ജീവിതം ഫ്‌ലാറ്റില്‍ നാലാംനിലയില്‍. സ്വന്തമായി മണ്ണില്ല. പക്ഷേ, സ്വപ്നയുടെ കൃഷിസ്വപ്നങ്ങള്‍ക്ക് അതൊന്നും തടസ്സമല്ല. ഫ്‌ലാറ്റിനു താഴെ, പുറത്ത് കാടുപിടിച്ചുകിടന്ന മണ്ണില്‍ കൊത്തിക്കിളച്ചുപിടിപ്പിക്കാത്തതൊന്നുമില്ല. നേന്ത്രവാഴ മുതല്‍ കൈതച്ചക്ക വരെ. ഉരുളക്കിഴങ്ങും സവാളയും പോലും പരീക്ഷിച്ചിട്ടുണ്ട്.
തൃശ്ശൂര്‍, ഒളരിയിലെ സാന്ദ്രം റീജന്‍സി ഫ്‌ലാറ്റിന് സമീപം എപ്പോഴും ഒരു കൈക്കോട്ടും പണിയായുധങ്ങളുമായി സ്വപ്നയെ കാണാം. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് പ്രാതല്‍ ഒരുക്കിക്കഴിഞ്ഞാല്‍ പിന്നെ, ഓരോ തടത്തിലും എത്തി പരിചരണമാണ്. തൃപ്പൂണിത്തുറ സ്വദേശിനി സ്വപ്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്സി. മറൈന്‍ സയന്‍സും ബി.എഡും പൂര്‍ത്തിയാക്കി ഗവേഷണം തുടങ്ങി. റിസര്‍ച്ച് ഫെലോ ആയിരിക്കുമ്പോഴാണ് വിവാഹം. മകള്‍ പിറന്നപ്പോള്‍ ജോലി തുടരാനാവാത്ത സ്ഥിതി. പിന്നീട് ഭര്‍ത്താവിന് സ്ഥലംമാറ്റം വന്നപ്പോള്‍ ഗവേഷണവും തുടരാനായില്ല.
പക്ഷേ, താമസം എവിടെയായാലും ഒരു കാപ്പിപ്പൊടി പാക്കറ്റ് ഒഴിഞ്ഞാല്‍ അതിലും ഒരു വിത്ത് മുളപ്പിക്കും. ആയുര്‍വേദ ഡോക്ടറായിരുന്ന അച്ഛന്‍ എം. സുകുമാരന്‍ ജോലി കഴിഞ്ഞെത്തുന്നത് രാത്രിയായാലും മക്കളുമായി പാടത്തേയ്ക്ക് ടോര്‍ച്ചുമടിച്ച് പോയിരുന്ന കുട്ടിക്കാലമാണ് സ്വപ്നയുടെ കൃഷി അറിവുകളുടെ തുടക്കം. മണ്ണില്‍ കൊത്തിക്കിളച്ച് പാകിയും പരിചരിച്ചുമല്ലാതെ ഒരുദിവസം ഇപ്പോള്‍ ചിന്തിക്കാനാവില്ല. വാഴ, പയര്‍, അമര, വെണ്ട, ചേന, ചേമ്പ്, ഇഞ്ചി, കപ്പ എന്നിവയാണ് കാര്യമായി കൃഷി ചെയ്യുന്നത്.
ഇപ്പോള്‍ ഫ്‌ലാറ്റിലെ മറ്റ് താമസക്കാരെല്ലാം ചെറിയതോതില്‍ കൃഷിചെയ്യുന്നുണ്ട്. കുട്ടികളും അതിനൊപ്പം ചേരുന്നു. കിട്ടുന്ന വിളവ് ഫ്‌ലാറ്റിനു പുറമേ അയല്‍വീടുകളുമായും പങ്കുവെക്കും. അയല്‍പ്പക്കത്തെ കൃഷിയുടമ ജോണി വിത്തും തൈയും വിളവുമെല്ലാം ഫ്‌ലാറ്റിലെല്ലാവര്‍ക്കും നല്‍കും.
സ്ഥലമുടമ അല്‍ഫോന്‍സയ്ക്കും പരാതിയില്ല. സുഹൃത്തുക്കളും മറ്റും വിത്തുകള്‍ പങ്കുവെയ്ക്കും. ചാണകം ഫ്‌ലാറ്റില്‍ പാലുതരുന്നയാള്‍ നല്‍കും. -സ്വപ്ന പറയുന്നു. ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ മനോജ് ആണ് സ്വപ്നയുടെ ഭര്‍ത്താവ്. മക്കള്‍ നയനയും കീര്‍ത്തനയും അമ്മയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Content Highlights: A House makers success story Vegetable Farming