തൃപ്പൂണിത്തുറ: പൂത്തോട്ടയില്‍ നിന്ന് ബോട്ടില്‍ പത്തു മിനിറ്റോളം കായല്‍ കടന്നു വേണം പെരുമ്പളമെന്ന ദ്വീപിലേക്കെത്താന്‍. നാലുവശവും കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം. ഇവിടെയാണ് ചാത്തനാട്ട് അപ്പുക്കുട്ടനെന്ന കര്‍ഷകന്‍ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് തന്റെ മണ്ണില്‍ പൊന്നു വിളയിക്കുന്നത്.appukkuttan

വെല്ലുവിളിയെന്നാല്‍ ഈ കര്‍ഷകനെ സംബന്ധിച്ചിടത്തോളം ആദ്യമൊന്നും അതത്ര നിസ്സാരമായി കാണാവുന്നതായിരുന്നില്ല. ഏതാനും വര്‍ഷം മുമ്പ് തടിമില്ലിലെ യന്ത്രത്തിനുള്ളില്‍ കുടുങ്ങി ഇടതു കൈപ്പത്തി അറ്റുപോയി. എന്നാല്‍ തൂമ്പ പിടിക്കാനിനി ഇടതു കൈപ്പത്തിയുടെ താങ്ങില്ലെന്നറിഞ്ഞിട്ടും പിന്‍മാറാന്‍ ഇദ്ദേഹം ഒരുക്കമായിരുന്നില്ല. ആസ്പത്രി ജീവിതത്തിനു ശേഷം പതുക്കെ വീണ്ടും മണ്ണിലേക്കിറങ്ങി. ഇടതകൈയില്‍ പാദത്തിനു മുകളിലായി തൂമ്പ പിടിച്ച് കിളയ്ക്കാന്‍ ശ്രമം തുടങ്ങി. ആദ്യമെല്ലാം വേദന കൊണ്ട് ശ്രമത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. എന്നാല്‍ പതുക്കെ പതുക്കെ സ്വന്തം പരിമിതികളറിഞ്ഞെന്നോണം ഇടതുകൈ തൂമ്പയ്ക്കു വഴങ്ങിത്തുടങ്ങി. ആറേഴു മാസത്തെ ഇടവേളയ്ക്കു ശേഷം അപ്പുക്കുട്ടന്‍ വീണ്ടും മണ്ണിലേക്ക്...

ഇപ്പോള്‍ സ്വന്തം സ്ഥലത്തായി വാഴ, പച്ചക്കറികള്‍, വെറ്റില, മരച്ചീനി, നിലക്കടല, മധുരക്കിഴങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്യുന്നുണ്ട്. വീടിനു സമീപത്തെ പറമ്പില്‍ ഒരേക്കറോളം സ്ഥലത്തായി കൃഷി ചെയ്ത 'ഐ.ആര്‍.അഞ്ച് ' നെല്ല് കൊയ്യാന്‍ പാകമായിക്കഴിഞ്ഞു. ഇരുപതോളം തെങ്ങുകളിലായി കുരുമുളകും വെറ്റിലയുമാണ് പടര്‍ത്തിയിരിക്കുന്നത്. കായലിനു നടുക്കുള്ള പ്രദേശമായതിനാല്‍ മണല്‍ക്കൂട്ടുള്ള മണ്ണാണിവിടെ. തെങ്ങൊഴിച്ചുള്ളവ ഇത്തരം മണ്ണില്‍ വളരാന്‍ ഏറെ ബുദ്ധിമുട്ടാണെന്നിരിക്കെയാണ് അപ്പുക്കുട്ടന്‍ ഈ മണ്ണില്‍ പൊന്നുവിളയിച്ചെടുക്കുന്നത്. 

കിളയ്ക്കല്‍ ജോലികളെല്ലാം ഒറ്റയ്ക്കാണ്. രാവിലെ മൂന്നരയ്‌ക്കെഴുന്നേറ്റ് കൃഷിയിടത്തിലേക്കിറങ്ങും. വീടിനു സമീപത്തെ കുളത്തില്‍ നിന്ന് വെള്ളം കോരിയെടുത്താണ് പച്ചക്കറികള്‍ക്കു നനയ്ക്കുക. നെല്ലിനു മാത്രം മോേട്ടാറില്‍ വെള്ളമെത്തിക്കും. ബോട്ടില്‍ കയറ്റി നഗരത്തിലേക്കു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പച്ചക്കറികളും തേങ്ങയും ദ്വീപിലെ കടകളില്‍ തന്നെയാണ് അപ്പുക്കുട്ടന്‍ വില്‍ക്കുന്നത്. കുടമ്പുളിയും കുരുമുളകുമെല്ലാം കൊച്ചിയിലെ മാര്‍ക്കറ്റിലേക്ക് കൊണ്ടുവരും. വൈകല്യത്തെ അതിജീവിച്ചും കൃഷിയില്‍ വിജയഗാഥ രചിച്ച അപ്പുക്കുട്ടനെ തേടി കൃഷിവകുപ്പിന്റെയടക്കം നിരവധി പുരസ്‌കാരങ്ങളും എത്തിക്കഴിഞ്ഞു. ഭാര്യ ശാരദയുടെയും മകന്‍ നന്ദുവിന്റെയും എല്ലാ പിന്തുണയും കൃഷിയിടത്തില്‍ കൂട്ടായി അപ്പുക്കുട്ടനോടൊപ്പമുണ്ട്.