കരുമാല്ലൂര്‍: കാര്‍ഷിക സമ്പന്നതയാല്‍ പച്ചപുതച്ച ചെറിയ തേയ്ക്കാനം തുരുത്ത് ഇപ്പോള്‍ അറിയപ്പെടുന്നത് ജില്ലയിലെ 'പച്ചക്കറിഗ്രാമം' എന്നാണ്. പെരിയാറിന്റെ തീരത്തായി എക്കലടിഞ്ഞ് രൂപപ്പെട്ട ചെറിയ തേയ്ക്കാനം തുരുത്ത്, കുന്നുകര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ പ്രദേശമാണ്. എക്കലടിഞ്ഞ വളക്കൂറിനു പുറമെ, പെരിയാറിന്റെ ശുദ്ധജല സമ്പന്നതയുമാണ് ഈ ഗ്രാമത്തിനു കിട്ടിയിട്ടുള്ള നേട്ടങ്ങള്‍ക്കെല്ലാം കാരണം. 

ജലക്ഷാമം ഒരിക്കലുമില്ലാത്ത വിധം ഒരുവശം പെരിയാറും മറുവശം ചാലക്കുടിയാറും ഈ തുരുത്തിനെ ചേര്‍ന്നൊഴുകുന്നു. അതുകൊണ്ടുതന്നെ, ഒരേസമയം വിവിധതരം കൃഷികള്‍ ചെയ്താണ് ഇവിടത്തെ കര്‍ഷകര്‍ നേട്ടമുണ്ടാക്കുന്നത്. വാഴകൃഷിക്കു പുറമെ പടവലം, പാവല്‍, പീച്ചില്‍ എന്നിങ്ങനെയുള്ള പന്തല്‍കൃഷികളും ഒപ്പം മത്തനും കുമ്പളവുമെല്ലാം വിളവെടുക്കുന്നു. എല്ലാത്തിനും ഇടവിളയായി പയറും ഉണ്ടാകും. 

ഇങ്ങനെ, ഒരു സീസണില്‍ മാത്രം ഇവിടെ നിന്ന് വിപണിയിലേക്ക് എത്തിക്കുന്നത് 150 ടണ്‍ പച്ചക്കറികളാണ്. ഏത്തന്‍ മുതല്‍ കദളി വരെ അമ്പതിനായിരത്തോളം വാഴക്കുലകളും ഇവിടത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ചെറിയ തേയ്ക്കാനത്തുകാര്‍ക്ക് പ്രത്യേക കൃഷിരീതി തന്നെയുണ്ട്. 

മലവെള്ളം വന്നാല്‍ പെട്ടെന്ന് മുങ്ങിപ്പോകുന്ന പ്രദേശമായതിനാല്‍ കര്‍ക്കടകം കഴിയുന്നതോടെ മാത്രമേ പല കൃഷിയും തുടങ്ങാറുള്ളു. വാഴകൃഷി മറ്റുള്ള പ്രദേശങ്ങളേക്കാള്‍ നേരത്തേയുമാക്കും. ഇത്തരത്തില്‍ കൃത്യമായ കാലംനോക്കി കൃഷി ചെയ്യുന്നതുകൊണ്ട് കീടങ്ങളുടെ ശല്യവും കുറവാണ്. 

കൃഷിവകുപ്പിന്റെ സംസ്ഥാന പുരസ്‌കാരമായ 'ഹരിതമിത്രം', 'ഹരിതകീര്‍ത്തി' എന്നീ പുരസ്‌കാരങ്ങള്‍ക്കു പുറമെ, കാര്‍ഷിക സര്‍വകലാശാലയുടെ പങ്കാളിത്ത ഗവേഷണകനായും ചെറിയ തേയ്ക്കാനം സ്വദേശി എ.പി. വേണുഗോപാലിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 

മറ്റൊരു കര്‍ഷകനായ കെ.എ. സത്യനും സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടി. പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍കംബ്രിഡ്ജ് വന്നതോടെ 'ദ്വീപ്' എന്ന അവസ്ഥയൊക്കെ മാറി. ഇവിടത്തെ കര്‍ഷരുടെ ശ്രമഫലമായാണ് വയല്‍ക്കരയില്‍ നിര്‍മിക്കേണ്ട പാലം ചെറിയ തേയ്ക്കാനത്തേക്കു വന്നത്. സഞ്ചാരസൗകര്യം മാത്രമല്ല, ഇവര്‍ ആഗ്രഹിച്ചത്.

റഗുലേറ്റര്‍ വയല്‍ക്കരയില്‍ നിര്‍മിച്ചാല്‍ ചെറിയതേയ്ക്കാനം ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ടുപോകും. അതുകൊണ്ട്, കര്‍ഷകര്‍ പച്ചക്കറികള്‍ കൊണ്ട് ശവമഞ്ചമൊരുക്കി ജലസേചനവകുപ്പ് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചാണ് പാലം ഇവിടെ നിര്‍മിക്കാനുള്ള അനുമതി നേടിയെടുത്തത്.