനാകും. നിര്‍മാണ ജോലികളെല്ലാം മാഷ് തനിയേ ചെയ്തിട്ടും അമ്പത്തയ്യായിരം രൂപ ചെലവായി. ആദ്യഘട്ടത്തില്‍ പന്ത്രണ്ട് എണ്ണത്തിനെയാണ് പുതിയ കൂടിനുള്ളിലേക്ക് മാറ്റുന്നതിന് ഒരുക്കിനിര്‍ത്തിയിട്ടുള്ളത്. 

ഹൈബ്രിഡ് ആയ ബീറ്റല്‍ ഇനത്തില്‍പ്പെട്ട രണ്ട് ആടുകളെയും വാങ്ങിയിട്ടുണ്ട്. വീട്ടിലെ രണ്ട് തെങ്ങുകള്‍ മുറിച്ച് ചെറിയ പാളികളാക്കി അടിയില്‍ നിരത്തി. മാവിന്‍പലകകള്‍ പുറമേനിന്ന് വാങ്ങി. പിന്നെ ഇരുമ്പുപൈപ്പുകളും വലയും നെറ്റുമാണ് മറ്റ് സാമഗ്രികള്‍. ഓണ്‍ലൈനില്‍ ഒരു ചെറിയ വെല്‍ഡിങ് യന്ത്രവും വാങ്ങി. മുകളില്‍ ഷീറ്റു മേഞ്ഞു. വെള്ളവും തീറ്റയും നല്‍കാനും മൂത്രവും കാഷ്ഠവും നീക്കുന്നതിനും സംവിധാനങ്ങളൊരുക്കി. കൂടിനു താഴെ കോഴിവളര്‍ത്തലിനും സൗകര്യമുണ്ട്. 

അച്ഛനും അമ്മയും സഹായിക്കാനെത്തും. പറപ്പൂക്കര പി.വി.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഭാര്യ അമ്പിളിയും മക്കളായ അഭയ്‌റാം, ആശ്രയ്‌റാം എന്നിവരും പ്രോത്സാഹനമായി സദാ കൂടെനിന്നു. നാഷണല്‍ സ്‌കൂള്‍ മീറ്റുകളില്‍ കേരള ടീമിന്റെ കോച്ചായിരുന്നു സുധീര്‍. കേരള കാര്‍ഷിക സര്‍വകലാശാലയടക്കം പല സര്‍വകലാശാലകളിലും അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.

Content Highlights: A School teacher's Success story in Goat farming