കൊച്ചി: കാര്‍ഷിക മേഖലയിലെ പുതുമകള്‍ ധൈര്യത്തോടെ ഏറ്റെടുക്കുന്ന മേയ്ക്കാട് പെരുമറ്റത്ത് പാറയില്‍ സാലു പോളിന്റെ കൃഷി രീതി ഹൈടെക്കാണ്. വീടിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് പോളിഹൗസ് കൃഷിയും, മഴമറകൃഷിയും നടത്തി സാലു പച്ചക്കറി ഉത്പാദനത്തില്‍ വര്‍ധനയുണ്ടാക്കി. കൂടാതെ പപ്പായ കൃഷിയും വിജയകരമാക്കി. 

പയറിനും, സാലഡ് വെള്ളരിക്കും വേണ്ടിയാണ് പത്ത് സെന്റ് സ്ഥലത്ത് പോളിഹൗസ് കൃഷി തുടങ്ങിയത്. ചുറ്റും സുരക്ഷിതമായി മറച്ചിരിക്കുന്നതിനാല്‍ കീട ശല്യമുണ്ടാകില്ല. വളം കലര്‍ത്തിയ വെള്ളമാണ് ഓരോ ചെടിക്കും കിട്ടുന്നത്. ഈ മികച്ച കൃഷിരീതിയില്‍ നല്ല വിളവാണ് ലഭിച്ചത്. മൂന്ന് മാസം കൊണ്ട് മൂന്നര ടണ്ണോളം സാലഡ് വെള്ളരിയും, ഒന്നര ടണ്ണോളം പയറും കിട്ടി.

പാവല്‍, വെണ്ട ,വഴുതിന എന്നിവയാണ് റെയ്ന്‍ ഷെല്‍ട്ടര്‍ എന്ന 'മഴമറകൃഷി'യില്‍ പരീക്ഷിച്ചത്. ഇവ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ മുകള്‍ ഭാഗം മാത്രമേ മറയ്ക്കുകയുള്ളൂ. വശങ്ങള്‍ തുറന്നു കിടക്കും. വളം ചേര്‍ത്ത വെള്ളമാണ് പൈപ്പിലൂടെ ചെടിയുടെ ചുവട്ടിലെത്തിക്കുന്നത്. മൂന്നിനത്തിലും നല്ല വിളവ് കിട്ടി. സാലുവും രണ്ട് പണിക്കാരും ചേര്‍ന്നാണ് യന്ത്രസഹായത്തോടെ പണികള്‍ ചെയ്യുന്നത്. ബി.എസ്സി. പഠനം കഴിഞ്ഞ സാലു കഴിഞ്ഞ പത്ത് വര്‍ഷമായി പൂര്‍ണമായും കൃഷിക്കാരനാണ്. അഞ്ചു വര്‍ഷമായി ഹൈടെക്ക് കൃഷിക്കാരനുമാണ്. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ ഹൈടെക്ക് കൃഷിക്കാരനുള്ള അവാര്‍ഡ് ലഭിച്ചത് സാലു പോളിനാണ്.