വാഴപ്പഴത്തിന് വലിയ വിലയാണിപ്പോള്‍. നേന്ത്രക്കായക്ക് 65-നും 70-നും ഇടയിലാണ്  പൊതുമാര്‍ക്കറ്റിലെ വില. നേന്ത്രയ്ക്ക് കുറേക്കാലമായി കേരളത്തില്‍ പൊതുവിപണിയില്‍ വില 50 രൂപയില്‍ക്കുറയാറില്ല. ഞാലിപ്പൂവനാണെങ്കില്‍ സീസണില്‍ കിലോയ്ക്ക് 70 - 80 രൂപ വരെ വില ഉയരും . ഇവയ്ക്ക് വില ഉയരുമ്പോള്‍ മറ്റുള്ളവയുടെ വിലയും ആനുപാതികമായി ഉയരും.

ഇത്തവണ പഴത്തിന്റെ വില ഉയരാന്‍ കാരണമായത് വേനല്‍ക്കാലത്തെ വരള്‍ച്ചയും ശക്തമായ മഴയില്‍ ഉണ്ടായ കൃഷിനാശവുമാണ് പല കൃഷിക്കാരുടെയും വാഴത്തോട്ടങ്ങളില്‍ മൂപ്പെത്താത്ത കുലകള്‍ ഇടിഞ്ഞുവീണ് വമ്പിച്ച നാശനഷ്ടമാണ് കേരളത്തില്‍ പല കൃഷിക്കാര്‍ക്കും ഉണ്ടായത്. ഇതില്‍ നിന്ന് കേരളത്തിലെ വാഴക്കര്‍ഷകരെ രക്ഷിക്കാന്‍ സാധ്യമാവുന്നവഴികള്‍ തേടുകയാണ് ചെയ്യേണ്ടത്.

വാഴക്കൃഷി മൊത്തം ഹൈടെക്കാക്കുക അല്ലെങ്കില്‍ ഹൈടെക്കിലേക്ക് വാഴക്കര്‍ഷകര്‍ മാറുകഎന്നതാണ് പോംവഴി. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളി, കമ്പം, തേനി, സേലം, എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ സാധാരണകൃഷിക്കാര്‍പോലും ഹൈടെക്കിലേക്ക് ചുവടുമാറ്റിയത് ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ്. സാധാരണ കൃഷിരീതിയില്‍ത്തന്നെ 1000 ചുവട് വാഴവെച്ച് നന്നായി വിളവ് കിട്ടിയാല്‍ കുറഞ്ഞത് 50,000 രൂപ ലാഭമുണ്ടാക്കാം അപ്പോള്‍ വാഴ ഹൈടെക്കാക്കിയാലോ?
        
തൈകള്‍ തിരഞ്ഞെടുക്കാം

ഹൈടെക്ക് കൃഷിയുടെ ആദ്യഘട്ടം തൈകളുടെ തിരഞ്ഞെടുപ്പാണ്. സാധാരണയായി ടിഷ്യുകള്‍ച്ചര്‍ തൈകളാണ് ഇത്തരം കൃഷിക്ക് ഉപയോഗിച്ചുവരാറ്. മാതൃസസ്യത്തിന്റെ എല്ലാഗുണഗണങ്ങളും കാണിക്കുന്ന അവയെ വാര്‍ത്തെടുത്തപോലുള്ളവയായിരിക്കും ടിഷ്യുകള്‍ച്ചര്‍തൈകള്‍. മാത്രമല്ല രോഗബാധകളും കീടങ്ങളുടെ ആക്രമണവും തീരേയുണ്ടാകില്ലയെന്നതുമാണ് ഇവയെ മികച്ചതാക്കുന്നത്.

കൃത്യമായ രീതിയില്‍ സംരക്ഷിച്ചാല്‍ വളര്‍ച്ച ഒരേപോലെത്തന്നെ കിട്ടുമെന്നതും വിളവെടുപ്പ് ഒരുമിച്ച് നടത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പക്ഷേ, തൈകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ലയിനംതന്നെവേണം തിരഞ്ഞെടുക്കാന്‍ അല്ലെങ്കില്‍  പണിതിരിച്ചുകിട്ടും. തുടക്കത്തില്‍ നല്‍കേണ്ടമികച്ച പരിചരണവും വളരുന്നതിന്റെ തോത് കുറവാണെന്നതും ആദ്യഘട്ടങ്ങളില്‍ വിഷമിപ്പിച്ചേക്കാം. ഗ്രാന്‍ഡ് നെയ്ന്‍, സ്വര്‍ണമുഖി, ക്വിന്റല്‍വാഴയിനങ്ങള്‍ കേരളത്തില്‍ പരീക്ഷിച്ച് വിജയിച്ച ചിലയിനങ്ങളാണ്.

agriculture

സംരക്ഷണം

ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ സംരക്ഷിക്കാന്‍ ആദ്യകാലത്ത് അല്പം പാടാണെന്ന് സൂചിപ്പിച്ചു. സന്തുലിതമായ രിതിയില്‍ ജൈവരാസവളങ്ങള്‍ നല്‍കിയാല്‍ വാഴ മികച്ച ഫലം തരും. മണ്ണ് പരിശോധന കൃത്യമായി നടത്തി മണ്ണിനുവേണ്ട പോഷകങ്ങളെല്ലാം ശരിയായരീതിയില്‍ അടിവളമാക്കി മണ്ണൊരുക്കിയതിന് ശേഷമാണ്  തൈകള്‍ നടേണ്ടത്.

നേന്ത്രന് 2x2 മീറ്റ്ര്‍ ഇടയകലവും മൈസൂര്‍, പൂവന്‍, ചെങ്കദളി, മൊന്തന്‍, മോണസ് മേരി, റോബസ്റ്റ, മോറിസ് എന്നിങ്ങനെയുള്ള ഇനങ്ങള്‍ക്ക് 2.2x2.2 മീറ്റര്‍, കുള്ളന്‍ കാവന്‍ഡിഷ്, ഗ്രോമിഷല്‍ എന്നിവയ്ക്ക് 2.4x2.4 മീറ്റര്‍ എന്നിങ്ങനെയും ഇടയകലം അത്യാവശ്യമാണ്. വാഴകള്‍ കുഴിവിട്ട് പൊന്തിക്കഴിഞ്ഞാല്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതയിടുന്നത് ഹൈടെക് കൃഷിയില്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ കൃത്യമായി നാം നല്‍കുന്ന വളങ്ങള്‍ കളകള്‍ വലിച്ചെടുത്ത് കൃഷിയെ കുളമാക്കും.

 കൃത്യമായ നോട്ടവും വെള്ളവും വളവും ശരിയായരീതിയില്‍ ലഭിച്ചാലേ ഹൈടെക് കൃഷി വിജയിക്കൂ. തൈകള്‍ നട്ടുകഴിഞ്ഞാല്‍ തുള്ളിനനയിലൂടെ ആവശ്യമായ വെള്ളവും വളവും ഓരോ വാഴത്തൈയുടെയും മുരട്ടില്‍ എത്തിച്ചുക്കൊടുക്കുകയാണ് അതിനുള്ള എളുപ്പവഴി. തുള്ളിനനയ്ക്ക് കുഴല്‍ശൃംഖലതയ്യാറാക്കിയതിനുശേഷം വെഞ്ചുറിയെന്ന ഉപകരണത്തിന്റെ സഹായത്തോടെ പോഷകങ്ങള്‍ ലായനിയാക്കി തുലയമായഅളവിലും ഗാഢതയിലും ഓരോ വാഴത്തൈയുടെ ചുവട്ടിവും എത്തിക്കുന്നതിനാല്‍ അവ പാഴായി ഉണ്ടാകുന്ന നഷ്ടം ഇല്ലാതെയാക്കാന്‍ സാധിക്കുന്നു.

മികച്ച പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതോടൊപ്പം വാഴയുടെ വളര്‍ച്ചാഘട്ടങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാകുകയും അങ്ങനെ മികച്ചകുലകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ വളവും വെള്ളവും നല്‍കുന്നതിലൂടെ ശൃംഖലയൊരുക്കാനുള്ള ചെലവിന് പുറമേ മ്റ്റ് തൊഴിലുകളുടെ കൂലി ലാഭിക്കാന്‍ കഴിയുന്നു. വാഴയ്ക്ക്  മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന രാസവളങ്ങള്‍ ഒലിച്ച് നഷ്ടമായി മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കിയിരുന്നത് ഇത്തരം വളം നല്‍കലിലൂടെ തടയാന്‍ കഴിയുന്നു. 

കൃത്യമായ മണ്ണുപരിശോധനയുടെ ശേഷമാണ് നാം ഏതെല്ലാം പോഷകങ്ങള്‍ വിളയ്ക്ക് നല്‍കണമെന്ന് ഹൈടെക് കൃഷിയില്‍ തിരുമാനിക്കപ്പെടുന്നത് അതിനാല്‍ത്തന്നെ അനാവശയമായവളങ്ങള്‍ പ്രയോഗിക്കുന്നരീതിഇല്ലാതാക്കപ്പെടുന്നു. മാത്രമല്ല ശരിക്കുംവേണ്ടത് അവയക്ക് ലഭ്യമാകുകയും ചെയ്യുന്നു. 
ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക് രോഗവും കീടവുമൊന്നും അത്രപെട്ടെന്ന് ബാധിക്കാത്തതിനാല്‍ രോഗകീടപ്രതിരോധങ്ങള്‍ കര്‍ഷകരെ അത്രകണ്ട് അലട്ടാറില്ല. കൂടാതെ ശാസ്ത്രീയപരിശോധനനടത്തി പോഷകങ്ങള്‍ മുരട്ടില്‍ നേരിട്ടെത്തുന്നതിനാല്‍ പോഷണത്തിന്റെ കുറവില്ലാത്തതിനാല്‍ രോഗബാധ ണവയെ അലട്ടാറുമില്ല. 

കന്ന് നിലനിര്‍ത്താം, വരുമാനം കൂട്ടാം

ഹൈടെക്ക് വാഴകൃഷിയില്‍ അതേ കുഴിയില്‍ത്തന്നെ വിണ്ടും വാഴക്കന്നുകള്‍ നിലനിര്‍ത്തി ചെലവ്കുറച്ച് വിളവ് ഇരട്ടിയാക്കിയെടുക്കാം. ഇങ്ങനെ ചെയ്താല്‍ ഒരു കുഴിയില്‍നിന്ന് രണ്ടുവര്‍ഷത്തിനിടയ്ക്ക് മൂന്നു വാഴക്കുലകള്‍ വെട്ടാന്‍ കഴിയുന്ന തരത്തിലാണ് ഹൈടെക് കൃഷിയുടെ ബാക്കിപത്രം. ആദ്യവാഴയുടെ കന്നുകളില്‍ നല്ല പുഷ്ടിയും ആരോഗ്യവുമുള്ള രണ്ടെണ്ണത്തിനെ കുഴിയില്‍ നിലനിര്‍ത്തിയാണ് ഇങ്ങനെ സാധ്യമാക്കുന്നത്.

ആദ്യവാഴയ്ക്ക് കുലവരുന്നതുവരെ ചുവട്ടിലുണ്ടാകുന്ന കന്നുകള്‍ ചവുട്ടിക്കളയുകയും(നശിപ്പിക്കുക) കുലവന്നതിനുശേഷം വരുന്ന രണ്ട് നല്ല കന്നുകള്‍ നിലനിര്‍ത്തിവളര്‍ത്തിപോഷിപ്പിച്ചെടുത്ത് കുലപ്പിക്കുകയുമാണ് ചെയ്യാറ്. ഇവയില്‍ ആദ്യമുണ്ടാകുന്ന കന്ന് ഏഴുമാസംകൊണ്ടും രണ്ടാമതുണ്ടാകുന്ന കന്ന് പത്തുമാസം കൊണ്ടും കുലച്ച് വിളവു നല്‍കും. ആദ്യവിളവെടുപ്പോടെ മുതലും ലാഭവും ലഭിക്കുന്ന കര്‍ഷകര്‍ക്ക് രണ്ടാമത്തെയും  മൂന്നാമത്തെയും കുലകള്‍ അതിലാഭവും ബോണസ്സും നല്‍കുന്നു. എന്താ വാഴകൃഷി ഹൈടെക് ആക്കുകയല്ലേ?