കൊച്ചുകുടി കുടുംബത്തിന് കൃഷിയെന്നാല്‍ പുത്തരിയല്ല. പരമ്പരാഗതമായി മണ്ണില്‍ പൊന്ന് വിളയിച്ച കുടുംബമാണ്. അതുകൊണ്ട് തന്നെ തൊടുപുഴ കലൂര്‍ കൊച്ചുകുടി ജോര്‍ജ് മാത്യുവിന്റെ ഇളയ മകന് ജോസിക്ക് ബിരുദപഠനത്തിന് ശേഷം ഇനിയെന്ത് എന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കൃഷിയുടെ വഴിയില്‍ ജോസിക്ക് മുമ്പിലുണ്ടായിരുന്നത് ഏക്കറുകളോളം പരന്നുകിടക്കുന്ന പുരയിടമായിരുന്നു.
റബ്ബറായിരുന്നു അന്ന് പ്രധാന വിള. കുറച്ചിടത്ത് തെങ്ങും കൃഷി ചെയ്യുന്നുണ്ടായിരുന്നു. അതിലിടവിളയായി കൊക്കോയും. മഴക്കാലമാകുമ്പോള്‍ റബ്ബറില്‍ നിന്നുള്ള വരുമാനം നിലയ്ക്കും. റബ്ബര്‍ ടാപ്പിങ്ങിനെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളുടെ നില പരുങ്ങലിലുമാകും. ഈ പ്രശ്നത്തെ പരിഹരിക്കുന്ന ഇടവിള തേടിയുള്ള അന്വേഷണമാണ് ജോസിയെ ജാതിയില്‍ കൊണ്ടെത്തിച്ചത്.മഴക്കാലത്താല്ലോ ജാതിയുടെ വിളവെടുപ്പ്!
ജോസി 25 വര്‍ഷം മുമ്പെടുത്ത ആ തീരുമാനം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ തന്നെ വഴിത്തിരിവായെന്നത് ചരിത്രം. ജോസിയുടെ പുരയിടത്തില്‍ വികസിപ്പിച്ചെടുത്ത കൊച്ചുകുടി ജാതിയാണ് ഇന്ന് ഇന്ത്യയില്‍ തന്നെ മുന്‍പന്തിയില്‍ നില്ക്കുന്ന ജാതിയിനം. അത്യുല്പാദന ശേഷിയുള്ള ജാതിയിനം വികസിപ്പിച്ചെടുത്തതിന് ദേശീയ ഇന്നവേഷന്‍ ഫൗണ്ടേഷന് പുരസ്കാരം, കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ പുരസ്കാരം എന്നിവ ജോസിയെ തേടിയെത്തിയിട്ടുണ്ട്.
കൊച്ചുകുടി ജാതി എന്നാല്‍...
കുരുവിന്റെ വലിപ്പവും പത്രിയുടെ കനവും തന്നെയാണ് കൊച്ചുകുടി ജാതിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ ജാതിക്കുരു ഒരു കിലോ ലഭിക്കാന്‍ 180ന് മേല്‍ ജാതിക്കകള്‍ വേണ്ടപ്പോള്‍ കൊച്ചുകുടി ജാതി 70 മുതല്‍ 80 എണ്ണം വരെ മതിയാവും. 380 പത്രികള്‍ക്ക് ഒരു കിലോ തൂക്കമുണ്ടാവും എന്ന പ്രത്യേകതയുമുണ്ട്. സാധാരണ ജാതിയിനങ്ങളില് ഇത് ആയിരത്തിന് മേലെ വേണം. കൊച്ചുകുടി ജാതിയുടെ ഒരു പത്രിക്ക് മൂന്ന് ഗ്രാം വരെയും കായ്ക്ക് 18 ഗ്രാം വരെയും തൂക്കമുണ്ടാകും.

സാധാരണ ജാതിയിനങ്ങളില് ഒന്നിടവര്ഷങ്ങളില് വിളവില്‍ ഏറ്റക്കുറച്ചിലുണ്ടാവുക സാധാരണമാണ്. എന്നാല്‍,കൊച്ചുകുടി ജാതി എല്ലാ വര്‍ഷവും ഏറെക്കുറേ ഒരേ അളവിലാണ് വിളവ് നല്‍കുക. മരങ്ങളുടെ വളര്‍ച്ച കോണിഫെറസ് ആകൃതിയിലായതിനാല്‍ വിളവെടുക്കാനും എളുപ്പമാണ്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ഈ ഇനത്തിന് കൂടുതലാണ്.
സാധാരണ നഴ്സറികള്‍ ബഡ് വുഡ് എടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷം വളര്‍ച്ചയെത്തിയ തൈകളെ ആശ്രയിക്കുമ്പോള്‍ കൊച്ചുകുടി നഴ്സറിയില്‍ പത്ത് വര്‍ഷം പ്രായമായ തൈകളില്‍ നിന്നേ ബഡ് വുഡ് എടുക്കാറുള്ളു. അങ്ങനെ ചെയ്താലേ മദര്‍ പ്ലാന്റിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ബഡ് തൈക്ക് ഉണ്ടാവൂ എന്ന് ജോസ് പറയുന്നു. ആയിരത്തോളം മരങ്ങളില്‍ നിന്ന് ബഡ് വുഡ് എടുത്ത് 30,000 ത്തോളം തൈകള്‍ ഓരോ വര്‍ഷവും ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഇവയില്‍ 18,000 തൈകള്‍ വരെ വിപണിയില്‍ വിറ്റഴിക്കാന്‍ പാകത്തിന് ഗുണമേന്മയുള്ളതായി ലഭിക്കും. നാടന്‍ തൈകളില്‍ മാത്രമേ ബഡ്ഡിങ് നടത്താറുള്ളു.
നാടന്‍ തൈകള്‍ മൂന്ന് സ്റ്റെപ് ശിഖരങ്ങള്‍ വളര്‍ന്നു കഴിയുമ്പോഴാണ് ബഡ്ഡിങ് നടത്തുന്നത. രണ്ടിനും മൂന്നിനും ഇടയിലാണ് മുകുളങ്ങള്‍ വളരുക. ഇത് വളര്‍ന്നുകഴിയുമ്പോള്‍ മുകളിലേക്കുള്ള ശിഖരങ്ങള്‍ മുറിച്ചു കളയുന്നു. പത്തില്‍ മൂന്ന് മരങ്ങള്‍ക്ക് എന്ന കണക്കില്‍ ചുവട്ടില്‍ നിലനിര്‍ത്തുന്ന ശിഖരങ്ങളില്‍ 40 മുതല്‍ 50 ശതമാനം വരെയുണ്ടാകുന്നത് ആണ്പൂവുകളായിരിക്കും.600 മുതല്‍ ആയിരം രൂപ വരെയാണ് ഒരു കൊച്ചുകുടി ജാതി തൈക്ക് വില.
വിപണനം
ജാതി കായ്കള്‍ പച്ചയ്ക്കും പത്രികള്‍ ഡ്രയറില്‍ ഉണക്കിയുമാണ് വില്‍ക്കുന്നത്. കായ്കള്‍ 40 ഡിഗ്രിയില്‍ താഴെ താപനിലയില്‍ ഉണങ്ങിയെടുക്കുക ശ്രമകരമായതിനാലാണ് പച്ചയ്ക്ക് തന്നെ വില്‍ക്കുന്നത്. ഒരേയിനത്തിലും വലിപ്പത്തിലും ഉള്ള കായ്കള്‍ നല്കുന്നതിനാല് ഉയര്‍ന്ന ഗ്രേഡിനുള്ള വില തന്നെ ലഭിക്കുന്നുണ്ടെന്ന് ജോസി പറയുന്നു.
ജാതി പരിപാലനം
ഉയര്‍ന്ന ഗ്രേഡിലുള്ള കായ്കളും പത്രികളും ലഭിക്കണമെങ്കില്‍ മരത്തില്‍ നിന്ന് പൊട്ടി താഴെ വീഴും മുമ്പ് കായ്കള്‍ പറിച്ചെടുക്കണം. തനിയെ താഴെവീഴുന്ന അവസ്ഥയാകുമ്പോള്‍ ഇവയുടെ നിറവും ഗുണവുമെല്ലാം കുറയും.

മൂന്നടി നീളവും മൂന്നടി വീതിയും മൂന്നടി താഴ്ച്ചയുമുള്ള കുഴികളെടുത്ത് അവയില്‍ മണ്ണിട്ട് മൂടിയ ശേഷം കൂടത്തൈകള് എടുത്ത് വയ്ക്കാന്‍ കൃത്യമുള്ള കുഴികള്‍ എടുത്ത് വേണം തൈകള്‍ നടാന്‍. 22 അടി അകലം കുഴികള്‍ തമ്മില്‍ ഉണ്ടായിരിക്കണം. ജാതിമരത്തിന്റെ ഉയരം 25 അടിയില്‍ കൂടാന്‍ അനുവദിക്കരുത്. അതുപോലെ വശങ്ങളിലെ ശിഖരങ്ങള്‍ മറ്റ് ജാതിമരങ്ങളുമായി കൂട്ടിമുട്ടുന്നതൊഴിവാക്കാന് മുറിച്ചുനിര്ത്തുകയും വേണം. ഒരേക്കറില്‍ 120 മരങ്ങള്‍ വരെ ഇങ്ങനെ നിര്‍ത്താവുന്നതാണ്.
ചാണകവും എല്ലുപൊടിയും വെര്മികമ്പോസ്റ്റുമാണ് ജാതിയ്ക്ക് നല്കുന്ന പ്രധാന വളങ്ങള്‍. മഴ കുറവുള്ള സമയങ്ങളില്‍ ചുവട് നനച്ചു കൊടുക്കണം. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് പുതിയ ശിഖരങ്ങള്‍ തളിര്ത്തുവരിക. ആ സമയത്ത് ഒരു മരത്തിന് രണ്ട് കിലോ എന്ന അളവില്‍ പൊട്ടാഷും നല്‍കണം.
വള്ളിക്കെട്ട് രോഗവും ഫംഗല്‍ ബാധയുമാണ് ജാതിമരങ്ങളെ പ്രധാനമായും ബാധിക്കുന്നത്. ആഞ്ഞിലി പോലെയുള്ള മരങ്ങളുടെ തണലില്‍ വളരുന്ന ജാതിയിലാണ് വള്ളിക്കെട്ട് രോഗം കണ്ട് വരുന്നത്. മരങ്ങളില്‍ നിന്ന് പൊഴിയുന്ന ഇലകള്‍ ജാതിയിലകളില് തങ്ങുകയും അവ കാലക്രമേണ അഴുകുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവയില്‍ നിന്ന് തലമുടി പോലെയുള്ള നാരുകള്‍ വളരുന്നു. ഇത് കായ്ഫലത്തെ ദോഷകരമായി ബാധിക്കും. 15 വര്‍ഷം പ്രായമായ മരങ്ങളിലാണ് ഈ രോഗം കണ്ടുവരുന്നത്. ജാതി മരങ്ങളില്‍ നിന്ന് മറ്റ് മരങ്ങളുടെ ഇലകള്‍ എടുത്ത് കളയുക മാത്രമാണ് ഇതിനൊരു പോംവഴി. ഫംഗല്‍ ബാധ ഇല്ലാതാക്കാന്‍ ബോര്‍ഡോമിശ്രിതം സഹായിക്കും. മെയ് മാസം മുതല്‍ 45 ദിവസത്തിന്റെ ഇടവേളയില്‍ രണ്ട് തവണയായി മിശ്രിതം തളിച്ചുകൊടുക്കാവുന്നതാണ്.
ജാതികൃഷിയിലെ ഭാവി സാധ്യതകള്‍
ഇന്ത്യയിലെ ജാതിയ്ക്ക ഉല്പാദനത്തില് പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയിലധികം വര്‍ധനയാണുണ്ടായിട്ടുള്ളത്. ഉല്പാദനതോത് വര്‍ധിക്കുന്തോറും വിലയും വര്‍ധിക്കുകയാണ് ചെയ്യുന്നത്.
വിദേശരാജ്യങ്ങളില്‍ ജാതിയ്ക്കയുടെ ഉപയോഗം കൂടിവരികയാണ്. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന രുചിവര്ധകമായാണ് ഇത് ഉപയോഗിക്കുന്നത്. ജര്‍മ്മനിയില്‍ ഹാംബര്‍ഗ് സോസേജിന്റെ ഒരു പ്രധാന ഘടകം ജാതിയ്ക്കപ്പൊടിയാണ്. ദഹനത്തിന് സഹായിക്കുന്നത് എന്ന നിലയിലാണിത്. ഇന്ത്യയില്‍ മരുന്ന് നിര്‍മ്മാണത്തിലും കറിപ്പൊടികളില്‍ ഫില്ലറുകളായുമാണ് ജാതിയ്ക്ക കൂടുതലായി ഉപയോഗിക്കുന്നത്. അച്ചാര്‍,സ്ക്വാഷ് തുടങ്ങിയവയ്ക്കായും ജാതിയ്ക്ക ഉപയോഗിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്.
വരുമാനമാര്ഗമെന്നതിനു പുറമെ വരും തലമുറയ്ക്കായി ശുദ്ധമായ പ്രകൃതിയെ പരിരക്ഷിക്കുക എന്ന ലക്ഷ്യവും കൃഷിയോടുള്ള ജോസിയുടെ സ്നേഹത്തിനുള്ള കാരണമാണ്. മാതാപിതാക്കളുടെ അനുഗ്രഹവും ഭാര്യ പവിഴവും മക്കളായ മാത്യു, ടിയ, ലെന എന്നിവര്‍ നല്കുന്ന സ്നേഹവും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലുള്ള ശക്തിയെന്ന് ജോസി പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 094460 10630