മണ്ണൊരുക്കി കാത്തിരിക്കുമ്പോലെ മനസ്സും ഒരുക്കി കാത്തിരിക്കുമ്പോഴാണ് ഒരു കര്‍ഷകന്‍ മികച്ച കര്‍ഷകനായിത്തീരുക. കൃഷിയിടത്തിലെ ഓരോ കോണിലും കണ്ണും മനസ്സും എത്തിയാലേ ഭൂമി കനിയൂ. ജൈവ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരുത്താതെ പുല്ലിനെയും പുഴുവിനെയും വരെ കാര്‍ഷികമേഖലയ്ക്കായി മികച്ചരീതിയില്‍ ഉപയോഗിക്കുന്ന പട്ടിക്കാട് സ്വദേശി സിബി കല്ലിങ്കല്‍ കൃഷിയില്‍ തീര്‍ക്കുന്നത് വിജയഗാഥയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ് തേടിയെത്തിയതും ഈ യുവകര്‍ഷകനെയാണ്. അച്ഛന്‍ വര്‍ഗ്ഗീസ് കല്ലിങ്കലിന്റെ പാത പിന്തുടര്‍ന്നാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്. 25 ഏക്കറില്‍ പടര്‍ന്നുകിടക്കുന്ന പറമ്പ് ഇന്നൊരു അത്ഭുതമാണ്. വിവിധ ഫലവൃക്ഷങ്ങളും വ്യത്യസ്തയിനം പക്ഷികളും കോഴികളും കുതിരകളും പലതരം അലങ്കാരനാടന്‍ മത്സ്യങ്ങളും തെങ്ങും കവുങ്ങും എല്ലാം ചേര്‍ന്ന് പറമ്പ് മനോഹരമാണ്. പറമ്പില്‍ വിടരുന്നതും പൊഴിയുന്നതുമെല്ലാം അവിടെത്തന്നെ ഉപയോഗിക്കുന്ന ശാസ്ത്രീയരീതിയാണിവിടെ അവലംബിക്കുന്നത്. 

ജാതികൃഷിയിലാണ് സിബി അത്ഭുതം കാണിക്കുന്നത്. 12 തരത്തില്‍പ്പെട്ട സ്വയം വികസിപ്പിച്ച ജാതിത്തൈകള്‍ ഇവിടെ കൃഷിചെയ്യുന്നു. ജൈവകൃഷിരീതിയാണ് പ്രധാനമായും ഇവിടെ ഉപയോഗിക്കുന്നത്. തെങ്ങ്, കവുങ്ങ് എന്നിവയുടെ തടമെടുക്കാതെ ജൈവാവശിഷ്ടങ്ങള്‍ ചുവട്ടിലിട്ട് അഴുകാന്‍ അനുവദിക്കുന്നതാണ് രീതി. ഇതിന് ഗുണങ്ങളേറെയാണെന്ന് സിബി പറയുന്നു. ഫാമില്‍ വളരുന്ന വെച്ചൂര്‍ പശുക്കളുടെ ചാണകമാണ് വളത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. വിപണിയില്‍ ഏറെ പ്രിയമുള്ള വെള്ളക്കുതിരകളും ഇവിടെ കാണാം.

അപൂര്‍വ്വ പക്ഷിയിനങ്ങളായ ഫാന്‍ടെയില്‍ ബ്‌ളാക്ക്, പോളിഷ് ക്യാപ് എന്നീ ഇനങ്ങളും വളര്‍ത്തുന്നു. ഇവയ്ക്കുപുറമെ പച്ചക്കറി കൃഷിയും തോട്ടത്തില്‍ സജീവം. 12 പണിക്കാര്‍ തോട്ടത്തിലുണ്ടെങ്കിലും ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത് സിബിതന്നെ. ഭാര്യ സ്വപ്‌ന, മക്കളായ ടാനിയ, തരുണ്‍ എന്നിവരും സിബിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പ്‌ളാന്റ് ജെനോം സാവിയര്‍ അവാര്‍ഡ്, ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ് ക്രോപ്പ്‌ഫെസ്റ്റ് ഫാര്‍മര്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.