38 വര്‍ഷത്തെ പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇനി നാട്ടിലെന്തു ചെയ്യുമെന്ന വേവലാതിയായിരുന്നു. പ്രത്യേകിച്ച് നാട്ടില്‍ ഒന്നും ചെയ്യാനില്ലാതെ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പുതന്നെ കൃഷിയിടമാക്കി മാതൃക തീര്‍ക്കുകയാണ് ഉദിനൂര്‍ കിനാത്തിലെ അരമന ബാലകൃഷ്ണന്‍ എന്ന പ്രവാസി.
ഒരേക്കറില്‍ നെല്‍ക്കൃഷിയും അരയേക്കറില്‍ കപ്പയും പച്ചക്കറിയുമായി മണ്ണും മനസ്സും ഹരിതാഭമാക്കുകയാണ് ബാലകൃഷ്ണനും കുടുംബവും. കാസര്‍കോട്, പടന്ന പഞ്ചായത്തിലെ മാതൃകാ കരനെല്‍ക്കൃഷിയിടമാണ് ഈ കൃഷിയിടം. അരയേക്കര്‍ തൊണ്ണൂറാനും അരയേക്കര്‍ പാലക്കാടന്‍ വിത്തിനമായ കുഞ്ഞുകുഞ്ഞ് വെര്‍ണയുമാണ് കൃഷിചെയ്തത്. അധികം ഉയരംവയ്ക്കാത്ത ഈ ഇനം 110 ദിവസംകൊണ്ട് വിളവെടുപ്പിന് പാകമാകും.
തരിശുകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന കൃഷിഭവന്റെ സാങ്കേതികസഹായത്തോടെയാണ് കൃഷി ഇറക്കിയത്. കൃഷി ഓഫീസര്‍ ടി. അംബുജാക്ഷന്റെ നിര്‍ദേശത്തിലാണ് ഓരോ ഘട്ടത്തിലുമുള്ള പരിപാലനം. ചാണകവും മണ്ണിര കമ്പോസ്റ്റുമാണ് ഇതുവരെ വളമായി ഉപയോഗിച്ചത്. തീര്‍ത്തും ജൈവകൃഷി രീതിയാണ് പിന്‍തുടരുന്നത്.
തറവാട് വീടിനോട് ചേര്‍ന്നുള്ള അരയേക്കറിലാണ് കപ്പയും പച്ചക്കറിയും കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാകമായ കപ്പ ഇപ്പോള്‍ മുള്ളന്‍പന്നിയുടെ ആക്രമണഭീഷണിയിലാണ്. പന്നിയെ തുരത്താന്‍ പല കെണികളും നോക്കിയെങ്കിലും ഒന്നും ഏശുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.
ചെറുപ്പത്തില്‍ പ്രവാസജീവിതം ആരംഭിച്ച ബാലകൃഷ്ണന്‍ ദുബായിലും മസ്‌കറ്റിലും 38 വര്‍ഷം മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി നോക്കിയാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്.
ഭാര്യ സുധ പുറവങ്കര കൃഷി പരിപാലനത്തില്‍ സഹായവുമായി ഇദ്ദേഹത്തോടൊപ്പമുണ്ട്. ഹൈദരാബാദില്‍ എന്‍ജിനീയറായ മകന്‍ സഞ്ജയ് ബാലകൃഷ്ണനും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍ ബി.ടെക്. വിദ്യാര്‍ഥിനിയായ സുരഭി ബാലകൃഷ്ണനും ലോക്ഡൗണ്‍ കാലത്ത് പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.
Content Highlights: A Former Expatriate's Success story in Rice Cultivation