കൗതുകത്തിന് വളര്‍ത്തി തുടങ്ങിയ പത്തുമണി ചെടികള്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, കുറുങ്ങഴ സ്വദേശി മഞ്ജു ഹരിയുടെ ജീവിതമാകെ വര്‍ണ്ണാഭമാക്കിയിരിക്കുകയാണ്. അഞ്ചു വര്‍ഷം മുമ്പ് കൂട്ടുകാരി സമ്മാനിച്ച ഏതാനും പത്തു മണിമണി ചെടികള്‍ വളര്‍ത്തിയാണ് മഞ്ജുവിന്റെ തുടക്കം.

പത്തുമണി ചെടികളെക്കുറിച്ച് പഠനം നടത്തിയ മഞ്ജു വ്യത്യത്യസ്ഥ ഇനം ചെടികളുടെ പൂക്കള്‍ പരാഗണം ചെയ്ത് അവയുടെ ചെറു വിത്തുകള്‍ കിളിര്‍പ്പിച്ചെടുത്തു. മനോഹരങ്ങളായ പൂക്കള്‍ വിരിയുന്ന ഇരുനൂറോളം ഇനം ചെടികള്‍ ഇപ്പോള്‍ ഇവരുടെ തോട്ടത്തിലുണ്ട്. ഇവ വിപണനം ചെയ്യുന്നതിലൂടെ നല്ലൊരു വരുമാനവും മഞ്ജുവിന് ലഭിക്കുന്നു.

പത്തു മണി ചെടികളുടെ പരിചരണം വളരെ ലഘുവാണെന്ന് ഇവര്‍ പറയുന്നു. ചെറിയ ചെടിച്ചട്ടികളിലും ഉപയോഗ ശൂന്യമായ പാത്രങ്ങളിലും ഇവ വളര്‍ത്താം. ജലം വാര്‍ത്തു പോകാന്‍ സൗകര്യം ഒരുക്കിയ ശേഷം മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ച് പത്തു മണി ചെടികളുടെ ചെറുതലപ്പുകള്‍ ഒടിച്ച് കുത്തിയാല്‍ പെട്ടെന്നു തന്നെ വേരു മുളച്ച് വളരും.

പിന്നീട് ഇവ അനുയോജ്യമായ സ്ഥലത്ത് മാറ്റി നടാം. ചെടികള്‍ക്ക് നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ വര്‍ഷം മുഴുവന്‍ പുഷ്പിക്കും. പൂക്കള്‍ കുറഞ്ഞാല്‍ തലപ്പുകള്‍ നുള്ളികളഞ്ഞ് ജൈവവളങ്ങള്‍ അല്പം ചേര്‍ത്താല്‍ വീണ്ടും വളര്‍ന്ന് നിറയെ മൊട്ടിടും.

നാടന്‍ പത്തു മണി ഇനങ്ങളുടെ പൂക്കള്‍ പൊതുവെ ചെറുതാണ്. വിദേശ ഇനങ്ങളുടെ പൂക്കള്‍ വലിയവയും കൂടുതല്‍ ദിവസം വാടാതെ നില്‍ക്കുകയും ചെയ്യും. പത്തു മണി ചെടികള്‍ നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി വിവിധ ചെടികളുടെയും സസ്യങ്ങളുടെയും ഒരു നഴ്‌സറിയും ഇവര്‍ ആരംഭിച്ചു കഴിഞ്ഞു.

ഫോണ്‍: 9562003503

Content Highlights: A Housewife success story in Gardening