എണ്‍പതാം വയസ്സിലും കൃഷിയില്‍ വിജയം കൊയ്യുന്ന നെയ്യാര്‍ഡാം മരക്കുന്നത്തെ വിശ്വംഭരപ്പണിക്കര്‍ മാതൃകയാകുന്നു. വാര്‍ധക്യത്തിലും രണ്ടേക്കറോളം സ്ഥലത്ത് പൂര്‍ണമായും ജൈവകൃഷിയിലൂടെ പണിക്കര്‍ വിളയിച്ചെടുക്കുന്നത് വിഷമില്ലാത്ത പച്ചക്കറികളും നേന്ത്രന്‍ ഉള്‍പ്പെടെയുള്ള പഴങ്ങളുമാണ്.

agriculture
വിശ്വംഭരപ്പണിക്കര്‍ കൃഷിയിടത്തില്‍

 കൃഷിയില്‍ സജീവമായതോടെ രോഗങ്ങളും പമ്പകടന്നതായി പണിക്കര്‍ സാക്ഷ്യപ്പെടുത്തുന്നു. പുലര്‍ച്ചെ അഞ്ചിന് കൃഷിയിടത്തിലിറങ്ങുന്ന ഇദ്ദേഹം മടങ്ങുന്നത് വൈകീട്ടാണ്. പടവലം, പാവല്‍, ചീര, പയര്‍, മുളക് എന്നീ പച്ചക്കറികളും വാഴ, മരച്ചീനി എന്നിവയുമാണ് പ്രധാന കൃഷികള്‍. രാസവളം പൂര്‍ണമായും ഒഴിവാക്കി പച്ചിലകളും ചാണകവും കോഴിക്കാഷ്ടവുമാണ് വളമായി ഉപയോഗിക്കുന്നത്. 

കാന്താരി മുളക്, ഗോമൂത്രം, കേടായ മത്സ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന കീടനാശിനി പ്രയോഗിച്ചാല്‍ ഒരൊറ്റ കീടവും അടുക്കില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അത്യാവശ്യസഹായത്തിന് ജോലിക്കാരെ നിയോഗിക്കാറുണ്ടെങ്കിലും വളപ്രയോഗം, വിളവെടുപ്പ്, വില്‍പ്പന എന്നിവയൊക്കെ ഒറ്റയ്ക്കാണ്.

കാലവര്‍ഷത്തില്‍ കാറ്റിലും മഴയിലും വിള നശിക്കുമ്പോഴാണ് പണിക്കര്‍ ഏറെ വിഷമിച്ചു കണ്ടിട്ടുള്ളതെന്ന് ഭാര്യ ഭാരതി പറയുന്നു. ഇക്കഴിഞ്ഞ വേനലില്‍ നാടെങ്ങും കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോള്‍ തന്റെ കൃഷിയിടം സംരക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു പണിക്കര്‍. അതിനാല്‍ ഓണത്തിന് മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്. പണിക്കരുടെ കൃഷി വിജയം കണ്ടറിഞ്ഞ കള്ളിക്കാട് കൃഷി ഭവന്‍ ഇക്കൊല്ലത്തെ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി ആദരിക്കാനൊരുങ്ങുകയാണ്.