'പച്ച, കിളിപ്പച്ച, വയലറ്റ്, കറുപ്പ്, വെള്ള... കാന്താരിമുളകുകള്‍ ഇത്രയൊക്കെ വരും. പിന്നെ മുന്തിരിമുളക്, മാലി മുളക്, മഞ്ഞമുളക്, മത്തങ്ങ മുളക്...സുശീലയുടെ പട്ടിക നീളുകയാണ്. തൃശ്ശൂര്‍ നഗരമധ്യത്തിലെ കൊച്ചുവീടിന്റെ മട്ടുപ്പാവില്‍ സുശീല വിളയിച്ചെടുക്കുന്നത് പച്ചക്കറികളുടെ വൈവിധ്യം. മുളക് തന്നെയുണ്ട് ഇരുപതോളം ഇനം. വേങ്ങേരി, ഓണാട്ട്, മാട്ടുക്കുളം, മാലാഖ, സാദാ വയലറ്റ്, ഉണ്ട ... വഴുതനകള്‍ ഇങ്ങനെ പലതരം. ആനക്കൊമ്പന്‍ ചുവപ്പ്, വെള്ള, പച്ച...അങ്ങനെ വെണ്ടയിനങ്ങള്‍ വേറെ. പാല്‍ച്ചീര, മയില്‍പ്പീലി ചീര, പട്ടുച്ചീര എന്നു തുടങ്ങി പലതരം ചീരകള്‍. ഇതിനു പുറമേ പയര്‍, മത്തന്‍, വെള്ളരി, പടവലം, പുതിന....

തൃശ്ശൂര്‍ കണ്ണംകുളങ്ങരയിലെ വീടിന്റെ മട്ടുപ്പാവില്‍ ആറു വര്‍ഷം മുമ്പാണ് കെ.കെ. സുശീല പച്ചക്കറി കൃഷി തുടങ്ങിയത്. അതുവരെ പൂച്ചെടികളായിരുന്നു പ്രിയം. അഞ്ച് സെന്റ് സ്ഥലത്തെ ചെറുവീടിനു ചുറ്റും ചെടികള്‍ക്ക് വളരാന്‍ സ്ഥലമില്ലെന്നു കണ്ടപ്പോള്‍ കൃഷി മട്ടുപ്പാവിലാക്കി. ഇരുനൂറില്‍ ഏറെ ഗ്രോ ബാഗുകള്‍ക്ക് പുറമേ തെര്‍മോകോളിന്റെ പെട്ടികളും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ജൈവരീതിയിലാണ് കൃഷി. ഫെയ്സ്ബുക്ക് കൂട്ടായ്മകളാണ് വിത്തും തൈകളും കിട്ടാന്‍ സഹായം. ഗ്രൂപ്പിലുള്ളവര്‍ക്ക് അങ്ങോട്ടും കൊടുക്കും ഇവയൊക്കെ. കൃഷിയിടത്തില്‍ കൂട്ടിന് മൂന്നു വയസ്സുള്ള പേരക്കുട്ടി ധ്വനിയുമുണ്ട്.

വിളവുകള്‍ സ്വന്തം ആവശ്യത്തിനെടുത്തു കഴിഞ്ഞാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ വിതരണം ചെയ്യുകയാണ് പതിവ്. പിന്നേയും അധികം വന്നാല്‍ മാത്രമേ വില്‍ക്കാറുള്ളൂ. എന്നിട്ടും ഈ വേനല്‍ക്കാലത്ത ചീര വിറ്റു കിട്ടിയത് 2000 രൂപ. പിന്നെ കുറച്ചു മുളകും വില്‍പ്പന നടത്തി. കഴിഞ്ഞയാഴ്ചത്തെ കനത്ത മഴയില്‍ ടെറസിന് മുകളില്‍ കെട്ടിയ പന്തല്‍ പൊളിഞ്ഞു വീണെങ്കിലും സുശീല വിട്ടുകൊടുക്കാന്‍ തയ്യാറല്ല. പയറും മത്തനും കുമ്പളവും വെള്ളരിയും പടവലവും എല്ലാം പടര്‍ന്നിരുന്നത് ഈ പന്തലിന്റെ ഓരോ ഭാഗത്തായാണ്. വീണ്ടും പന്തലൊരുക്കി ഇവയെല്ലാം പഴയപടിയാക്കാനുള്ള ശ്രമത്തിലാണ് ഈ വീട്ടമ്മ.

കൂര്‍ക്കഞ്ചേരി സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സുശീല, ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന പച്ചക്കറി കൃഷി പരിപാടികളിലും സജീവസാന്നിധ്യമാണ്. കുടുംബശ്രീ പ്രവര്‍ത്തക കൂടിയാണ്. വിളവുകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ നല്‍കുകയാണ് പതിവ്.

Content Highlights: A bank manager's success story in terrace farming