കോട്ടയം: മൂന്നേക്കറോളം വരുന്ന കൂത്രപ്പള്ളി പന്തമാക്കല്‍ തോമസ് ജോസഫി(ബേബിച്ചന്‍)ന്റെ കൃഷിയിടം ബഹുവിധവിളകളാല്‍ സമൃദ്ധം. പ്രായം 67 പിന്നിട്ടിട്ടും ഈ കര്‍ഷകന് മണ്ണിനോടുള്ള പ്രണയം ഇന്നും നിലനില്‍ക്കുന്നു. ജോസഫിന്റെ കൃഷിയിടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. കപ്പ, ചേന, വാഴ, തെങ്ങ്, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍, ഒപ്പം കരനെല്ലിലും പരീക്ഷണം നടത്തി വജയിച്ചിരിക്കുകയാണ് ഇദ്ദേഹം.

kkകുട്ടനാട്ടിലെ ചുള്ളിക്കുന്നില്‍ ജനിച്ച ജോസഫ് കണ്ടതും അറിഞ്ഞതും പഠിച്ചതും എല്ലാം കൃഷിയുടെ പാഠങ്ങളായിരുന്നു. ചെറുപ്പംമുതല്‍ കൃഷിയോട് തോന്നിയ താല്പര്യം ജോസഫിനെ കൂടുതല്‍ സ്ഥലം വാങ്ങുവാനായി പ്രേരിപ്പിച്ചു. 1978ലാണ് ഇദ്ദേഹവും കുടുംബവും കൂത്രപ്പള്ളിയില്‍ എത്തിയത്. അന്നുവാങ്ങിയ മൂന്നേക്കറില്‍ ആരംഭിച്ച കൃഷികള്‍ വിജയവീഥികളിലൂടെ ഇവിടെയെത്തി നില്‍ക്കുന്നു. ഒപ്പം വളര്‍ത്തു മൃഗങ്ങളെയും ജോസഫ് സ്‌നേഹിച്ചു തുടങ്ങി. നൂറോളം കോഴികള്‍, ആയിരക്കണക്കിന് മത്സ്യങ്ങള്‍ തുടങ്ങി എല്ലാം ഇന്ന് ജോസഫിന്റെ കൃഷിയിടത്തിലുണ്ട്.

1992ല്‍ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നല്‍കി കറുകച്ചാല്‍ കൃഷിഭവന്‍ ഇദ്ദേഹത്തെ ആദരിച്ചു. ഇതോടെ ജോസഫിലെ കര്‍ഷകന്‍ കൃഷിയെ കൂടുതല്‍ സ്‌നേഹിക്കാന്‍ ആരംഭിച്ചു. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് പരിശീലനവും നേടി. ഇതോടെ കൃഷി കൂടുതല്‍ വ്യാപിച്ചു. ആധുനിക കൃഷിരീതികളെപ്പറ്റി മനസ്സിലാക്കിയ ഇദ്ദേഹം എല്ലാ വിളകളില്‍നിന്നും നൂറുമേനി കൊയ്തു.

കൃഷിയുടെ കൂടുതല്‍ പാഠങ്ങള്‍ പഠിക്കാനായി അന്യദേശത്തുനിന്നുപോലും ആളുകള്‍ ജോസഫിനെ തേടിയെത്തി. 2015ല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ മികച്ച കര്‍ഷകനായും തിരഞ്ഞെടുത്തു. എല്ലാ ജോലികള്‍ക്കും ജോസഫിന് താങ്ങായി ഭാര്യ തങ്കമ്മയും ഒപ്പമുണ്ട്. ഒട്ടനവധി കാര്‍ഷിക പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ജോസഫ് ചേട്ടനെ കര്‍ഷകദിനമായ വ്യാഴാഴ്ച കറുകച്ചാല്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ആദരിക്കും.