ചെറുപ്പം മുതലേ എന്തും നട്ടുവളര്‍ത്തുന്ന കൃഷ്ണപ്രസാദിന് കൃഷി നേരമ്പോക്ക് മാത്രമല്ല ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉപാധികൂടിയാണ്. രണ്ടുവര്‍ഷംമുമ്പ് ഹൃദയാഘാതത്താല്‍ അച്ഛന്‍ വിട്ടുപിരിഞ്ഞപ്പോള്‍ പഠനത്തോടൊപ്പം പല തൊഴിലുകള്‍ ചെയ്താണ് അമ്മയെ സഹായിച്ചത്. അപ്പോഴും കിട്ടുന്ന തുകയില്‍നിന്ന് മിച്ചംപിടിച്ച് വിത്തും വളവും വാങ്ങിയിരുന്നു. 

ലോക്ഡൗണായതോടെ ചെയ്തുവന്ന കാറ്ററിങ് ജോലിയും വരുമാനവും അടഞ്ഞതോടെ മുഴുവന്‍സമയ കര്‍ഷകനായിരിക്കുകയാണ് ഈ മിടുക്കന്‍. സ്ഥലപരിമിതിയൊന്നും ഇവന് തടസ്സമല്ല. വീടിനോടു ചേര്‍ന്ന പത്ത് സെന്റ് സ്ഥലം കൂടാതെ തൊട്ടടുത്ത വീടിന്റെ മുറ്റത്തും ടെറസ്സിലും ബന്ധുക്കളുടെ സ്ഥലത്തും കൃഷിയിറക്കിയിട്ടുണ്ട് ഈ ബിരുദവിദ്യാര്‍ഥി. 

തൃശ്ശൂര്‍, ചിറയ്ക്കല്‍ പെരുമ്പിടിക്കുന്ന് തയ്യില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകനാണ് കൃഷ്ണപ്രസാദ്. പഠനത്തോടൊപ്പം ആശാരിപ്പണിയും തുണിക്കടയിലെ സെയില്‍സ്മാനായും ആയുര്‍വേദകേന്ദ്രത്തിലെ സഹായിയായും ജോലിചെയ്തിട്ടുണ്ട്.

വാഴ, ഇഞ്ചി, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കൂര്‍ക്ക, ചീര, മത്തന്‍, മഞ്ഞള്‍, കയ്പക്ക, ഔഷധസസ്യങ്ങള്‍ തുടങ്ങി പരീക്ഷണമെന്നോണം ട്രേയില്‍ ഗോതമ്പുകൃഷി വരെ കൃഷ്ണപ്രസാദിനുണ്ട്. കൂട്ടത്തില്‍ അലങ്കാരമത്സ്യകൃഷിയും അലങ്കാരച്ചെടികളും. 

അമ്മ നിര്‍മലയും പിതൃസഹോദരി വിലാസിനിയുമാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. നല്ലകര്‍ഷകനാവുകയും അതോടൊപ്പം പഠിച്ച് ഒരു സര്‍ക്കാര്‍ജോലി നേടുകയുമാണ് ഈ യുവാവിന്റെ സ്വപ്നം.

Content Highlights: A Degree student's success story in vegetable farming