ഗ്രാമവീഥികളിലൂടെ ബുള്ളറ്റോടിച്ചുപോകുന്ന ഈ പാല്‍ക്കാരി നാട്ടുകാര്‍ക്ക് ഹീറോയിനാണ്. പതിനഞ്ചു പശുക്കളെയാണ് അശ്വതി എന്ന ഈ ഇരുപത്തിരണ്ടുകാരി പരിപാലിക്കുന്നത്. വേഷം മോഡേണ്‍ ആണെങ്കിലും പശുക്കളുടെ ചാണകം വാരണമോ, പാല് കറക്കണമോ, അവയെ കുളിപ്പിക്കണമോ; എല്ലാത്തിനും തയ്യാറാണ് ഈ ന്യൂജന്‍ പാല്‍ക്കാരി. കൃഷിയും പശുപരിപാലനവുമൊക്കെ മോശപ്പെട്ട തൊഴിലാണെന്നു കരുതുന്നവര്‍ അശ്വതിയെ ഒന്ന് പരിചയപ്പെടൂ.
കണ്ണൂര്‍ മാതമംഗലം സ്വദേശിയായ അശ്വതി ഫാഷന്‍ ഡിസൈനിങ് പാസ്സായശേഷം വിവാഹിതയായി .സ്വന്തമായി ഒരു തൊഴിലും സ്ഥിരവരുമാനവും വേണമെന്ന ചിന്ത മനസ്സില്‍ രൂഢമൂലമായിരുന്നു. എന്നാല്‍ ഏതെങ്കിലും സ്വകാര്യസ്ഥാപനത്തില്‍ യാന്ത്രികമായ ജോലിചെയ്യാന്‍ അശ്വതി ഇഷ്ടപ്പെട്ടില്ല .അച്ഛന് അനില്‍ കുമാറിന് സ്വന്തമായി പന്നിഫാമും കൃഷിയുമൊക്കെ ഉണ്ടായിരുന്നു . അങ്ങനെ അച്ഛന്റെ അനുഗ്രഹത്തോടെ അശ്വതി ഡയറിഫാം ആരംഭിച്ചു. ബാല്യത്തിലെ വളര്‍ത്തുമൃഗങ്ങളോട് പ്രതിപത്തിയുണ്ടായിരുന്നതിനാല് ഡയറിസംരംഭം ഏറെ സംതൃപ്തി നല്‍കുന്നതായി മാറി .
അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പശുപരിപാലനവുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും ഈ യുവതി പ്രാഗല്ഭ്യം നേടിക്കഴിഞ്ഞു. സ്വന്തമായി തീറ്റപ്പുല്‍ കൃഷിയും തുടങ്ങി. ദിവസവും അതിരാവിലെ തൊഴുത്തു കഴുകി ഉരുക്കളെ കുളിപ്പിക്കുന്നതോടെ അശ്വതിയുടെ ദിവസം തുടങ്ങുന്നു. തുടര്‍ന്ന് കറവയും തീറ്റനല്‍കലും . തീറ്റ നല്കാന് പന്നിഫാമിലെ തൊഴിലാളികളുടെ സഹായം തേടും , ബാക്കിയെല്ലാം സ്വയം ചെയ്യുന്നു
പശുക്കളെ മേയാന്വിട്ടാണ് വളര്‍ത്തുന്നത്,പുറമെ തീറ്റപ്പുല്ലും കാബേജ്് ഇലപോലുള്ള പച്ചക്കറിയവശിഷ്ടവും നല്‍കുന്നുണ്ട്. കറവക്കാലത്ത് ഒരു പശുവില്നിന്നും ശരാശരി പതിനഞ്ചു ലിറ്റര്‍ പാല് ദിവസവും കിട്ടുന്നുണ്ട് . കറന്നെടുക്കുന്ന പാല് ക്യാനില്‍ നിറച്ചു ബൈക്കില്‍ കയറ്റി സൊസൈറ്റിയിലെത്തിച്ചു വിറ്റഴിക്കുന്നതും അശ്വതിയാണ് .
'അച്ഛനും ഭര്‍ത്താവു സന്തോഷും എന്റെ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ബന്ധുക്കളിലേറെയും മറ്റെന്തെങ്കിലും തൊഴില്‍ ചെയ്തുകൂടേയെന്ന് ചോദിക്കാറുണ്ട്. അതേസമയം കൂട്ടുകാരൊക്കെ നല്ല പിന്തുണയാണ്. കുടുംബവരുമാനത്തില്‍ എന്റെ സംരംഭം നല്ല തോതില്‍ മുതല്ക്കൂട്ടാവുന്നുണ്ടെന്നത് ശരിക്കും അഭിമാനവും പകരുന്നുണ്ട് ' അശ്വതി പറഞ്ഞു.
'വിമെന്‍ ബുള്ളറ്റ് ക്ലബ്ബിലെ'' അംഗമായ അശ്വതി നീണ്ട ബുള്ളറ്റ് റൈഡുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നു. അപ്പോഴൊക്കെ ഡയറിയുടെ മേല്‍നോട്ടം അച്ഛനും ഭര്ത്താവുമേറ്റെടുക്കും. ബുള്ളറ്റോടിക്കുന്ന മോഡേണായ യുവതിയുടെ ഇമേജിനെ പശുപരിപാലനം ദോഷകരമായി ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 'താനത് കാര്യമാക്കുന്നില്ല' എന്നായിരുന്നു അശ്വതിയുടെ മറുപടി,. മാത്രമല്ല പശുവളര്‍ത്തലാണ് തൊഴിലെന്നറിയുമ്പോള് തികഞ്ഞ ആവേശത്തോടെയും അഭിനന്ദനത്തോടെയുമാണ് ഏറെപ്പേരും പ്രതികരിക്കുന്നത്.