കണ്ണൂര്‍ കൊളച്ചേരികരിങ്കല്‍ക്കുഴിയിലെ രജനി എന്ന വീട്  വിസ്തൃതിയും വലിപ്പവും കെട്ടുംമട്ടും കൊണ്ട് കൊട്ടാരമാണ്. അകം ചിത്രപ്പണികളും ശില്പവേലകളും പൊതുവെയുള്ള വിന്യാസവും അത്യാകര്‍ഷകം. ആ സൗധത്തിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹൈടെക് കര്‍ഷകനുള്ള പുരസ്‌കാരം എത്തുകയാണ്. hitech

38 വര്‍ഷം മുമ്പ് ദുബായി ദേരയിലെ ചുട്ടുപൊള്ളുന്ന മൈതാനത്ത് പച്ചക്കറിച്ചന്തയില്‍ 18 മണിക്കൂറോളം പണിയെടുത്ത് അവിടെ ചാക്കിനുമേല്‍ കിടന്ന് ഏതാനും മണിക്കൂര്‍ ഉറങ്ങിയിരുന്ന കാലമാണ് തനിക്കിപ്പോള്‍ ഓര്‍മവരുന്നതെന്ന് പുരസ്‌കാരജേതാവായ ടി.വി.വിജയന്‍ പറഞ്ഞു. ജീവിതം അങ്ങനെയൊക്കെയാണ്. ചിലപ്പോള്‍ ഇതെല്ലാം ഒരു നിയോഗമാണെന്ന് തോന്നും. മൈസുരുവില്‍ 30 കോടി രൂപ മുടക്കി രാജ്യത്തെ ഏറ്റവും വലിയ ഹൈടെക് പച്ചക്കറി തോട്ടങ്ങളിലൊന്ന് ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലാണ് കേരള സര്‍ക്കാരിന്റെ അവാര്‍ഡിനെപ്പറ്റി അറിഞ്ഞത്. വാസ്തവത്തില്‍ ഇവിടെ ഞാന്‍ നടത്തുന്ന കൃഷി അത്ര ലാഭകരമൊന്നുമല്ല. ഇവിടെ പറ്റുമോ എന്ന് പരീക്ഷിക്കുകയാണ്. കേരളത്തില്‍ പോളിഹൗസ്, അഥവാ ഗ്രീന്‍ഹൗസ് കൃഷിക്ക് ഒരേക്കറിനാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. ഞാനിവിടെ മൂന്നര ഏക്കറിലാണ് പോളിഹൗസുണ്ടാക്കി കൃഷിചെയ്യുന്നത്.

ഒരേക്കറും മൂന്നേക്കറും കൊണ്ടൊന്നും ഈ കൃഷി ലാഭകരമാക്കാനാവില്ല. ഈ കൃഷിയിലും പച്ചക്കറി വിപണനത്തിലും ഒരുപാടുകാലത്തെ അനുഭവപരിചയമുള്ളയാളെന്ന നിലയില്‍ ഞാന്‍ പറയുന്നു, 15 ഏക്കറിലെങ്കിലും കൃഷി, അതും സാധാരണ സീസണിലൊഴിച്ചെപ്പോഴും വിളവെടുക്കാന്‍ പാകത്തില്‍. എങ്കിലേ കൃഷി ലാഭകരമാകൂ. ചെറുകിട ഏര്‍പ്പാട് ചെയ്യുന്നവര്‍ക്ക് നഷ്ടമുണ്ടാക്കും....നേതൃത്വം നല്‍കുന്നവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കാന്‍ അനുഭവപരിചയമുള്ളവര്‍ വേണം... തത്ത്വം കൊണ്ട് കാര്യമില്ല..

വര്‍ഷങ്ങള്‍ക്കുമുമ്പ് ഗൗരിയമ്മ കൃഷി മന്ത്രിയായിരുന്നപ്പോള്‍ അവരുടെ സെക്രട്ടറിയും ഉന്നതോദ്യോഗസ്ഥരും റാസല്‍ഖൈമയിലെ എന്റെ തോട്ടം കാണാന്‍ വന്നു. അവിടെയെല്ലാം ചുറ്റിക്കണ്ട് തിരിച്ചുവരുമ്പോള്‍ അവര്‍ എന്നോട് പറഞ്ഞു. നെല്ലിയാമ്പതിയില്‍ ഇരുന്നൂറേക്കര്‍ സ്ഥലമുണ്ട്. അതില്‍ അമ്പതേക്കര്‍ താങ്കള്‍ക്ക് പാട്ടത്തിന് തരാന്‍ ശുപാര്‍ശ ചെയ്യട്ടെ, തയ്യാറാണോ? ഞാന്‍ ചിരിച്ചു. ഇവിടെ ഇതൊന്നും പറ്റുമെന്ന വിശ്വാസം എനിക്കില്ല. അന്ന് ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കില്‍ എന്റെ സ്ഥിതിയെന്താവുമായിരുന്നുചിരിച്ചുകൊണ്ട് വിജയന്‍ ചോദിച്ചു. കൈയേറ്റമെന്നോ കാലേറ്റമെന്നോ പറഞ്ഞ് വെറുതെ കുരുക്കിലാക്കും. ഞാനാ പൊല്ലാപ്പിന് നില്‍ക്കാതെ മറ്റ് സ്ഥലങ്ങള്‍ തിരഞ്ഞു.

 കുറേക്കാലത്തിനുശേഷമാണ് മൈസുരുവിലെ ചാമരാജ് നഗര്‍ ജില്ലയിലെ ഹന്നൂരില്‍ സ്ഥലം കണ്ടെത്തിയത്. കുന്നിന്‍പുറമാണ്, വെള്ളം കെട്ടിനില്‍ക്കില്ല, കാലാവസ്ഥയും തരക്കേടില്ല. 72 ഏക്കര്‍ ഭൂമിയാണവിടെ വാങ്ങിയത്. അതില്‍ 38 ഏക്കറില്‍ ഗ്രീന്‍ഹൗസ് നിര്‍മിച്ചു. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ 72,000 ചതുരശ്ര മീറ്റര്‍. അതില്‍ 2016 ഏപ്രില്‍ 27ന് വിത്തിട്ടു. ഒക്ടോബറില്‍ ആദ്യ വിളവെടുപ്പ്. കൊച്ചിയില്‍നിന്ന് 40 അടിയുള്ള കണ്ടെയ്‌നര്‍ തോട്ടത്തിലെത്തി സാധനങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി.

ഇതിനകം 31 കണ്ടെയ്‌നര്‍ പച്ചക്കറി ദുബായിയെത്തിച്ച് വില്‍പ്പന നടത്തി. ഒരു കണ്ടെയ്‌നര്‍ എന്നാല്‍ 25 ടണ്‍. ലാഭകരമാണെന്ന് മനസ്സിലായതോടെ 76,000 ചതുരശ്ര മീറ്റര്‍ ഗ്രീന്‍ഹൗസ് കൂടി നിര്‍മിച്ചു. ഇപ്പോള്‍ 14,000 ചതുരശ്ര മീറ്റര്‍ പോളിഹൗസിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു. വാങ്ങിയിട്ട സ്ഥലത്തിന്റെ പകുതിയോളം ഇനിയും അവശേഷിക്കുന്നു. മുഴുവന്‍ സ്ഥലത്തേക്കുമാവശ്യമായ കോള്‍ഡ് സ്റ്റോറേജും സംവിധാനങ്ങളും തയ്യാറായി. 

 ഇതെല്ലാമാണെങ്കിലും ഗള്‍ഫിനെ അപേക്ഷിച്ച് സംരംഭം ലാഭകരമാകാന്‍ സമയമെടുക്കുമെന്നാണ് വിജയന്‍ പറയുന്നത്. ഗള്‍ഫില്‍ പോളിഹൗസ് ഒരു കൊല്ലംകൊണ്ട് മുതലാകും. ഇവിടെയാണെങ്കില്‍ മൂന്നുവര്‍ഷമെടുക്കും. ഗള്‍ഫില്‍ ഇടതടവില്ലാതെ കൃഷിയിറക്കാം. വിളവെടുക്കാം. ഇവിടെ പുറത്ത് നന്നായി വിളവുണ്ടാവുന്ന സമയത്ത് പോളിഹൗസിലെ സാധനങ്ങള്‍ക്ക് വില കുറയും.....

മാത്രമല്ല മൈസൂരുവില്‍ ലാഭം കുറയാന്‍ ഒരു കാരണം കൂടിയുണ്ട്. സാധനം കൊച്ചിയിലെത്തിച്ച് കപ്പലില്‍ കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് ചെലവ്. മൈസൂരുവില്‍ തന്റെ തോട്ടത്തില്‍നിന്ന് ഒരു കണ്ടെയ്‌നര്‍ കൊച്ചിയിലെത്താന്‍ 82,000 രൂപ വേണം. കോട്ടയത്തെയോ പാലക്കാട്ടെയോ ഇടുക്കിയിലെയോ മലയോരത്തായിരുന്നു തോട്ടമെങ്കില്‍ അത് 20,000ല്‍ എത്തിക്കാനാവും. 

 കൊച്ചി തുറമുഖത്തിന്റെ സാധ്യത നമ്മള്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ 100-150 കിലോമീറ്റര്‍ പരിധിയില്‍ നല്ല പച്ചക്കറിയുണ്ടാക്കി കയറ്റുമതി ചെയ്താല്‍ 100 കോടിയുടെയെങ്കിലും വിദേശനാണ്യം ഓരോ കൊല്ലവും ഇവിടെയെത്തുമെന്ന് എനിക്കുറപ്പാണ്. പക്ഷേ അതിന് ഇച്ഛാശക്തി വേണം. 

ഇതിലെല്ലാം ഏറ്റവും പ്രധാനം അനുഭവപരിചയമാണ്. മൈസൂരുവില്‍ 30 കോടി രൂപ ചെലവഴിച്ച് വിപുലമായ ഹെടെക് പച്ചക്കറിക്കൃഷി തുടങ്ങാന്‍ പദ്ധതിരേഖ തയ്യാറാക്കാന്‍ ഒരു കണ്‍സള്‍ട്ടന്റ് ആറുമാസം സമയമെടുക്കും. എനിക്ക് അഞ്ചുമിനുട്ടേ വേണ്ടൂ. കടലാസും പേനയും കംപ്യൂട്ടറും വേണ്ട. അഹങ്കാരമല്ല, ഞാന്‍ ജീവിച്ച ജീവിതം എന്റെ മനസ്സില്‍ അതേപടി പടര്‍ന്ന് നില്‍ക്കുന്നതിനാലാണ്...... 

ആടിന്‍ചോരയില്‍ കുളിച്ച് ദുബായ് തെരുവിലൂടെ...
    
ദുബായിയിലെത്തുന്നതിനുമുമ്പ് കര്‍ണാടകയിലെ പുത്തൂരിലായിരുന്നു വിജയന്‍. കല്ലുചെത്തായിരുന്നു പണി. ബാലാധ്വാനം...എട്ടാംക്ലാസില്‍ രണ്ടുമാസം പിന്നിട്ടതോടെ പഠനം നിര്‍ത്തിയതാണ്. കല്‍പ്പണിക്കാരനായ അച്ഛന്റെ വരുമാനംകൊണ്ട് വീട്ടില്‍ അടുപ്പ് പുകയാത്ത ദിവസങ്ങള്‍... പുത്തൂരില്‍ കരാര്‍പണിക്കാരനായ അമ്മാവനൊപ്പം പണിക്ക് പോയതായിരുന്നു.. 13 മുതല്‍ 18 വയസ്സുവരെ അവിടെ. 18 വയസ്സ് തികഞ്ഞതോടെ പാസ്‌പോര്‍ട്ടെടുത്തു. അമ്മാവന്റെ കൂടി അമ്മയായ അമ്മമ്മയെ സ്വാധീനിച്ച്  അമ്മാവന്റെ ചെലവില്‍ വിസ സംഘടിപ്പിക്കുന്നു. 1979 മാര്‍ച്ച് അഞ്ചിന് ദുബായിലെത്തുന്നു. എങ്ങനെയെങ്കിലും ജന്മം ജീവിച്ചുതീര്‍ക്കാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം..

മൂഡബിദ്രിക്കാരനായ  അബൂബക്കര്‍ എന്നയാളാണ് ദുബായിലെത്തിയ പയ്യനെ ദേരയിലെ പച്ചക്കറിമാര്‍ക്കറ്റിലെത്തിക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ്.(പാം ദേര മെട്രോ സ്റ്റേഷനും ദേര ബസ്സ്റ്റാന്‍ഡിനുമിടയിലുള്ള ആ മാര്‍ക്കറ്റ് ഇന്ന് ദുബായിലെ ഏറ്റവും വലിയ മീന്‍ മാര്‍ക്കറ്റുകളിലൊന്നാണ്). പച്ചക്കറി മാര്‍ക്കറ്റില്‍ 18 മണിക്കൂറോളമാണ് പണി. ലോഡിറക്കുക, കയറ്റുക അടക്കമുള്ള പണികള്‍... കൈയിലുണ്ടായിരുന്ന പെട്ടി പച്ചക്കറി പെട്ടികളുടെ നിരയ്ക്കിടയില്‍ വെച്ച് പണി തുടങ്ങി. നാട്ടില്‍നിന്ന് പോകുമ്പോഴിട്ട കുപ്പായവും പാന്റ്‌സും തന്നെയാണപ്പോഴും വേഷം. കാരണം പെട്ടിയില്‍ മറ്റൊരു പാന്റ്‌സും ഷര്‍ട്ടുമേയുള്ളൂ. ആ ഷര്‍ട്ടാകട്ടെ വരയുള്ള നല്ലൊരു കുപ്പായം. ദുബായില്‍ പോകുന്നതായതിനാല്‍ ഒരു സുഹൃത്തിനോട് വാങ്ങിയതാണ്, അല്ല അവന്‍ സ്‌നേഹത്തോടെ നല്‍കിയത്...

മാര്‍ക്കറ്റില്‍നിന്ന് കിട്ടുന്നത് ദിവസക്കൂലിയാണ്. രണ്ടോ മൂന്നോ ദിര്‍ഹം. അത് ഭക്ഷണത്തിനേ തികയൂ. 17-18 മണിക്കൂര്‍ പണിക്കുശേഷം കിടന്നുറക്കം ഒരു പ്രശ്‌നമല്ല! തുറന്ന ചന്തയിലെ ഒരരികില്‍ ചാക്കില്‍ കിടത്തം. മറ്റൊരു ജോലി കിട്ടാതിരിക്കില്ല, അതുവരെ സഹിക്കാതിരിക്കാനാവില്ല...അങ്ങനെ 28 ദിവസം കഴിഞ്ഞു. പെട്ടികളുടെ അട്ടികള്‍ക്കരികില്‍ ചാക്ക് പുതച്ച് കിടക്കുകയായിരുന്ന വിജയന്‍ ഒരുദിവസം എഴുന്നേറ്റില്ല.. വിറയും പനിയും.. ചന്തയില്‍ ലോഡിറക്കാനെത്തിയ മലപ്പുറത്തുക്കാരനായ ഡ്രൈവര്‍ മുഹമ്മദ് വിജയനെ കണ്ടു. സന്നി കയറിയിരിക്കുന്നു. പരിചയക്കാരാരെങ്കിലുമുണ്ടോ എന്ന് മുഹമ്മദ്  ചോദിച്ചു. നാട്ടുകാരനായ ടി.വി.കൃഷ്ണന്‍ നല്‍കിയ സുഹൃത്തിന്റെ വിലാസം കുറിച്ചുവെച്ച തുണ്ട്കടലാസ് ഡ്രൈവര്‍ക്ക് കൊടുത്തു. ഗംഗാധരന്‍ വെള്ളോറ. ബര്‍ദുബായിയിലെ പ്ലാസ സിനിമയ്ക്കടുത്ത്.  കൊളച്ചേരിക്കാരനായ ടി.വി.കൃഷ്ണനും ഗംഗാധരനും അവിടെയാണ് താമസം. കൃഷ്ണന്‍ നാട്ടിലാണ്. മുഹമ്മദ്ക്ക  വിജയനെ ഗംഗാധരന്റെ മുറിയെത്തിച്ചു. ഡോക്ടറെ കാണിച്ചപ്പോള്‍ പറഞ്ഞത് മരിച്ചുപോകാത്തത് ഭാഗ്യമെന്നാണ്. 

   ഗംഗാധരന്റെ മുറിയില്‍ നിരവധി പേര്‍ക്കൊപ്പം താമസവും ഭക്ഷണവും. പക്ഷേ ഗ്യാസ് തീര്‍ന്നപ്പോള്‍ കുടുങ്ങി. അവരെല്ലാം പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍  തുടങ്ങി. കൈയ്യില്‍ നയാപൈസപോലുമില്ലെന്ന് അവരെ അറിയിക്കാന്‍ അഭിമാനം സമ്മതിച്ചില്ല. മൂന്നുദിവസം സുലൈമാനി മാത്രം കഴിച്ച് ജീവിച്ചു...മൂന്നാംദിവസം ഉച്ചയ്ക്ക്  ഗംഗാധരന്‍ ജോലികഴിഞ്ഞ് എത്തിയപ്പോള്‍ ക്ഷീണിച്ച് വിറച്ചുനില്‍ക്കുന്ന എന്നെയാണ് കണ്ടത്. നീയെന്താ ഒന്നും തിന്നില്ലേ എന്ന് ചോദിച്ചു. അതുകേട്ടതും ഞാന്‍ പൊട്ടിക്കരഞ്ഞുപോയി വിജയന്‍ ഓര്‍ത്തു. ഗംഗാധരന്‍ നല്‍കിയ അഞ്ച് ദിര്‍ഹത്തിന്റെ നോട്ടുമായി ഹോട്ടലില്‍ച്ചെന്ന് വയറുനിറയെ ഭക്ഷണം കഴിച്ചു.

  പച്ചക്കറിച്ചന്തയില്‍ത്തന്നെ ജോലിക്കാരനായ ഗംഗാധരനാണ് പറഞ്ഞത്. വേറെ പണി നോക്കുന്നതിനുപകരം സ്വന്തമായി എന്തെങ്കിലും നോക്ക് എന്ന്. 28 പെട്ടി തക്കാളി വാങ്ങി തുടച്ച് വൃത്തിയാക്കിയശേഷം പച്ചക്കറി മാര്‍ക്കറ്റിനടത്ത് തെരുവുകച്ചവടക്കാരനായി.ഒരുദിവസം 30 ദിര്‍ഹംവരെ മിച്ചമുണ്ടായ ദിവസങ്ങള്‍. ഇവിടെ ഒരു പച്ചക്കറി കച്ചവടക്കാരന്‍ പിറക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പേരുകേട്ട പച്ചക്കറി വില്പനക്കാരുടെ കൂട്ടത്തിലുള്ള അബ്ദുള്ള ഖാദിര്‍ ഫുഡ് സ്റ്റഫ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറിലേക്ക് പിന്നെയും ദൂരം ഒരുപാടുണ്ടായിരുന്നു. 

ലോകത്തെ പിടിച്ചുകുലുക്കിയ 10 ദിവസം എന്നു പറയുന്നതുപോലെ നരകം ഈ ജന്മത്തില്‍ത്തന്നെയാണെന്ന് മനസ്സിലാക്കിയ 28 ദിവസത്തില്‍ ചോരപുരണ്ട ഒരുദിവസം കൂടിയുണ്ടെന്ന് വിജയന്‍ പറഞ്ഞത് ടി.വി.മധുകുമാറിന്റെ നിര്‍ബന്ധം കാരണമാണ്. മധുകുമാറാണ് കൊളച്ചേരിയില്‍ വിജയന്റെ വീട് രൂപകല്പന ചെയ്തതും നിര്‍മാണ മേല്‍നോട്ടം വഹിച്ചതും. ചോര പുരണ്ടതല്ല, ചോരയില്‍ കുളിച്ച ദിവസമാണത്. 

ആ കഥയിലേക്ക് കടക്കുമ്പോഴും വിജയന് ഇപ്പോള്‍ കരച്ചിലൊന്നും വരില്ല. ജീവിതം അങ്ങനെയൊക്കെയാണ്. പുരോഗമിക്കുന്നതെന്ന് ജീവിതം പഠിപ്പിച്ചുവല്ലോ. പച്ചക്കറി ചന്തയുടെ മുതലാളി ഒരു ഇറാനിയാണ്. ചന്ത അടിച്ചുവാരല്‍ തുടങ്ങിയ എല്ലാ ജോലിയും ചെയ്യിക്കും. പിന്നെ വീട്ടിലേക്കയച്ച് അവിടത്തെ ചില പണികളും. ഒരുദിവസം മാര്‍ക്കറ്റില്‍നിന്ന് ഒരു ആടിനെ അറുത്ത് കഷണങ്ങളാക്കി ഹാര്‍ഡ് ബോഡിന്റെ പെട്ടിയിലാക്കി എന്റെ തലയില്‍വെച്ചുതന്നു. മുതലാളിയുടെ വീട്ടിലെത്തിക്കണം. അതും തലയില്‍വെച്ച് ഞാന്‍ നടന്നു. പെട്ടിയുടെ നാല് മൂലയിലൂടെയും ചോര ഒലിച്ച് മുഖത്തുകൂടെ ഷര്‍ട്ടിലേക്ക്... തെരുവുകള്‍ താണ്ടി ഞാന്‍ നടന്നു. . മുഖം ചോരയില്‍ നനഞ്ഞതല്ല എന്നെ വിഷമിപ്പിച്ചത്. സുഹൃത്ത് ദാനമായി തന്ന ഷര്‍ട്ടാണ്, അന്ന് ധരിച്ച ഷര്‍ട്ടാണ്. സാധാരണ ഒരാഴ്ചയാണ് ഷര്‍ട്ട് ധരിക്കുന്നത്. കുളിക്കുന്ന ദിവസമേ ഷര്‍ട്ട് മാറ്റൂ. കുളി ആഴ്ചയിലൊരിക്കലേയുള്ളൂ. സമയമില്ല, വെള്ളമില്ല, കുളിക്കാന്‍ സൗകര്യവുമില്ല. കണ്ണീര്‍പോലും വറ്റിയ നിലയില്‍ ഞാന്‍ ഇറാനിയുടെ വീട്ടില്‍ നടന്നെത്തി. അവിടെനിന്ന് ആ ആടിനെ എട്ട് ഓഹരിയാക്കി ഒരു പാത്രത്തിലാക്കി തലയില്‍വെച്ചുതന്നു. മുതലാളിയുടെ എട്ട് ബന്ധുക്കളുടെ വീടുകളിലെത്തിക്കണം. ഞാന്‍ അതും ചെയ്തു വിജയന്‍ പറഞ്ഞു  

വാര്‍ഷിക വിറ്റുവരവ് 200 കോടി രൂപയിലേറെ

റാസല്‍ഖൈമയിലും മസ്‌കറ്റിലുമായി 950 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു ടി.വി.വിജയന്റെ ഹൈടെക് പച്ചക്കറി തോട്ടം. 200 കോടിയിലേറെ രൂപയുടെ വാര്‍ഷിക വിറ്റുവരവ്....ദേര മാര്‍ക്കറ്റിനടുത്ത് റോഡരികില്‍ തക്കാളി വിറ്റ് തുടക്കം കുറിച്ച കച്ചവടം വിപുലമായത് ജോര്‍ദാന്‍കാരനായ യൂനിസിനെ കണ്ടതോടെയാണ്. 1980 ആദ്യമാണ്. പച്ചക്കറി വാങ്ങാന്‍ തുറമുഖത്ത് ചെന്നപ്പോള്‍ കണ്ടെയ്‌നറുമായി ജോര്‍ദാന്‍കാരന്‍ യൂനിസ്. വിശ്വസ്തനായ ഒരു ഏജന്റിനെ തേടി നടക്കുകയായിരുന്ന യൂനിസിന് വിജയനെ ഇഷ്ടമായി. യൂനിസ് കടമായി നല്‍കുന്ന ജോര്‍ദാന്‍ പച്ചക്കറിയുടെ പ്രധാന വില്പനക്കാരിലൊരാളായി വിജയന്‍. അതൊരു ചവിട്ടുപടിയായിരുന്നു.. 

17.11.91ല്‍ വിജയന് ട്രേഡ് ലൈസന്‍സ് ലഭിച്ചു. അബ്ദുള്ള ബിന്‍ ഖാദിര്‍ ഫുഡ് സ്റ്റഫ്. ദുബായിയിലും അബുദാബിയിലുമായി രണ്ട് വില്പനശാലകള്‍. ദുബായിയില്‍ മാത്രം വില്പനയ്ക്ക് 58 തൊഴിലാളികള്‍. അബുദാബിയില്‍ 12 പേര്‍. പച്ചക്കറിക്ക് ആവശ്യക്കാരേറിയപ്പോള്‍ ഗുണമേന്മയുള്ള പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിച്ചാലെന്താ എന്ന ആലോചനയായി. 19 വര്‍ഷം മുമ്പ് അല്‍ ഐനില്‍ ബ്രെമിയില്‍ 20 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. അടുത്ത വര്‍ഷമായപ്പോള്‍ തന്റെ തോട്ടം ഏറ്റെടുക്കാമോ എന്ന് ചോദിച്ച് ഒരു അറബി സമീപിക്കുന്നു. നൂറേക്കറുള്ള തോട്ടം. വളര്‍ച്ചയുടെ ആ പടവും നിയോഗമെന്നപോലെയാണ് കാണുന്നതെന്ന് വിജയന്‍. 

 പിന്നീട് റാസല്‍ഖൈമയിലും ഒമാനിലെ സോഹാര്‍, സുവൈക്ക, ശുഹൈബ് എന്നിവിടങ്ങളിലുമായി 950 ഏക്കര്‍ ലീസിനെടുത്ത് പോളിഹൗസ് നിര്‍മിച്ച് കൃഷി തുടങ്ങി. 29 തരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. അത് ദുബായിയിലെ പച്ചക്കറി മൊത്തവ്യാപാരകേന്ദ്രമായ അല്‍ അവീര്‍ മാര്‍ക്കറ്റിലെ തന്റെ ചന്തയിലേക്കുതന്നെ ആവശ്യത്തിന് തികയാത്തതിനാല്‍ ജോര്‍ദാന്‍, ചൈന, മലേഷ്യ, സ്‌പെയിന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതിയും. ജോര്‍ദാനില്‍നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുവരുന്നത്. ഗള്‍ഫില്‍ തന്റെ 'പറമ്പുകളി'ലെ ഒരു സീസണിലെ അതായത് അഞ്ചുമാസക്കാലത്തെ ഉത്പാദനം പന്തീരായിരം ടണ്ണോളം വരുമെന്ന് വിജയന്‍ പറഞ്ഞു. ജോര്‍ദാനില്‍നിന്നുള്ള കൃഷിശാസ്ത്ര വിദഗ്ധനാണ് തുടക്കംമുതല്‍ ഇതേവരെ വിജയന്റെ തോട്ടങ്ങളിലെ വിദഗ്ധന്‍. മൈസൂരുവിലെ തോട്ടങ്ങളുടെയും മേല്‍നോട്ടക്കാര്‍ അദ്ദേഹം തന്നെ.

1979ല്‍ ദേരാ തെരുവിലിരുന്ന് തക്കാളി വിറ്റപ്പോഴെന്നപോലെ ഇന്നും വിജയന്‍തന്നെയാണ് തന്റെ കടയിലെ വില്പനക്കാരന്‍. പുലര്‍ച്ചെ നാല് മുതല്‍ രാത്രി 11 വരെയെങ്കിലും തന്റെ കടയില്‍ വിജയന്‍ മേശക്കിരിക്കുന്നു. എല്ലാ ഇടാപാടുകളും സ്വന്തം കയ്യും കണ്ണും അറിഞ്ഞ്.. ഇത്രയൊക്കെയായില്ലേ ഇനി കര്‍ടന് പിറകിലിരുന്നാല്‍പോരെയെന്ന് അഭ്യുദയ കാംക്ഷികള്‍ പറയും. അപ്പോള്‍ എന്റെ മറുപടി അതൊന്നും ശരിയാവില്ലെന്നാണ്... 

 സ്വന്തമായി ശ്രദ്ധിക്കാത്തതിനാല്‍ ചില നഷ്ടങ്ങളുണ്ടായി. ആരെങ്കിലും കബളിപ്പിച്ചോ എന്ന ചോദ്യത്തിന് കബളിപ്പിക്കല്‍ എന്ന വാക്ക് വ്യാപാരത്തില്‍ ഇല്ലെന്നായിരുന്ന്ു മറുപടി. മറ്റൊരുത്തനെ കുറ്റപ്പെടുത്തരുത്. പാളിച്ചയുണ്ടായാല്‍ നിന്റെ അശ്രദ്ധയായി കാണണം എന്നാണ് ഭഗവദ്ഗീത കേള്‍്ക്കാറുള്ള എന്റെ തത്വം. 

 അതുപോലെ അവനവനാത്മസുഖത്തിനായി ആചരിക്കുന്നവ അപരന്റെ സുഖത്തിനായി വരേണം എന്ന ശ്രീനാരായണ തത്വവും ഞാന്‍ മുറുകെ പിടിക്കുന്നു. പിന്നെ എനിക്കൊന്നേ പറയാനുള്ളൂ. വിപണിയിലെ ആവശ്യം വിപണിയുടെ സ്വഭാവം എന്നിവ അറിയാതെ  വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി നടത്തരുത്. ഞാന്‍ വിപണിയുടെ ആളാണ്. രണ്ടാമത് മാത്രമാണ് കര്‍ഷകന്‍. ഞാന്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം മാര്‍ക്കറ്റില്‍ നിന്നാണ് ഞാന്‍ പാടത്തിറങ്ങിയതെന്നതിനാലാണ്. വിജയന്‍ പറഞ്ഞു.

ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീല്‍ എന്നിവര്‍ക്കൊപ്പം ദുബായിയിലാണ് വിജയന്‍ സ്ഥിരതാമസം. മരുമക്കള്‍ വ്യാപാരത്തില്‍ സഹായിക്കുന്നു. വിറ്റപ്പോഴെന്നപോലെ ഇന്നും വിജയന്‍തന്നെയാണ് തന്റെ കടയിലെ വില്പനക്കാരന്‍. പുലര്‍ച്ചെ നാലുമുതല്‍ രാത്രി 11 വരെയെങ്കിലും തന്റെ കടയില്‍ വിജയന്‍ മേശക്കിരിക്കുന്നു.  ഇത്രയൊക്കെയായില്ലേ ഇനി കര്‍ട്ടന് പിറകിലിരുന്നാല്‍പോരേയെന്ന് അഭ്യുദയകാംക്ഷികള്‍ പറയും. അപ്പോള്‍ എന്റെ മറുപടി അതൊന്നും ശരിയാവില്ലെന്നാണ്... 

സ്വന്തമായി ശ്രദ്ധിക്കാത്തതിനാല്‍ ചില നഷ്ടങ്ങളുണ്ടായി. ആരെങ്കിലും കബളിപ്പിച്ചോ എന്ന ചോദ്യത്തിന് കബളിപ്പിക്കല്‍ എന്ന വാക്ക് വ്യാപാരത്തില്‍ ഇല്ലെന്നായിരുന്നു മറുപടി. മറ്റൊരുത്തനെ കുറ്റപ്പെടുത്തരുത്. പാളിച്ചയുണ്ടായാല്‍ നിന്റെ അശ്രദ്ധയായി കാണണം എന്നാണ് ഭഗവദ്ഗീത കേള്‍ക്കാറുള്ള എന്റെ തത്ത്വം. 

 ഭാര്യ രജനി, മക്കളായ അശ്വതി, അഞ്ജലി, മരുമക്കളായ ശരത്, ആദിത്യ, കൊച്ചുമക്കളായ താഷ, നീല്‍ എന്നിവര്‍ക്കൊപ്പം ദുബായിയിലാണ് വിജയന്‍ സ്ഥിരതാമസം. മരുമക്കള്‍ വ്യാപാരത്തില്‍ സഹായിക്കുന്നു