മനുഷ്യരാശിയ്ക്കുവേണ്ടിയുള്ള പ്രകൃതിയുടെ ഉത്പാദനപ്രക്രിയയാണല്ലോ കൃഷി. അതില്‍ നേരിട്ടു പങ്കാളിയാവുക വഴി ഈ ഭൂമിയില്‍ മനുഷ്യനെ നിലനിര്‍ത്തുകയെന്ന വിശുദ്ധദൗത്യം നിര്‍വഹിക്കുന്നവരാണ് കര്‍ഷകര്‍. കര്‍ഷകന്റെ ഓരോ ദിനവും നമ്മളോരോരുത്തര്‍ക്കും വേണ്ടിയാണ്. കൃതജ്ഞതാനിര്‍ഭരമായ സ്‌നേഹാദരങ്ങളോടെ മലയാളത്തിന്റെ പുതുവര്‍ഷം ഇതാ. നമ്മുടെ കര്‍ഷക മനസ്സുകള്‍ക്കു മുന്നില്‍ വീണ്ടും നമ്രശിരസ്‌കയാവുന്നു. ഈ കര്‍ഷകദിനത്തില്‍, പാരമ്പര്യവഴികളിലൂടെ സഞ്ചരിക്കയാല്‍ കര്‍ഷകനാവുകയും സ്വത:സിദ്ധമായ അന്വേഷണാഭിവാഞ്ഛയിലൂടെ പ്രകൃതിമനസ്സിലെ നിര്‍ദ്ധാരണരഹസ്യങ്ങള്‍ സ്വായത്തമാക്കുകയും അതുവഴി പുത്തനത്ഭുതങ്ങള്‍ രചിക്കുകയും ചെയ്യുന്ന കുട്ടനാട്ടിലെ ഈ നെല്‍കര്‍ഷകനെ നമുക്കൊന്ന് പരിചയപ്പെടാം.

ഇത് സോണല്‍ നൊറോണ.കുട്ടനാട്ടിലെ തകഴി സ്വദേശിയായ കര്‍ഷകന്‍!. സോണലിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'നെല്‍കൃഷിയിലെ ഏഴാം തലമുറക്കാരനാണ്' താന്‍. തകഴി പഞ്ചായത്തിലെ കുന്നുമ്മ വില്ലേജില്‍ 126 ഏക്കര്‍ വിസ്തൃതിയുള്ള 'കൊല്ലനടി' പാടശേഖരത്തിലെ മൂന്നര ഏക്കര്‍ പൈതൃകവഴിയില്‍ സോണലിന് സ്വന്തം. 'കരിനിലങ്ങള്‍' എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ തകഴി, അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളുള്‍പ്പെടുന്ന നെല്‍കൃഷിമേഖലയില്‍ മെച്ചപ്പെട്ട നെല്ലുത്പാദനം എന്നത് മിക്കപ്പോഴും പൂരിപ്പിക്കാനാകാത്ത ഒരു സമസ്യതന്നെയാണ് കര്‍ഷകര്‍ക്കും, കൃഷി ഉദ്യോഗസ്ഥര്‍ക്കും. അത്രമേല്‍ പ്രശ്‌നസങ്കീര്‍ണ്ണമാണ് ഇവിടങ്ങളിലെ 'ആസിഡ്‌സള്‍ഫേറ്റ്മണ്ണ്'. ഇപ്രകാരമുള്ള കരിനിലകൃഷിയിടത്തില്‍നിന്നാണ് നെല്ലിലെ ആ ഒറ്റയാനെ സോണലിലെ അന്വേഷണകുതുകിയായ കര്‍ഷകന്‍ കണ്ടെടുക്കുന്നത്, ഒരു നിയോഗം പോലെ.

2015 ലെ പുഞ്ചകൃഷിയില്‍ 'കൊല്ലനടി' എന്നല്ല കരിനിലപ്രദേശങ്ങളിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും 'അമിത അമ്‌ളതയും, വെള്ളക്കുറവും ഒപ്പം ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗവും' നിമിത്തം കൊയ്‌തെടുക്കാനൊന്നുമില്ലെന്ന അവസ്ഥയിലെത്തിനില്‍ക്കെ ഇവയൊന്നും തെല്ലുമേശാതെ സോണലിന്റെ മൂന്നര ഏക്കറിന്റെ ഒരുമൂലയ്ക്ക് തീവ്ര പ്രതിരോധമാര്‍ന്ന് ആ നെല്ല് കനമാര്‍ന്ന കതിര്‍ച്ചിരിയുമായി നിറഞ്ഞുനിന്നു. ഒറ്റച്ചുവട്ടില്‍ പൊട്ടി കതിരണിഞ്ഞ 20 കതിര്‍ക്കുലകളില്‍നിന്ന് ഒരുമണി നെല്ലും നഷ്ടമാവാതെ സോണല്‍ ശ്രദ്ധാപൂര്‍വ്വം  'കൊയ്‌തെടുത്തു' .

sonal
കതിര്‍ക്കുല

പിന്നെ സഹജവാസനയുടെ പ്രേരണ ഒന്നുകൊണ്ടുമാത്രം ആ  നെന്മണികളെല്ലാം ഉണക്കി വിത്താക്കി, വിതച്ച് വിളയിച്ചെടുത്തു. കിട്ടിയത് 43 കിലോഗ്രാം 'പേരറിയാവിത്ത്'. 2016 പുഞ്ചയ്ക്ക് തന്റെ കൃഷിയിടത്തില്‍ വിതയ്ക്കാന്‍ പേരറിയുന്ന വിത്തുകളൊന്നും തേടിപ്പോയില്ല സോണല്‍. നമുക്കൊക്കെ അറിയാവുന്നതുപോലെ വരള്‍ച്ചയുടെ നീള്‍ നഖമുനകള്‍ മണ്ണാഴങ്ങളിലേക്കിറങ്ങി, ജീവവേരുകളൊക്കെ ഉണക്കിക്കളഞ്ഞ കഴിഞ്ഞ വര്‍ഷത്തെ കൊടുംവേനലിലും സോണല്‍ കൊയ്‌തെടുത്തു ഏക്കറിന് 250 ക്വിന്റല്‍ നെല്ല്.(ഹെക്ടറിന് 6. 25 ടണ്‍)   കുട്ടനാട്ടില്‍ വരള്‍ച്ച ഉപ്പണിഞ്ഞെത്തിയ കഴിഞ്ഞ പുഞ്ചക്കൃഷിക്ക് കൊല്ലനടിപാടത്ത് ലഭിച്ച ശരാശരി വിളവ് ഏക്കറിന് 12 ക്വിന്റല്‍ മാത്രം.

പ്രതികൂലമായ മണ്‍സാഹചര്യത്തില്‍പ്പോലും ഒരു ചുവട്ടില്‍ മുപ്പതിലധികം ചിനപ്പുകള്‍, അമ്‌ളതയോടും ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തോടും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം, ഇലകള്‍ക്ക് നീലകലര്‍ന്ന പച്ചനിറം, 120-125 ദിവസത്തെ മൂപ്പ്, നീളമുള്ള ചുവന്ന അരി. കുത്തിയെടുത്തപ്പോള്‍ 73.4% അരിവീഴ്ച, പാചകം ചെയ്താലോ നല്ല രുചി. ചോറിന് അല്പം പശിമ കൂടുതല്‍, പക്ഷെ കഞ്ഞിയ്ക്ക് ബഹുരുചി. ഇത്രയുമൊക്കെയാണ് ഈ പേരറിയാവിത്ത് ഇതുവരെ സ്വയം വെളിപ്പെടുത്തിത്തന്നത്.

ഇപ്പോള്‍ സോണലിന്റെ കൃഷിയിടത്തില്‍ വന്നാല്‍ നീലിച്ച പച്ച നിറമുള്ള ഇലകള്‍ കാറ്റിലാട്ടി ഇതേ വിത്തിന്റെ മൂന്നാം തലമുറ നമുക്ക് സ്വാഗതമോതും. മൂന്നര ഏക്കറില്‍ ആകെ 70 കിലോഗ്രാം വിത്തേ വിതച്ചിരുന്നൂള്ളൂ എന്ന് പാടം കണ്ടാല്‍ ആരും പറയില്ല. വിതയന്ത്രത്താലായിരുന്നു വിത. പൂര്‍ണ്ണമായും നല്ല കൃഷിമുറകള്‍ പാലിച്ചു വളര്‍ത്തിയെടുക്കുന്ന നെല്ലിന് ഇപ്പോള്‍ 62 ദിവസം പ്രായം. ഒരു ചുവട്ടില്‍ ശരാശരി 35 ചിനപ്പുകള്‍. മറുത്തൊന്നും സംഭവിച്ചില്ലെങ്കില്‍ കുറഞ്ഞത് ഏക്കറിന് 300 ക്വിന്റല്‍ (ഹെക്ടറിന് 7.5 ടണ്‍) വിളവ് ഉറപ്പ്.

agri
ഒറ്റച്ചുവട്‌

കാത്തിരിക്കാതെ കണ്‍മുന്നിലെത്തി. കണ്ണും മനസ്സും നിറച്ച ഈ നെല്ല് ഒരു കൂട്ടുവിത്തായി അബദ്ധത്തില്‍ തന്റെ കൃഷിയിടത്തിലെത്തപ്പെട്ടതല്ലെന്നും പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവിക സങ്കരണം വഴി രൂപപ്പെട്ടതാവാമെന്നും സോണല്‍ തറപ്പിച്ചുപറയുന്നു. അത്രമേല്‍ പ്രകൃതിയെ പഠനവിഷയമാക്കിയതിനാലാണല്ലോ തന്റെ കൃഷിയിടത്തില്‍ പടര്‍ന്നു പന്തലിച്ചുനിന്ന ഭീമന്‍ കളനെല്ലിന് 347 ചിനപ്പുകളുണ്ടെന്ന് കൃത്യമായി പറയാന്‍ ഇദ്ദേഹത്തിനായത്. 

കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വരിനെല്ലും വളര്‍ത്തുനെല്ലും തമ്മിലുള്ള സ്വാഭാവിക സങ്കരണം വഴി ഓരോ വിളക്കാലത്തും പുതുസവിശേഷതകളോടുകൂടിയ 'കളനെല്ലുകള്‍' രൂപം കൊണ്ടുകൊണ്ടേയിരിക്കുന്നു എന്നത് കൃഷിയിട പ്രശ്‌നത്തിലുപരിയായി ഗൗരവതരമായി സമീപിക്കേണ്ട ഒരു സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നം കൂടിയാണ്.    

എന്തായാലും ഇനിയും അസ്തിത്വം വെളിപ്പെടുത്താത്ത തന്റെ 'ദത്തുപുത്രിക്ക്' സോണല്‍ ഓമനത്തമുള്ള ഒരു വിളിപ്പേരു തന്നെ നല്‍കി, 'അമ്പിളി'. അവളെ ആദ്യമായി കണ്ടെത്തിയനാള്‍ മുതലിന്നോളമുള്ള എല്ലാ കൃഷിപ്പണികളിലും അവള്‍ക്കൊപ്പമുണ്ടായിരുന്ന വിശ്വസ്തയായ കര്‍ഷകത്തൊഴിലാളി വനിതയുടെ പേരുതന്നെ അവളുടേയും വിളിപ്പേരാകുന്നതിലെ കാവ്യനീതി തിരിച്ചറിയുന്നു സോണല്‍.....

നെല്‍കൃഷിയില്‍ മാത്രമൊതുങ്ങിന്നില്ല സോണലിന്റെ ഭാവനാത്മകമായ സൃഷ്ടിപരത. ഇന്ത്യയിലാദ്യമായി നമ്മുടെ സ്വന്തം കരിമീനിന് ഒരു കൃത്രിമ പ്രജനനമാര്‍ഗ്ഗം കണ്ടെത്തിയതും നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന നാടന്‍ കാരിക്കും മുശിക്കുമൊക്കെ പുത്തന്‍ പ്രജനനവഴികള്‍ കണ്ടെത്തിയതും ഈ കര്‍ഷകശാസ്ത്രജ്ഞന്റെ തൊപ്പിയിലെ പൊന്‍തൂവലുകള്‍. മത്സ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പരിചിതനാണ് ശാസ്ത്രകുതുകിയായ കുട്ടനാട്ടിലെ ഈ നെല്‍കര്‍ഷകന്‍.