പ്രാര്‍ഥന കഴിഞ്ഞാല്‍ പാഠത്തിലേക്ക് എന്ന രീതിക്ക് അവധി നല്‍കിയിരിക്കുകയാണ് സിസ്റ്റര്‍ റോസ് ആന്റോ. ഇപ്പോള്‍ പ്രാര്‍ഥനയ്ക്കുശേഷം നേരെ പാടത്തേക്കാണ് സിസ്റ്ററുടെ യാത്ര. മികച്ച കോളേജ് അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയ സിസ്റ്റര്‍ റോസ് 2019-ല്‍ വിരമിച്ചശേഷം മുഴുസമയം കൃഷിയിലാണ്. 

ഇരിങ്ങാലക്കുട കോമ്പാറ പെരുവല്ലിപ്പാടത്താണ് 12.5 ഏക്കറില്‍ നെല്‍ക്കൃഷി. അധ്വാനം കാണുമ്പോാള്‍ നാട്ടുകാരില്‍ ചിലര്‍ ഉപദേശിക്കും. 'സൂക്ഷിക്കണം. ഒരു വൃക്കയില്ലാത്ത ശരീരമാണ്'. 2018 -ല്‍ പരിചയമില്ലാത്ത വ്യക്തിക്ക് സിസ്റ്റര്‍ ഒരു വൃക്ക നല്‍കിയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് നാട്ടുകാരുടെ ഈ സ്‌നേഹോപദേശം.

ആലപ്പുഴ കൈതവനയിലെ ദേവസ്യ-ത്രേസ്യാമ്മ ദമ്പതിമാരുടെ 12 മക്കളില്‍ ഒമ്പതാമത്തെയാളാണ് സിസ്റ്റര്‍ റോസ്. ഹിന്ദി സാഹിത്യത്തില്‍ ഒന്നാംറാങ്കോടെ എം.ഫിലും പിഎച്ച്.ഡി.യും നേടി. 1988 -ലാണ് ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ ഹിന്ദി അധ്യാപികയായത്. 1992-ലാണ് ഹോളിഫാമിലി സഭയില്‍ സിസ്റ്ററായത്. 

സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ബിഷപ്പ് ജയിംസ് പഴയാറ്റിലില്‍ നിന്ന് കിട്ടിയതോടെയാണ് കൃഷിയും സഹായങ്ങളുമായി ഇറങ്ങിയത്. കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറും പെണ്‍കുട്ടികളുടെ സെല്ലിന്റെ ചുമതലയുമായിരുന്നു. 31 വര്‍ഷത്തെ സേവനശേഷം വകുപ്പ് മേധാവിയായി വിരമിക്കുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല മികച്ച കോളേജ് അധ്യാപകര്‍ക്ക് നല്‍കുന്ന പ്രൊഫ. എം.എം. ഗനി പുരസ്‌കാരം സ്വന്തമാക്കി. 

പട്ടധാരണത്തിന്റെ കാല്‍നൂറ്റാണ്ട് തികയുന്ന സമയത്താണ് ഇരിങ്ങാലക്കുട ആസാദ് റോഡിലെ സൈക്കിള്‍ കടക്കാരന് വൃക്ക ദാനംചെയ്തത്. വിരമിക്കും മുമ്പ് പെരുവല്ലിപ്പാടത്ത് അഞ്ചുവര്‍ഷം വിളവിറക്കി കൊയ്ത്തും നടത്തിയിരുന്നു.

പാടത്തുനിന്ന് വിളവെടുക്കുന്നതും പെന്‍ഷന്‍ കിട്ടുന്നതുമെല്ലാം പാവങ്ങള്‍ക്കാണ്. പെട്ടിമുടിയിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് ഒരു ലോറി സാധനങ്ങളാണ് സിസ്റ്റര്‍ എത്തിച്ചത്. രക്തദാനം, വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കല്‍ തുടങ്ങി സാമൂഹിക സേവനങ്ങളുമുണ്ട്.

നെല്ലും വളവും കൊണ്ടുവരാന്‍ കാര്‍ വാങ്ങി ഡ്രൈവിങ് പഠിച്ചു. ജീവാമൃതം തയ്യാറാക്കാന്‍ കാസര്‍കോട് കുള്ളന്‍ പശുവിനെയും വാങ്ങി. 125 ഏക്കറിലെ കാര്‍ഷിക കര്‍മസേനയുടെ നെല്‍ക്കൃഷിക്ക് പ്രചോദനവും മാര്‍ഗദര്‍ശിയും സിസ്റ്ററാണ്. കൃഷിയിടത്തിന് സമീപത്തെ വീട്ടിലാണ് താമസം.

Content Highlights: Agriculture KarshakaDinam 2020 A Nun's  success story in farming